Quantcast

യുഎഇയിലെ അസാധാരണ ഗന്ധം: ഉറവിടം കണ്ടെത്താൻ പരിശോധന; ആശങ്ക വേണ്ടെന്ന് അധികൃതർ

പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും പ്രാദേശിക അധികൃതരും സംയുക്തമായാണ് പരിശോധന നടത്തുന്നത്

MediaOne Logo

Gulf Desk

  • Published:

    21 Oct 2026 3:38 PM IST

യുഎഇയിലെ അസാധാരണ ഗന്ധം: ഉറവിടം കണ്ടെത്താൻ പരിശോധന; ആശങ്ക വേണ്ടെന്ന് അധികൃതർ
X

ദുബൈ: യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെട്ട അസാധാരണ ഗന്ധത്തിന്‍റെ ഉറവിടം കണ്ടെത്താൻ അധികൃതർ പരിശോധന തുടരുന്നു. ഗന്ധം സംബന്ധിച്ച്​ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യക്​തമാക്കി. ഗന്ധത്തിന്‍റെ ഉറവിടം കണ്ടെത്തുന്നതിനും അത് കുറച്ച് വേഗത്തിൽ ഇല്ലാതാക്കുന്നതിനുമുള്ള നടപടികൾ തുടരുകയാണ്. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും പ്രാദേശിക അധികൃതരും സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഷാർജയിലും സമീപ എമിറേറ്റുകളിലും ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് ലഭിച്ച പരാതികളിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്റ്റനന്‍റ്​ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിർ വ്യക്തമാക്കി. ജനങ്ങൾക്ക് ഭീഷണിയുയർത്തുന്ന സാഹചര്യമില്ലെന്നും സ്ഥിതി സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച മുതൽ ഷാർജ, അജ്മാൻ, ദുബൈ എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളിൽ ഇന്ധനം/ ഗ്യാസ്​ ഗന്ധത്തിന് സമാനമായ രൂക്ഷഗന്ധം അനുഭവപ്പെട്ടതായി താമസക്കാർ പരാതിപ്പെട്ടിരുന്നു. ദുബൈയിലെ അൽ നഹ്ദ, മംസാർ, ദൈറ എന്നിവിടങ്ങളിലും ഷാർജയിലെ ഖാസിമിയ, റഹ്മാനിയ മേഖലകളിലും അജ്മാനിലെ നുഐമിയ, കോർണിഷ്, അൽ റാഷിദിയ പ്രദേശങ്ങളിലും ഗന്ധം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഗന്ധത്തിന്‍റെ യഥാർഥ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും മുൻകരുതൽ നടപടികൾ ആവശ്യമാകുന്ന തരത്തിൽ മാറ്റങ്ങളുണ്ടായാൽ ജനങ്ങളെ അറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഊഹാപോഹങ്ങൾ ഒഴിവാക്കി ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരണമെന്നും അധികൃതർ നിർദേശിച്ചു.


Next Story