ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് ലൈബ്രറിയിലേക്ക് സന്ദർശക പ്രവാഹം
ഏഴുനിലകളിലായി സജ്ജീകരിച്ച ലൈബ്രറിയിൽ 10 ലക്ഷത്തിലധികം പുസ്തകങ്ങളുണ്ട്.

വായനയുടെ പുതിയ ലോകം തുറന്നുവെച്ച ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് ലൈബ്രറിയിലേക്ക് സന്ദർശക പ്രവാഹം. ജൂൺ 16 മുതൽ പൊതുജനങ്ങൾക്കായി തുറന്ന ഗ്രന്ഥാലയത്തിലേക്ക് ഇതിനകം 40,000 സന്ദർശകരെത്തി. ഇവരിൽ വ്യത്യസ്ത പ്രായക്കാരും രാജ്യക്കാരുമുണ്ട്.
ലൈബ്രറിയെ നന്നായി ഉപയോഗപ്പെടുത്തിയ സന്ദർശകർ 14,000പുസ്തകങ്ങൾ ഇതിനോടകം വായിച്ചതായാണ് കണക്കുകൾ. പ്രവേശനത്തിനായി 34,000 ടിക്കറ്റുകളും ഇവിടുത്തെ എക്‌സിബിഷനായി 3,000 ടിക്കറ്റുകളും നൽകി.
സന്ദർശകർ ലൈബ്രറിയിൽ അഞ്ച് മണിക്കൂർ വരെ ചിലവഴിക്കുന്നുണ്ട്. ഇവരിൽ 5വയസുള്ള കുട്ടികൾ മുതൽ 60 പിന്നിട്ടവർ വരെയുണ്ട്.
പീരിയോഡിക്കൽ ലൈബ്രറി, ചിൽഡ്രൻസ് ലൈബ്രറി, യങ് അഡൾട്ട്സ് ലൈബ്രറി, എമിറേറ്റ്സ് ലൈബ്രറി, ജനറൽ ലൈബ്രറി എന്നിവയാണ് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച വിഭാഗങ്ങൾ. മീഡിയ ആൻറ് ആർട്ട് ലൈബ്രറി, ബിസിനസ് ലൈബ്രറി, മാപ്സ് ആൻഡ് അറ്റ്ലസസ് ലൈബ്രറി എന്നിവ സന്ദർശിച്ചവരും ഏറെയുണ്ട്. ചെറിയ കാലയളവിൽ സന്ദർശകരുടെയും അംഗങ്ങളുടെയും എണ്ണത്തിൽ വലിയ നേട്ടം കൈവരിക്കാനായത് മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയുടെ വിജയമാണെന്ന് ലൈബ്രറി ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗം ഡോ. മുഹമ്മദ് സലീം അൽ മസ്‌റൂയി പറഞ്ഞു.പശ്ചിമേഷ്യ-വടക്കനാഫ്രിക്ക മേഖലയിലെ ഏറ്റവും വലിയ ഗ്രന്ഥാലയം ജൂണിൽ ദുബൈ ഭരണാധികാരിയായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഉദ്ഘാടനം ചെയ്തത്.
ഏഴുനിലകളിലായി സജ്ജീകരിച്ച ലൈബ്രറിയിൽ 10 ലക്ഷത്തിലധികം പുസ്തകങ്ങളുണ്ട്. ക്രീക്കിൻറെ തീരത്താണ് തുറന്നുവെച്ച പുസ്തക രൂപത്തിൽ ഇതിനായി കെട്ടിടം പണിതുയർത്തിയത്. 100കോടി ദിർഹം ചിലവഴിച്ചാണ് ലൈബ്രറിയുടെ നിർമാണം പൂർത്തിയാക്കിയത്. ഒരു ദശലക്ഷം സ്‌ക്വയർ ഫീറ്റിൽ നിർമിച്ച കെട്ടിടത്തിൽ പുസ്തകങ്ങൾക്ക് പുറമെ 60ലക്ഷത്തിലേറെ ഗവേഷണ പ്രബന്ധങ്ങളും ഒമ്പത് പ്രത്യേക വിഷയങ്ങളിലെ സബ് ലൈബ്രറികളുമുണ്ട്. പുത്തൻ സാങ്കേതി വിദ്യ ഉപയോഗപ്പെടുത്തി എല്ലാ നവീന സൗകര്യങ്ങളും ഒരുക്കിയ ലൈബ്രറിയിൽ ഇ-ബുക്കുകൾ, ഓഡിയോ, വീഡിയോ ബുക്കുകൾ, ബ്രെയ്‌ലിബുക്കുകൾ എന്നിവയുടെ ശേഖരവുമുണ്ട്.
Adjust Story Font
16

