'പ്രായമേറും കാലത്ത് പ്രിയമേറും ജീവിതം'; പ്രവാസ ലോകത്തും യങ് സീനിയേഴ്‌സ്
പ്രഥമ യുഎഇ ചാപ്റ്റർ പ്രസിഡന്റായി യുഎഇയിലെ സാമൂഹിക പ്രവർത്തകനും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റുമായ നിസാർ തളങ്കരയെ തിരഞ്ഞെടുത്തു.

'പ്രായമേറും കാലത്ത് പ്രിയമേറും ജീവിതം' എന്ന യങ് സീനിയേഴ്സ് ഫൗണ്ടേഷന്റെ സന്ദേശവും പ്രവർത്തനങ്ങളും ജിസിസി രാഷ്ട്രങ്ങളിലും പ്രവാസികൾക്കിടയിലും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി യങ് സീനിയേഴ്‌സ് യുഎഇ ചാപ്റ്റർ രുപീകരിച്ചു. പ്രഥമ യുഎഇ ചാപ്റ്റർ പ്രസിഡന്റായി യുഎഇയിലെ സാമൂഹിക പ്രവർത്തകനും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റുമായ നിസാർ തളങ്കരയെ തിരഞ്ഞെടുത്തു.
ഒരു പ്രായം കഴിഞ്ഞാൽ മനുഷ്യർ ഒതുങ്ങിക്കൂടേണ്ടവരാണെന്നും, പുതുതലമുറക്ക് വേണ്ടി വഴി മാറിക്കൊടുക്കേണ്ടവരാണെന്നുമുള്ള കാഴ്ചപ്പാടുകളെയും സാമൂഹിക ശീലങ്ങളെയും മാറ്റിയെഴുതുകയാണ് യങ് സീനിയേഴ്സ്. മുഖ്യധാരയിൽ നിന്നും അകന്നു നിൽക്കേണ്ടവരല്ല മുതിർന്നവർ എന്ന് അവരെ ബോധ്യപ്പെടുത്തുകയും അവർക്ക് ജീവിതത്തിന്റെ ആഘോഷങ്ങളുടെയും അതിജീവനത്തിന്റെയും പുതുവാതായനങ്ങൾ തുറക്കുകയുമാണ് യങ് സീനിയേഴ്സ് ഫൗണ്ടേഷൻ.
യങ് സീനിയേഴ്സിന്റെ സന്ദേശം ഇന്ന് സമൂഹം ആവേശപൂർവ്വം ഏറ്റെടുത്തു കഴിഞ്ഞെന്ന് ഡോക്ടർ മുഹമ്മദ് ഫിയാസ് പറഞ്ഞു. മുതിർന്നവരുടെ ജീവിതം പരസ്പരം താങ്ങും തണലുമായി സ്വയം പര്യാപ്തതയുടെ സുരക്ഷിത വലയം സൃഷ്ടിക്കുകയും ജീവിതം ആഘോഷമാക്കുകയും ചെയ്യുന്ന പുതിയ ഒരു ലോകം തന്നെ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യങ് സീനിയേഴ്സ് മുതിർന്ന പൗരന്മാർക്കുവേണ്ടി പ്രവാസിമിത്ര പദ്ധതി, യങ് സീനിയേഴ്‌സ് കഫേ, യങ് സീനിയേഴ്‌സ് ബ്രിഗേഡ്, യങ് സീനിയേഴ്‌സ് എൽഡേർലി ക്ലിനിക് തുടങ്ങി നിരവധി ആരോഗ്യ സാമൂഹിക സേവനങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്. ഈ പദ്ധതികളിലേക്കുള്ള ചുവടുവെപ്പായിട്ടാണ് പ്രവാസി മേഖലകളിൽ കമ്മറ്റികൾ രൂപീകരിച്ച് അതിന്റെ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങി വെച്ചിരിക്കുന്നതെന്നും യങ് സീനിയേഴ്സ് ഫൗണ്ടേഷൻ മെമ്പർമാരായ ഡോ. മുഹമ്മദ് ഫിയാസ്, ഡോ. മുഫ്ലിഹ്, അഷ്ഫാസ് എന്നിവർ പറഞ്ഞു.
Adjust Story Font
16

