Quantcast

കരളിനെ ഹെൽത്തിയാക്കണോ? ഭക്ഷണത്തിലുൾപ്പെടുത്താം ഈ പത്ത് കാര്യങ്ങൾ

കരളിനുണ്ടാകുന്ന അസുഖങ്ങളുടെ ഒരു പ്രധാനകാരണം അരോഗ്യകരമല്ലാത്ത ഭക്ഷണശീലം തന്നെയാണ്

MediaOne Logo

Web Desk

  • Updated:

    2022-10-07 13:34:34.0

Published:

7 Oct 2022 1:28 PM GMT

കരളിനെ ഹെൽത്തിയാക്കണോ? ഭക്ഷണത്തിലുൾപ്പെടുത്താം ഈ പത്ത് കാര്യങ്ങൾ
X

ശരീരത്തിലെത്തുന്ന രാസപദാർഥങ്ങളെ നിയന്ത്രിക്കുക, ഭക്ഷണത്തിന്റെ ദഹനം ക്രമീകരിക്കുക,മാലിന്യങ്ങളെ നീക്കം ചെയ്യുക തുടങ്ങി കരൾ ശരീരത്തിൽ ചെയ്യുന്ന ജോലികൾ നിരവധിയാണ്.

കൊളസ്‌ട്രോളിന്റെ ഉത്പാദനത്തിനും ശരീരത്തിലെ കൊഴുപ്പ് നീക്കാൻ വേണ്ട പ്രോട്ടീനുകൾ ഉത്പാദിപ്പിക്കുന്നതിനും രക്തം കട്ട പിടിക്കുന്നത് തടയുന്നതിനുമെല്ലാം കരൾ കാര്യക്ഷമമായി പ്രവർത്തിക്കണം.

കരളിനുണ്ടാകുന്ന അസുഖങ്ങൾക്ക് പ്രധാനകാരണം അരോഗ്യകരമല്ലാത്ത ഭക്ഷണശീലം തന്നെയാണ്. മദ്യപാനവും ഇതിന് പ്രധാനപങ്ക് വഹിക്കുന്നു. ആരോഗ്യകരമായ ഭക്ഷണം ഉള്ളിലെത്തിക്കുന്നത് വഴി തന്നെ കരളിനുണ്ടായേക്കാവുന്ന ഒട്ടുമിക്ക അസുഖങ്ങളെയും ഒരു പരിധി വരെ അകറ്റി നിർത്താം. തൊലിയിലും കണ്ണിലും മഞ്ഞ നിറം കാണപ്പെടുക, കാലിലും മുട്ടിലും വീക്കമുണ്ടാവുക, ഛർദി, തലകറക്കം, തളർച്ച, വിശപ്പില്ലായ്മ തുടങ്ങിയവയൊക്കെ കരൾ ഫോമിലല്ലാത്തതിന്റെ ലക്ഷണങ്ങളാണ്.

കരളിന്റെ ആരോഗ്യത്തിനായി ഭക്ഷണത്തിലുൾപ്പെടുത്താവുന്ന 10 കാര്യങ്ങൾ പറയുകയാണ് ഡയറ്റീഷ്യൻ മൻപ്രീത് കൽറ

1.ബീറ്റ്‌റൂട്ട്

നാരുകൾ,മാംഗനീസ്,പൊട്ടാഷ്യം,അയൺ, വൈറ്റമിൻ സി എന്നിവ ധാരാളമടങ്ങിയിട്ടുള്ള പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. കരളിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിന് ഏറെ സഹായിക്കുന്ന ഒന്നാണ് ബീറ്റ്‌റൂട്ട് ജ്യൂസ്. ശരീരത്തിലെ മാലിന്യങ്ങളകറ്റാൻ കരളിനെ ബീറ്റ്‌റൂട്ട് അടങ്ങിയ ഭക്ഷണം ഏറെ സഹായിക്കും.

2.ഗ്രീൻ ടീ

നാല് മണിക്ക് ചായ എന്നത് നിർബന്ധമാണ് നമ്മളിൽ ഭൂരിഭാഗം ആളുകളുടെയും വീടുകളിൽ. പാൽച്ചായയോ കട്ടൻ ചായയോ ഒക്കെ കുടിക്കുന്ന ഈ സമയത്ത് ഗ്രീൻ ടീ കുടിച്ചാൽ ഫലം കാണാമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. ദിവസവും പത്ത് കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് ഉത്തമമാണെന്ന് ജാപ്പനീസ് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

3. ഒലിവ് ഓയിൽ

സാലഡ് ഡ്രസിംഗുകൾക്കാണ് സാധാരണ ഒലിവ് ഓയിൽ ഉപയോഗിക്കുന്നത്. കരളിലെ കൊഴുപ്പ് നീക്കുന്നതിനും രക്തയോട്ടം സുഗമമാക്കുന്നതിനും ഒലിവ് ഓയിൽ മികച്ച ഓപ്ഷൻ ആണ്.

4. പാൽ മുൾപ്പടർപ്പ്

പൂക്കളുണ്ടാകുന്ന ഒരു തരം ഔഷധമാണിത്. കരൾ രോഗങ്ങളകറ്റാൻ 1 ക്യാപ്‌സ്യൂൾ പാൽ മുൾപ്പടർപ്പ് ഭക്ഷണത്തിന് മുമ്പ് കഴിക്കുന്നത് നന്നാവും.

5. ബ്രോക്കൊളി,ക്യാബേജ്

ബ്രോക്കൊളി,കോളിഫ്‌ളവർ,ക്യാബേജ് തുടങ്ങിയ പച്ചക്കറികൾ കരളിലുള്ള എൻസൈമുകളുടെ പ്രവർത്തനം ഉത്തേജിപ്പിക്കുന്നു.

6. വാൾനട്ട്

വെള്ളത്തിൽ കുതിർത്ത വാൾനട്ട് രാവിലെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനോളം ഉപകാരപ്പെടുന്ന ഒന്നില്ലെന്നാണ് ഡയറ്റീഷ്യന്മാർ ഒരേ സ്വരത്തിൽ പറയുന്നത്. ഫാറ്റി ലിവർ അസുഖങ്ങൾ കുറയ്ക്കാൻ ഈ ശീലത്തിനാവും.

7. മഞ്ഞൾ

കരളിനും ശരീരത്തിന്റെയാകെ ആരോഗ്യത്തിനും മഞ്ഞളിനോളം ഫലം ചെയ്യുന്ന ഒന്നില്ല. 250 മി.ലി വെള്ളത്തിൽ 1/4 ടേബിൾ സ്പൂൺ മഞ്ഞൾ കലക്കി കുടിക്കുന്നത് കരളിന് നല്ലതാണ്. വൈകിട്ട് ചായയ്ക്ക് പകരം ഇതും പരീക്ഷിക്കാം.

8. നാരങ്ങ

നാരങ്ങാവെള്ളമോ നാരങ്ങ ചേർത്ത കറികളോ ഒക്കെ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.

9. ആപ്പിൾ

മാലിന്യമകറ്റി ശരീരം ശുദ്ധിയാക്കാൻ ബെസ്റ്റ് ആണ് ആപ്പിൾ. ഭക്ഷണത്തിന്റെ ഇടവേളയിൽ ഏകദേശം 11 മണിയോടെ ആപ്പിൾ കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.

10. ലിവർ ഡീറ്റോക്‌സ് സ്മൂത്തി

ഹെൽത്തി ലിവറിനായി പരീക്ഷിക്കാവുന്ന ഒരു സ്മൂത്തിയുടെ റെസിപ്പി ഇതാ...

ആവശ്യമായ ചേരുവകൾ:

കുകുംബർ-1

പുതിനയില-1 പിടി

സെലറി- 2 കെട്ട്

ആപ്പിൾ- 1/2

കല്ലുപ്പ്- ഒരു നുള്ള

ഇഞ്ചി ഗ്രേറ്റ് ചെയ്തത്- 1/4 ടീസ്പൂൺ

കറുവപ്പട്ട- ഒരു നുള്ള്

നാരങ്ങ-1/2

കുരുമുളക്- ഒരു നുള്ള്

കസ്‌കസ്- 1 ടീസ്പൂൺ

തേങ്ങാവെള്ളം-200 മില്ലിമീറ്റർ

തയ്യാറാക്കേണ്ട വിധം

പച്ചക്കറികൾ കഴുകി വൃത്തിയാക്കിയ ശേഷം ചെറുതായി അരിയുക. എല്ലാ ചേരുവകളും ബ്ലെൻഡറിൽ നല്ലപോലെ അരയ്ക്കണം. ശേഷം നാരങ്ങാനീരൊഴിച്ച ശേഷം കസ്‌കസ് മുകളിൽ വിതറി അലങ്കരിക്കുക.

TAGS :

Next Story