Quantcast

ക്യാന്‍സര്‍ ബാധിച്ച് മരിക്കുന്നവരില്‍ 70% പേരും വരുമാനം കുറഞ്ഞ രാജ്യങ്ങളിലാണെന്ന് ലോകാരോഗ്യ സംഘടന

MediaOne Logo

Jaisy

  • Published:

    30 May 2018 1:29 PM GMT

2030 ഓടെ പുതുതായി 21.6 ദശലക്ഷം പേര്‍ കൂടി ലോകത്ത് ക്യാന്‍സര്‍ ബാധിതരാകുമെന്നും യോഗം വിലയിരുത്തി

ലോകത്ത് ക്യാന്‍സര്‍മൂലം മരണം സംഭവിക്കുന്നതില്‍ 70 ശതമാനം പേരും വരുമാനം കുറഞ്ഞ രാജ്യങ്ങളിലാണെന്ന് ലോകാരോഗ്യ സംഘടന. മിക്ക രാജ്യങ്ങളിലും രോഗം കണ്ടെത്താനുള്ള സംവിധാനങ്ങളില്ലെന്നും ഡബ്ല്യൂ എച്ച് ഒയുടെ വേള്‍ഡ് ഹെല്‍ത്ത് അസംബ്ലി വിലയിരുത്തി. 2030 ഓടെ പുതുതായി 21.6 ദശലക്ഷം പേര്‍ കൂടി ലോകത്ത് ക്യാന്‍സര്‍ ബാധിതരാകുമെന്നും യോഗം വിലയിരുത്തി.

ജനീവയില്‍ ചേര്‍ന്ന 17 -ാമത് വേള്‍ഡ് ഹെല്‍ത്ത് അസബ്ലിയിലാണ് ക്യാന്‍സര്‍ സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ലോകത്തില്‍ മരണത്തിലേക്ക് നയിക്കുന്ന രണ്ടാമത്തെ വലിയ കാരണം ക്യാന്‍സറാണെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കണക്കുകള്‍ പ്രകാരം ലോകത്ത് പ്രതിദിനം മരിക്കുന്ന ആറില്‍ ഒരാള്‍ ക്യാന്‍സര്‍ ബാധിതനാണ്. ക്യാന്‍സര്‍ ബാധിച്ച് മരണമടയുന്നവരില്‍ 70 ശതമാനവും വരുമാനം കുറഞ്ഞരാഷ്ട്രങ്ങളിലാണ്. 30 ശതമാനം രാജ്യങ്ങളിലും രോഗനിര്‍ണയത്തിനോ ചികിത്സയ്ക്കോ ഉള്ള സൌകര്യങ്ങളില്ല. ക്യാന്‍സര്‍ ചികിത്സ രോഗികള്‍ക്ക് താങ്ങാവുന്നതിലുമേറെയാണെന്നും സമ്മേളനം വിലയിരുത്തി. ക്യാന്‍സര്‍ രോഗത്തിനുള്ള മരുന്നിന്റെ പരീക്ഷണങ്ങള്‍ക്കായി ധാരാളം പണം ചിലവിടുന്നുണ്ടെങ്കിലും അതിന്റെ ഗുണം രോഗികള്‍ക്ക് ലഭിക്കുന്നില്ലെന്നും ഡബ്ല്യൂ എച്ച് ഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2012 ല്‍ 14.1 ദശലക്ഷം പേരാണ് പുതുതായി ക്യാന്‍സര്‍ ബാധിതരായത്. എന്നാലിത് 2030 ഓടെ 21.6 ദശലക്ഷമായി ഉയരുമെന്നും ഡബ്ല്യൂ എച്ച് ഒ വിലയിരുത്തി . രോഗം നേരത്ത കണ്ടെത്തുകയെന്നത് മാത്രമാണ് ഇതിന് പ്രതിവിധിയെന്നും ഇതിന് രാജ്യങ്ങളുമായി സഹകരിച്ച് ഐക്യരാഷ്ട്ര സംഘടന പ്രവര്‍ത്തിക്കണമെന്നും സമ്മേളനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.

TAGS :

Next Story