Quantcast

പഴങ്ങളിലെയും പച്ചക്കറികളിലെയും വിഷാംശം കളയാന്‍ പത്തു മാര്‍ഗങ്ങള്‍

തണുത്ത വെള്ളത്തില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും കുറെ നേരമെടുത്തു കഴുകിയാല്‍ അവയുടെ തൊലിപ്പുറത്തുള്ള അണുക്കളും മാലിന്യങ്ങളും ഒഴിവാക്കാന്‍ പറ്റും

MediaOne Logo

Web Desk

  • Published:

    18 Oct 2018 6:47 AM GMT

പഴങ്ങളിലെയും പച്ചക്കറികളിലെയും വിഷാംശം കളയാന്‍ പത്തു മാര്‍ഗങ്ങള്‍
X

വിഷമയമില്ലാത്ത പഴങ്ങളും പച്ചക്കറികളും ഇന്നത്തെ കാലത്ത് ഒരു സ്വപ്നം മാത്രമാണ്. ജൈവമെന്ന് എത്ര പറഞ്ഞാലും സ്വന്തം വീട്ടില്‍ കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറികളെ പോലെ ഒന്നിനെയും വിശ്വസിക്കാന്‍ സാധിക്കില്ല. വിപണിയില്‍ കിട്ടുന്ന പല പഴവര്‍ഗങ്ങളും മാസങ്ങളോളം കേട് കൂടാതിരിക്കുന്നതിന് കാരണവും ഇവയില്‍ ചേര്‍ക്കുന്ന രാസവസ്തുക്കള്‍ തന്നെയാണ്. എന്നാല്‍ പഴങ്ങളിലെയും പച്ചക്കറികളിലെയും വിഷാംശം ഒരു പരിധി വരെ നമുക്ക് ഒഴിവാക്കാന്‍ സാധിക്കും. ഇതാ ചില മാര്‍ഗങ്ങള്‍.

1 . തണുത്ത വെള്ളത്തില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും കുറെ നേരമെടുത്തു കഴുകിയാല്‍ അവയുടെ തൊലിപ്പുറത്തുള്ള അണുക്കളും മാലിന്യങ്ങളും ഒഴിവാക്കാന്‍ പറ്റും.

2. പച്ചക്കറികളും പഴവര്‍ഗങ്ങളും കുറെനേരം ഉപ്പുവെള്ളത്തില്‍ മുക്കിവച്ചാല്‍ അതിനു പുറത്തെ രാസവസ്തുക്കളും ബാക്ടീരിയകളും കീടനാശിനിയംശങ്ങളും ഇല്ലാതാകും. ഉപ്പുവെള്ളത്തിനു ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവുണ്ട്.

3. പഴങ്ങളുടെയും പച്ചക്കറികളുടെയും തൊലിപ്പുറത്താണ് കൂടുതല്‍ മാലിന്യവും അണുക്കളും രാസവസ്തുക്കളും ഒട്ടിപ്പിടിക്കുന്നത്. അതിനാല്‍ തൊലി ചെത്തിക്കളഞ്ഞാല്‍ അവയിലെ വിഷാംശങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാനാവും.

4. വെള്ളം നന്നായി തിളപ്പിച്ച ശേഷം പഴങ്ങളും പച്ചക്കറികളും അവയില്‍ 15 സെക്കന്‍ഡ് മുതല്‍ ഒരു മിനിട്ട് വരെ മുക്കിവച്ചശേഷം അവിടെനിന്നെടുത്തു നന്നായി തണുത്തവെള്ളത്തില്‍ വയ്ക്കുക. ഇത് അവയിലെ മാലിന്യങ്ങളും അണുക്കളും ഇല്ലാതാക്കാന്‍ സഹായിക്കും.

5. നാരങ്ങാ നീരിലോ സിട്രിക് ആസിഡിലോ കഴുകുക. പകുതി മുറിച്ച നാരങ്ങയുടെ നീരോ അല്പം സിട്രിക് ആസിഡോ വെള്ളത്തില്‍ കലക്കിയ ശേഷം പച്ചക്കറിയോ പഴങ്ങളോ അതില്‍ മുക്കിയാല്‍ അതിലെ മാലിന്യവും അണുക്കളും ഇല്ലാതാകും.

6. കടകളില്‍ നിന്നു വാങ്ങുന്ന പല പഴങ്ങളിലും പ്രത്യേകിച്ച് ആപ്പിളില്‍ മെഴുകിന്റെ ആവരണമുണ്ടാകാം. അത് അകത്തു ചെല്ലുന്നത് ശരീരത്തിന് അപകടമുണ്ടാക്കും. അതിനാല്‍ കത്തിയോ നഖമോ ഉപയോഗിച്ച് അത് ചുരണ്ടിക്കളയണം. അതിനു പറ്റിയ ബ്രഷുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമായേക്കാം.

7. നമ്മുടെ അടുക്കളയില്‍ നാം തന്നെ ഒരു ലായനി ഉണ്ടാക്കിവയ്ക്കുക. നാരങ്ങാനീരും ബേക്കിംഗ് സോഡയും വെള്ളത്തില്‍ കലര്‍ത്തിയ ലായനി. ഇതു പഴങ്ങളിലോ പച്ചക്കറികളിലോ സ്പ്രേ ചെയ്ത് 8-10 മിനിറ്റിനു ശേഷം വെള്ളത്തിലിട്ടു കഴുകി ഉപയോഗിക്കുക. അവയ്ക്കു പുറത്തുള്ള കീടനാശിനി അംശങ്ങള്‍ ഇല്ലാതാകും.

8. കടകളില്‍ കിട്ടുന്ന സ്‌പ്രേകള്‍. എന്നാല്‍, മിതമായി മാത്രമേ അതുപയോഗിക്കാവൂ. കാരണം അതിലെ രാസവസ്തുക്കള്‍ ചിലപ്പോള്‍ ദോഷകരമായേക്കാം.

9. പുരാതനകാലം മുതല്‍ മഞ്ഞള്‍ വിവിധ ഔഷധങ്ങള്‍ക്കായും മാലിന്യവും വിഷാംശവും അണുക്കളും നീക്കാനും ഉപയോഗിക്കുന്നുണ്ട്. ഒരു ടീസ്പൂണ്‍ മഞ്ഞള്‍പൊടി വെള്ളത്തിലിട്ടു കലക്കിയ ശേഷം അതില്‍ പഴങ്ങളും പച്ചക്കറികളും മുക്കിവയ്ക്കുക.

10.പത്തു ശതമാനം വിനാഗിരി ലായനി 90 ശതമാനം വെള്ളത്തിലിട്ടു കലക്കിയശേഷം പഴങ്ങളും പച്ചക്കറികളും 15- 20 മിനിട്ടുനേരം അതില്‍ മുക്കിവയ്ക്കുക. തുടര്‍ന്നു നന്നായി കഴുകിയെടുക്കുക. വിനാഗിരിയുള്ളതിനാല്‍ രാസവസ്തുക്കളും അണുക്കളുമൊക്കെ ഒരു പരിധി വരെ ഇല്ലാതാകും.

TAGS :

Next Story