30 കഴിഞ്ഞ പുരുഷനാണോ നിങ്ങള്‍; ഈ പരിശോധനകള്‍ നടത്തിയോ?
എന്തൊക്കെയാണ് പ്രായമാകുന്തോറും പുരുഷന്മാരെ ബാധിക്കാനിടയുള്ള പ്രധാന അസുഖങ്ങളെന്ന്

പരസ്യങ്ങള്‍ എപ്പോഴും ജാഗ്രത കാണിക്കുന്നത് 30 കഴിഞ്ഞ സ്ത്രീയുടെ ആരോഗ്യത്തിന്റെ കാര്യത്തിലാണ്. എല്ലിന്റെ ആരോഗ്യം, കാത്സ്യത്തിന്റെ കുറവ്, സൌന്ദര്യ സംരക്ഷണം തുടങ്ങി അവളുടെ ആരോഗ്യത്തെ കുറിച്ച് ഓര്‍മപ്പെടുത്താന്‍ കമ്പോളം മത്സരിക്കുകയാണ്.
30 കഴിഞ്ഞ പുരുഷന്‍ പൂര്‍ണ ആരോഗ്യവാനാണോ, അവന്റെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട പ്രായമേതാണ്. സംശയമെന്ത് 30 കളിലെ പുരുഷന്‍ തന്റെ ആരോഗ്യത്തിന് നല്ല ശ്രദ്ധ കൊടുക്കണം. കാരണം, സ്ത്രീയായാലും പുരുഷനായാലും ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാവുന്നത് പ്രായം കൂടി വരുന്നതിന് അനുസരിച്ചാണ്. രോഗം പിടിമുറുക്കിയിട്ട് ചികിത്സ തുടങ്ങുന്നതിലും എത്ര നല്ലതാണ് ആരോഗ്യത്തിന് വില്ലനാകുന്ന രോഗങ്ങളെ നേരത്തെ കണ്ടെത്തുന്നത്. എന്തൊക്കെയാണ് പ്രായമാകുന്തോറും പുരുഷന്മാരെ ബാധിക്കാനിടയുള്ള പ്രധാന അസുഖങ്ങളെന്ന് അറിയാം.

രക്തസമ്മര്‍ദ്ദം
പ്രഷര്‍ കൂടാന്‍ പ്രത്യേകിച്ച് കാരണമൊന്നും വേണ്ട. മറ്റ് അസുഖങ്ങളൊന്നും വരാത്ത ആളാണെങ്കില്‍ രക്തസമ്മര്‍ദ്ദത്തിന്റെ തോത് പരിശോധിച്ചിരിക്കാനും സാധ്യതയില്ല. ഇടയ്ക്കൊക്കെ രക്തസമ്മര്‍ദ്ദത്തിന്റെ പരിശോധന നടത്തുന്നത് നല്ലതാണ്. ചിലപ്പോള്‍ പ്രഷര്‍ വളരെ കൂടാനും അതുപോലെ തന്നെ പെട്ടെന്ന് കുറയാനും സാധ്യതയുണ്ട്. ചിലര്‍ക്ക് രക്തസമ്മര്‍ദ്ദം നോര്‍മലായി നിലനിര്‍ത്താന്‍ ഭക്ഷണ നിയന്ത്രണം മാത്രം മതിയാകും, കഴിക്കുന്ന ആഹാരത്തില്‍ ഉപ്പിന്റെ അളവ് കുറയ്ക്കുക. എന്നാല്‍ മറ്റുചിലര്‍ക്ക് അതിനൊപ്പം മരുന്നുകളും കഴിക്കേണ്ടിവരും. ഇപ്പോള്‍ ചെറുപ്പക്കാരിലും രക്തസമ്മര്‍ദ്ദത്തിനുള്ള സാധ്യത കാണുന്നുണ്ട്. അതിനാല്‍ മുപ്പത് വയസ്സ് കഴിഞ്ഞാല്‍ രക്തസമ്മര്‍ദ്ദത്തിന്റെ പരിശോധന കൃത്യമായി നടത്തണം.

പ്രമേഹം
പ്രഷറുപോലെ തന്നെ പുരുഷന്മാരുടെ ജീവിതത്തിലേക്ക് മുപ്പത് വയസ്സിന് ശേഷം കടന്നുവരുന്ന വില്ലനാണ് പ്രമേഹം. മധുരത്തെ ജീവിതത്തില്‍ നിന്ന് അകറ്റുക, ചിട്ടയായി ജീവിതം ശീലിക്കുക ഇവയൊക്കെ ഒരു പരിധി വരെ പ്രമേഹത്തെ ഒരാളുടെ ജീവിതത്തില്‍ നിന്ന് അകറ്റി നിര്‍ത്തുമെങ്കിലും, കൃത്യമായ പരിശോധനകള്‍ നടത്തി, ഷുഗറ് കൂടിയിട്ടില്ലെന്നും കുറഞ്ഞിട്ടില്ലെന്നും ഉറപ്പുവരുത്തേണ്ടതാണ്.
കൊളസ്‌ട്രോള്‍
മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണരീതിയും പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കൊളസ്‌ട്രോളിന് കാരണമാകുന്നതും ഇതൊക്കെത്തന്നെ. കൊളസ്ട്രോള്‍ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തയില്ലെങ്കില്‍ ഹൃദയാഘാതംവരെ സംഭവിച്ചേക്കാം. അതുകൊണ്ട് മുപ്പത് വയസ്സിനു ശേഷം കൊളസ്‌ട്രോള്‍ പരിശോധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

കാഴ്ച
കണ്ണ് പരിശോധനയും കൃത്യമായി നടത്തണം. കാഴ്ചക്കുറവു പോലുള്ള പ്രശ്നങ്ങള്‍ തുടങ്ങുക മുപ്പത്തി അഞ്ചിനു ശേഷമാണ്. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ജോലി ആണെങ്കില്‍ കണ്ണിന് പ്രത്യേക പരിഗണന നല്‍കണം. കാഴ്ച സംബന്ധിച്ച് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കില്‍ അത് അധികമാകുന്നതിന് മുമ്പ് ചികിത്സ തേടുക.

പല്ലു വേദന
പല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും തുടങ്ങുന്നത് മുപ്പത് വയസ്സിന് ശേഷമാണ്. പല്ലിന്റെയും മോണയുടെയും ഉറപ്പ് അറിയാന്‍ ഇടയ്ക്കിടെ പരിശോധന നടത്തുന്നത് നല്ലതാണ്. പല്ലിന് പൊന്തോ കേടേ വന്നിട്ടുണ്ടോ എന്നും, പല്ല് പൊട്ടിപൊകാന്‍ സാധ്യതയുണ്ടോ എന്നും നേരത്തെയുള്ള ഇത്തരം പരിശോധനകളിലൂടെ അറിയാം.

പ്രോസ്‌റ്റേറ്റ് കാന്‍സര്‍
മുപ്പത് വയസ്സിനു ശേഷമുള്ള പുരുഷന്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട അസുഖമാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. മരണകാരണം വരെ ആവുന്ന രോഗാവസ്ഥയാണിത്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ പരിശോധനയും എല്ലാവരും നടത്തേണ്ടതാണ്. അല്ലെങ്കില്‍ അത് ആരോഗ്യത്തിനുണ്ടാക്കുന്ന പ്രശ്‌നങ്ങളെ പിന്നെ ചികിത്സിച്ച് മാറ്റാന്‍ പാടാണ്.
കുടല്‍ ക്യാന്‍സര്‍
കുടല്‍ ക്യാന്‍സര്‍ സാധ്യതയും തള്ളിക്കളയേണ്ടതില്ല. കാരണം പുരുഷന്‍മാരില്‍ ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്. കുടലിലെ ക്യാന്‍സര്‍ മരണത്തിലേക്ക് വരെ പുരുഷനെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പരിശോധനകളും നടത്തേണ്ടത് അത്യാവശ്യമാണ്.

സ്‌കിന്‍ കാന്‍സര്‍
സ്‌കിന്‍ ക്യാന്‍സറിനുള്ള പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് ഗള്‍ഫുരാജ്യങ്ങളിലും മറ്റ് വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍. ഇവര്‍ക്ക് സ്‌കിന്‍ ക്യാന്‍സര്‍ വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് മുപ്പത് വയസ്സിനു ശേഷം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം പരിശോധനകള്‍ക്ക് പ്രാധാന്യം നല്‍കേണ്ടത് അത്യാവശ്യമാണ്. അസാധാരണമായ എന്തെങ്കിലും മറുകോ മറ്റോ കണ്ടാല്‍ അത് ഉടനേ തന്നെ പരിശോധിക്കേണ്ടതാണ്.
Adjust Story Font
16

