ക്യാന്‍സറുണ്ടോ എന്നറിയാന്‍ ഇനി 10 മിനിറ്റിന്‍റെ ഒരു പരിശോധന മതിയാവും
ക്യൂന്‍സ്ലാന്‍റ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പുതിയ പരിശോധന രീതി വികസിപ്പിച്ചെടുത്തത്.

ശരീരത്തില്‍ ക്യാന്‍സര്‍ കോശങ്ങളുണ്ടോയെന്ന് പത്ത് മിനുട്ടിനകം അറിയാവുന്ന പരിശോധന ആസ്ത്രേലിയന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു. ക്യൂന്‍സ്ലാന്‍റ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പുതിയ പരിശോധന രീതി വികസിപ്പിച്ചെടുത്തത്.
മനുഷ്യനെ ബാധിക്കുന്ന എല്ലാ തരം കാന്‍സറുകളും പത്ത് മിനുട്ട് മാത്രം ദൈര്‍ഘ്യമെടുത്തുള്ള പരിശോധനയിലൂടെ കണ്ടെത്താം. എല്ലാതരം കാന്‍സറുകളിലും ഏക സ്വഭാവമുള്ള ഡി.എന്‍.എ ഘടകം ഉണ്ടെന്നും ഇവയുടെ പരിശോധനയിലൂടെയാണ് ഇക്കാര്യം കണ്ടെത്താനാകുന്നതെന്നും നാച്ചുര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തില്‍ പറയുന്നു. പരിശോധനക്കായി രക്തമോ ഡി.എന്‍.എ ഘടകം ലഭിക്കുന്ന ഏതെങ്കിലും ശരീര ഭാഗമോ ആണ് എടുക്കുക.
ഇതില്‍ നിന്നും ഡി.എന്‍.എയിലെ മീതെയിലിന്‍റെ സ്വഭാവം പരിശോധിക്കും. കാന്‍സര്‍ രോഗികളില്‍ മീതെയിലിന്റെ അളവില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ മാറ്റ് ട്രോ പറഞ്ഞു. പുതിയ സംവിധാനം ചെലവ് കുറഞ്ഞതാണെന്നും മൊബൈല്‍ ഫോണ്‍ പോലെയുള്ള ഉപകരണങ്ങളുമായി ഇത് ഘടിപ്പിക്കാമെന്നും ട്രോ അവകാശപ്പെടുന്നു. പരീക്ഷണം നടത്തിയ 200 പേരില്‍ 90 ശതമാനം പേരിലും വിജയമായിരുന്നു. എന്നാല്‍ കാന്‍സറിന്റെ ഘട്ടം, അസുഖം ബാധിച്ച ഭാഗം, എന്നിവ കണ്ടെത്താന്‍ ഇതിലൂടെ ആവില്ലെന്നും ട്രോ വ്യക്തമാക്കി. ഇതിനായി കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ടെന്നും അതുമായി മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

