Quantcast

ഉറക്കം കൂടിയാലും കുറഞ്ഞാലും കുഴപ്പമാണ്

ഉറക്കം എട്ട് മണിക്കൂറില്‍ കൂടിയാലും ആറ് മണിക്കൂറില്‍ കുറഞ്ഞാലും കുഴപ്പമാണെന്ന് പഠനം

MediaOne Logo

Web Desk

  • Published:

    15 Dec 2018 7:55 AM GMT

ഉറക്കം കൂടിയാലും കുറഞ്ഞാലും കുഴപ്പമാണ്
X

ശരിയായ ഉറക്കം ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഉറക്കം എട്ട് മണിക്കൂറില്‍ കൂടിയാലും ആറ് മണിക്കൂറില്‍ കുറഞ്ഞാലും കുഴപ്പമാണെന്നാണ് യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. ഹൃദ്രോഗങ്ങള്‍ക്കും അകാല മരണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

35നും 70നും ഇടയില്‍ പ്രായമുള്ള 1,16,632 പേരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. 21 രാജ്യങ്ങളില്‍ നിന്നുള്ളവരാണിവര്‍. എട്ട് വര്‍ഷം നീണ്ട പഠനത്തിനൊടുവിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ശരിയായി ഉറങ്ങാത്ത 4381 പേര്‍ അകാലത്തില്‍ മരിച്ചു. 4365 പേരില്‍ ഹൃദ്രോഗങ്ങള്‍ കണ്ടെത്തി.

ദിവസവും 9 മണിക്കൂര്‍ ഉറങ്ങുന്നവരില്‍ 6-8 മണിക്കൂര്‍ ഉറങ്ങുന്നവരെ അപേക്ഷിച്ച് ഹൃദ്രോഗ സാധ്യത അഞ്ച് ശതമാനം കൂടുതലാണ്. 9 മുതല്‍ 10 മണിക്കൂര്‍ വരെ ഉറങ്ങുന്നവരില്‍ 17 ശതമാനവും 10 മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവരില്‍ 41 ശതമാനവും ഹൃദ്രോഗ, മരണ സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു.

ആറ് മണിക്കൂറില്‍ കുറവ് ഉറങ്ങുന്നവരിലും എട്ട് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവരിലും വിഷാദത്തിന്‍റെ ലക്ഷണങ്ങളും കണ്ടു. ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നതാണ് ഉത്തമമെന്നാണ് ഈ പഠനത്തില്‍ തെളിയുന്നത്.

TAGS :

Next Story