Quantcast

നെഞ്ചുവേദന... ഗ്യാസോ? ഹൃദയാഘാതമോ?

നെഞ്ചിന് വേദന അനുഭവപ്പെടുന്നവരില്‍ 70 ശതമാനവും ഗ്യാസ്ട്രബിള്‍ മൂലമുള്ളതായിരിക്കും.

MediaOne Logo

Web Desk

  • Published:

    15 Jan 2020 3:58 PM GMT

നെഞ്ചുവേദന... ഗ്യാസോ? ഹൃദയാഘാതമോ?
X

മലയാളിയുടെ ഏറ്റവും വലിയ ആധികളിലൊന്നായി ഹൃദയാഘാതം മാറിയിട്ട് നാളുകളായി. പ്രായമേറിയവരില്‍ മാത്രമല്ല യുവാക്കളിലും മധ്യവയസ്‌ക്കരിലും ഏത് നിമിഷവും വരാവുന്ന ഒന്നായിട്ടാണ് ഹൃദയാഘാതത്തെ കണക്കാക്കുന്നത്. ലക്ഷണങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞ് സമയത്ത് ചികിത്സ തേടേണ്ടത് ഹൃദയാഘാതത്തിന്റെ കാര്യത്തില്‍ നിര്‍ണ്ണായകമാണ്.

പലപ്പോഴും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനമായ നെഞ്ചുവേദനയെ ഗ്യാസ് ട്രബിളായി തെറ്റിദ്ധരിക്കാറുണ്ട്. മറിച്ച് ഗ്യാസ് ട്രബിള്‍ ഉള്ളവര്‍ ഹൃദയാഘാതമാണെന്ന് കരുതി പേടിക്കാറുമുണ്ട്. ഈ രണ്ട് വേദനകളേയും തിരിച്ചറിയേണ്ടത് പ്രധാനമാണ്.

ഗ്യാസ്ട്രബിള്‍

ഹൃദയം സാധാരണ നെഞ്ചിന്റെ ഇടതുഭാഗത്താണെങ്കിലും, ഹാര്‍ട്ട്അറ്റാക്ക് വേദന അനുഭവപ്പെടുന്നത് ഉദ്ദേശം നെഞ്ചിന്റെ മധ്യഭാഗത്തായിട്ട് ആയിരിക്കും. നെഞ്ചിന്റെ മധ്യഭാഗത്തായി വേദനയും ഒപ്പം ഒരു ഭാരമെടുത്തുവെച്ച പോലെയും തോന്നലുണ്ടാകും.

നെഞ്ചില്‍ അനുഭവപ്പെടുന്ന വേദന, മുകളിലേക്ക് പടര്‍ന്ന് തോളിലേക്കും ചിലപ്പോള്‍ താടിയെല്ലുകളിലേക്കും വ്യാപിക്കും. ചിലരില്‍ അത് ഇടതു കൈയിലും ഉള്ളംകൈയിലേക്കും പടരും. ഇത്തരം വേദന ഹൃദയാഘാതത്തിന്റെ ലക്ഷണമാകാനാണ് സാധ്യത.

ഹൃദയാഘാതത്തിന്റെ ഭാഗമായുള്ള വേദന മിനുറ്റുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ സ്ഥിരമായി അനുഭവപ്പെടാം. ഇടവിട്ട് വരാനും സാധ്യതയുണ്ട്. നെഞ്ച് വേദനക്കൊപ്പം ശരീരം വിയര്‍ക്കുന്നതുംതളര്‍ച്ച അനുഭവപ്പെടുന്നതും ഹൃദയാഘാതത്തിലേക്കാണ് വിരല്‍ ചൂണ്ടുക.

ഗ്യാസ്ട്രബിളിനും വിയര്‍പ്പ് അനുഭവപ്പെടുമെങ്കിലും വേദനയോടൊപ്പമുള്ള വിയര്‍പ്പാണ് ശ്രദ്ധിക്കേണ്ടത്. നെഞ്ചിന് വേദന അനുഭവപ്പെടുന്നവരില്‍ 70 ശതമാനവും ഗ്യാസ്ട്രബിള്‍ മൂലമുള്ളതായിരിക്കും. ഇതിന് കാരണം അസിഡിറ്റിയാണ്. അമിതമായി ഭക്ഷണം കഴിക്കുന്നവര്‍, കൂടുതല്‍ എരിവും പുളിയുമുള്ള ഭക്ഷണം കഴിക്കുന്നവര്‍ എന്നിവരിലാണ് ഈ പ്രശ്‌നം കണ്ടുവരുന്നത്. ഇത്തരക്കാരില്‍ ഗ്യാസ് വയറില്‍നിന്ന് മുകളിലേക്ക് കയറിവരുമ്പോഴാണ് നെഞ്ചിന്റെ വശങ്ങളില്‍ വേദന അനുഭവപ്പെടുന്നത്.

ഹാര്‍ട്ട്അറ്റാക്കിന് സമാനമായ വേദന ചിലരില്‍ ഗ്യാസ്ട്രബിള്‍ മൂലം അനുഭവപ്പെടാം. ഈ വേദന അല്‍പ്പസമയംകൊണ്ട് മാറിയേക്കും. ഒരു ഏമ്പക്കം വിട്ടാലോ, നെഞ്ചിന്റെ ഭാഗത്ത് നന്നായി കൈകൊണ്ട് തട്ടിയാലോ ഗ്യാസ്ട്രബിള്‍ മൂലമുള്ള വേദന മാറും. എന്നാല്‍ ഹൃദയാഘാതം മൂലമുള്ള വേദന അങ്ങനെ മാറില്ല.

TAGS :

Next Story