അമിത വ്യായാമത്തിന് അടിമയായ 23കാരിയുടെ ആർത്തവം നിലച്ചു; മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍
യുവതിയുടെ ശരീരത്തില്‍ 59കാരിയുടേതിന് സമാനമായ ഹോര്‍മോണാണ് ഉണ്ടായിരുന്നതെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തി

ബീജിങ്: ആരോഗ്യകരമായ ജീവിതം നയിക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. അതിനായി പോഷക സമൃദ്ധമായ ഭക്ഷണം നയിക്കുന്നതിനോടൊപ്പം തന്നെ ദിവസവും വ്യായാമം ചെയ്യേണ്ടതും അത്യാവശ്യമാണ്. പലരും ഇക്കാര്യങ്ങള്‍ വളരെ കൃത്യമായി പാലിക്കുകയും ചെയ്യുന്നുണ്ട്.എത്ര സമയില്ലെങ്കിലും വ്യായാമം മുടങ്ങാതെ ചെയ്യുന്ന നിരവധി പേര്‍ നമുക്ക് ചുറ്റിലുമുണ്ട്.എന്നാല്‍ വ്യായാമം ചെയ്യുന്നത് അമിതമായാലോ...? അമിതമായ വ്യായാമം മൂലം നിരവധി ശാരീരികമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്ന യുവതിയുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
സംഭവം ചൈനയിലാണ് നടന്നത്.കഠിനമായി വ്യായാമം ചെയ്യുകയും പിന്നാലെ ആര്‍ത്തവം നിലക്കാന്‍ കാരണമായെന്നും കിഴക്കൻ ചൈനയിലെ 23 വയസുകാരി വെളിപ്പെടുത്തി. യുവതിയുടെ ശരീരത്തില്‍ 50 വയസുള്ള സ്ത്രീയുടേതിന് സമാനമായ ഹോര്‍മോണ്‍ അളവായിരുന്നു ഉണ്ടായിരുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച് , സെജിയാങ് പ്രവിശ്യയിൽ താമസിക്കുന്ന യുവതി കഴിഞ്ഞ കുറച്ച് മാസങ്ങളായി അമിതമായി വ്യായാമം ചെയ്തുവരികയായിരുന്നു.ആഴ്ചയിൽ 6 തവണ അവർ വ്യായാമം ചെയ്തു.ഓരോ സെഷനും ഏകദേശം 70 മിനിറ്റ് നീണ്ടുനിന്നു.ഇതിന് പിന്നാലെ അവരുടെ ആരോഗ്യത്തിലും മാറ്റങ്ങള്‍ കണ്ടുതുടങ്ങി. യുവതിയുടെ ആര്‍ത്തവ ക്രമേണ കുറയുകയും പിന്നീട് പൂര്‍ണമായും നിലക്കുകയും ചെയ്തു.
പിന്നീട് നടത്തിയ ആശുപത്രി പരിശോധനയിലാണ് യുവതിയുടെ ഹോര്‍മോണുകളുടെ അളവ് 50 വയസ്സുള്ള ഒരു സ്ത്രീയുടേതിന് തുല്യമായിരിക്കുന്നതായി കണ്ടത്.കൂടാതെ വൃക്കയുടെ തകറാറിന്‍റെ ലക്ഷണങ്ങളും യുവതിക്ക് ഉണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വ്യായാമങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും ഡോക്ടര്‍മാര്‍ അറിയിച്ചു.കൂടാതെ പരമ്പരാഗത ചൈനീസ് മരുന്നുകൾ കഴിക്കാനും യുവതിയോട് നിര്‍ദേശിച്ചു.
വ്യായാമവുമായി ബന്ധപ്പെട്ട അമെനോറിയ എന്ന രോഗമാണ് യുവതിക്ക് ഉണ്ടായിരുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.. ആവശ്യത്തിന് ഊർജ്ജം ലഭിക്കാതിരിക്കുകയും വളരെ ഉയർന്ന ഊർജ്ജ ഉപഭോഗം ഉണ്ടാകുകയും ചെയ്യുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ശരീരം ഊർജ്ജ ക്ഷാമം നേരിടുന്ന സമയത്ത്, അതിജീവനത്തിനായി താൽക്കാലികമായി പ്രത്യുൽപാദന പ്രവർത്തനം 'ഓഫാക്കും'. തലച്ചോറിലെ ഗൊണാഡോട്രോഫിന്റെ സ്രവണം കുറയുന്നു. ഇത് സ്ത്രീ ഹോർമോണിന്റെ അളവ് കുറയ്ക്കുന്നതിനും അണ്ഡോത്പാദനം നിർത്തുന്നതിനും കാരണമാകുന്നു. ഇക്കാരണത്താല്‍ ആർത്തവം വൈകുകയോ നിലക്കുകയോ ചെയ്യുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.. വ്യായാമം കുറക്കുകയും ഊർജ്ജ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുകയും ചെയ്താൽ ഈ അവസ്ഥ പഴയപടിയാക്കാനാകുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.
കുറഞ്ഞ സമയത്തിനുള്ളിൽ 15 കിലോയിൽ കൂടുതൽ ഭാരം കുറയ്ക്കുന്നത് അമെനോറിയയ്ക്ക് കാരണമാകുമെന്ന് ബീജിംഗ് യൂണിയൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോ. ലിയു ഹൈയുവാൻ മുന്നറിയിപ്പ് നല്‍കുന്നു.
നേരത്തെ തനിക്ക് 65 കിലോഗ്രാം ഭാരമുണ്ടായിരുന്നതായി യുവതി പറയുന്നു.എന്നാല്‍ നിലവിലെ ഭാരവും ഉയരവും വെളിപ്പെടുത്തിയിട്ടില്ല. സ്വര്‍ണമുട്ടയിടുന്ന താറാവിനെ കൊല്ലുന്നതിന് തുല്യമാണ് താന്‍ ചെയ്തതെന്നും യുവതി പറയുന്നു.
അമിത ഫിറ്റ്നസിന്റെ അപകടങ്ങളെക്കുറിച്ചുള്ള സോഷ്യല്‍മീഡിയ ചര്‍ച്ചക്ക് കാരണമായി. എന്തും അമിതമായാല്‍ അത് വിഷമാണെന്നാണ് പൊതുവെയുള്ള നെറ്റിസണ്‍സിന്‍റെ കമന്‍റ്.എന്നാല്‍ ഇതുകൊണ്ടൊക്കെയാണ് താന്‍ വ്യായാമം ചെയ്യാത്തതെന്ന രസകരമായ കമന്‍റുകളും സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
Adjust Story Font
16

