Quantcast

ദഹനം ശരിയാകുന്നില്ലേ ? ഈ അഞ്ചുപാനീയങ്ങൾ സഹായിക്കും

ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് ഗ്രീൻ ടീ സ്മൂത്തി

MediaOne Logo

Web Desk

  • Published:

    22 Oct 2022 6:52 AM GMT

ദഹനം ശരിയാകുന്നില്ലേ ? ഈ അഞ്ചുപാനീയങ്ങൾ സഹായിക്കും
X

ആഘോഷങ്ങൾ എപ്പോഴും സന്തോഷം പകരുന്ന ഒന്നാണ്. കുടുംബത്തോടൊപ്പവും കൂട്ടുകാരോടൊപ്പവും സമയം ചെലവഴിക്കാനും അവരോടൊപ്പം ഭക്ഷണം കഴിക്കാനൊക്കെ ആർക്കാണ് ഇഷ്ടമില്ലാത്തത്. ഡയറ്റുകളും മറ്റും ആഘോഷവേളകളിൽ നാം മറന്നുപോകാറുണ്ട്. വറുത്തതും പൊരിച്ചതും മധുരമുള്ളതുമായ ഭക്ഷണങ്ങൾ ആഘോഷവേളയിൽ അളവിൽ കൂടുതൽ കഴിക്കാറുമുണ്ട്. കഴിച്ചുകഴിഞ്ഞശേഷമാകും ദഹനപ്രശ്‌നങ്ങളൊക്കെ വലയ്ക്കാറുള്ളത്. നെഞ്ചെരിച്ചിലും ഗ്യാസ്ട്രബിളും വിട്ടുമാറുകയുമില്ല. ദഹനപ്രശ്‌നങ്ങൾക്ക് പെട്ടന്ന് ശമനം വരാൻ സാഹായിക്കുന്ന അഞ്ചുഡിറ്റോക്‌സ്പാനീയങ്ങൾ ഇതാ...


എബിസി ജ്യൂസ്

ആപ്പിൾ, ബീറ്റ്‌റൂട്ട്, കാരറ്റ് എന്നിവ സമം ചേർത്ത് അടിച്ചെടുക്കുന്നതാണ് എബിസി ജ്യൂസ്.ആൻറി ഓക്‌സിഡൻറുകൾ നിറഞ്ഞതാണ് ഈ ജ്യൂസ്. ദോഷകരമായ രാസവസ്തുക്കളിൽ നിന്നും വിഷവസ്തുക്കളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനും ഈ ജ്യൂസ് സഹായിക്കും. ഉണ്ടാക്കിയ ഉടനെത്തന്നെ ഈ ജ്യൂസ് കഴിക്കുന്നതാണ് നല്ലത്. ഭക്ഷണത്തോടൊപ്പമോ ലഘുഭക്ഷണമായോ ഇത് കഴിക്കാം. രുചിക്കായി അൽപം നാരങ്ങാനീരും ചേർക്കാവുന്നതാണ്.


ഗ്രീൻ ടീ സ്മൂത്തി

ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് ഗ്രീൻ ടീ സ്മൂത്തി. സ്പിനാച്ച് അഥവാ ചീര, പുതിനയില, ഒരു ആപ്പിൾ, ഒരു ടേബിൾസ്പൂൺ യോഗർട്ട് എന്നിവയ്ക്കൊപ്പം ഒരു കപ്പ് തണുപ്പിച്ച ഗ്രീൻ ടീയും ചേർത്ത് നന്നായി അടിച്ചെടുത്താൽ ഗ്രീൻ ടീ സ്മൂത്തി റെഡിയാകും. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു. ഗ്രീൻ ടീയിലെ ഫൈറ്റോ ന്യൂട്രിയന്റുകൾ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ദഹനം വേഗത്തിലാക്കാനും സഹായിക്കുന്നു. കൂടുതൽ നേരം നിങ്ങളെ ഉന്മേഷത്തോടെ നിലനിർത്താനും ഇത് സഹായിക്കും. ഇതിന് പുറമെ തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനും ശരീരഭാരം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഈ സ്മൂത്തി സഹായിക്കും.


നാരങ്ങ-ഇഞ്ചി-തേൻ ചായ

ഒരു ഗ്ലാസ് വെള്ളത്ത് ഒരു കഷ്ണം ഇഞ്ചി ചതച്ചത് ചേർത്ത് തിളപ്പിക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് ചായപ്പെടിയും ചേർക്കുക. ശേഷം കുറച്ച് നാരങ്ങാനീരും ആവശ്യത്തിന് തേനും ചേർത്തിളക്കുക. നാരങ്ങ ഇഞ്ചി തേൻ ചായ ദഹനത്തിന് ഏറ്റവും മികച്ച പാനീയമാണ്. തേൻ ചേർക്കുന്നതിനാൽ മറ്റും ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടാകുകയുമില്ല.

ചിയ-ആപ്പിൾ സ്മൂത്തി

കരളിനെ ശുദ്ധീകരിക്കാനും ഊർജം നൽകാനും ഏറ്റവും മികച്ച പാനീയമാണ് ചിയസീഡ്-ആപ്പിൾ സ്മൂത്തി.ശരീരത്തിലെ വിഷാംശങ്ങൾ ഇല്ലാതാക്കാനുള്ള പോഷകങ്ങൾ ആപ്പിളിലിലുണ്ട്. ഇതിന് പുറമെ ആന്റിഓക്സിഡന്റുകൾ, ധാതുക്കൾ, ഫൈബർ, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ചിയ സീഡുകൾ.ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, അസ്ഥികളെ ബലപ്പെടുത്തുന്നതിനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ചിയ സീഡിന് കഴിയും. ഒരു ആപ്പിൾ, ഒരു ടീസ്പൂൺ ചിയ സീഡ്,ടേബിൾസ്പൂൺ യൊഗേർട്ട് അല്ലെങ്കിൽ പുളിയില്ലാത്ത തൈര് എന്നിവ ഒന്നിച്ച് അടിച്ചെടുത്ത് ഈ സ്മൂത്തി തയ്യാറാക്കാം. ഈ സ്മൂത്തി അതിരാവിലെ കുടിക്കുന്നത് വളരെ ഗുണം ചെയ്യും.

മഞ്ഞൾ ചായ


ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്ന ആന്റി-ഇൻഫ്‌ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾക്ക് പേരുകേട്ടതാണ് മഞ്ഞൾ. മഞ്ഞളിലെ കുർക്കുമിൻ ഘടകമാണ് ഇതിന് സഹായിക്കുക.. ഇത് മികച്ച ആന്റി ഓര്‌സിഡന്റു കൂടിയാണ്. ഒരു കപ്പ് വെള്ളം തിളപ്പിച്ച് അതിലേക്ക് ഒരു ടീസ്പൂൺ ശുദ്ധമായ മഞ്ഞൾപൊടി ചേർത്ത് തിളപ്പിക്കുക. ഇത് 10 മിനിറ്റ് തണുപ്പിക്കാൻ വെക്കുക. ശേഷം ഒരു സ്പൂൺ നാരാങ്ങനീരോ തേനോ ചേർത്ത് കഴിക്കാം.

TAGS :

Next Story