Quantcast

അർബുദം,വൃക്കരോഗങ്ങൾ...നഖം പറയും ഈ ആറ് അസുഖങ്ങളെ കുറിച്ച്

നഖങ്ങളിലെ ഓരോ ചെറിയ മാറ്റങ്ങളും ശ്രദ്ധിക്കേണ്ടതാണ്

MediaOne Logo

Web Desk

  • Published:

    30 Oct 2022 3:13 AM GMT

അർബുദം,വൃക്കരോഗങ്ങൾ...നഖം പറയും ഈ ആറ് അസുഖങ്ങളെ കുറിച്ച്
X

ഓരോരുത്തരുടെയും നഖങ്ങൾ അവരുടെ ആരോഗ്യത്തിന്റെ പ്രതിഫലനമാണ് എന്നാണ് പൊതുവെ പറയാറ്. ചർമത്തിലുണ്ടാകുന്ന പല പ്രശ്‌നങ്ങളെക്കുറിച്ചും നഖങ്ങളിൽ സൂചനകളുണ്ടാകുമെന്ന് ചർമരോഗവിദഗ്ധരും വ്യക്തമാക്കുന്നു.

വൃക്കരോഗം മുതൽ അർബുദം വരെയുള്ള ഗുരുതരമായ പല രോഗങ്ങളുടെയും സൂചനകളും നഖങ്ങളിലുണ്ടാകും. എന്നാൽ ഈ സൂചനകൾ ഉള്ളത് കൊണ്ട് മാത്രം അത്തരം രോഗങ്ങൾ ആയിക്കൊള്ളണമെന്നില്ല. നിങ്ങളുടെ കൈയിലോ കാലിലെയോ നഖങ്ങളിൽ വ്യത്യസ്തമായ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ഉടനെ ഡോക്ടറെ കണ്ട് ചികിത്സ തേടുന്നതും അത്യാവശ്യമാണ്. നഖങ്ങൾ സൂചനകൾ തരുന്ന ആറ് രോഗങ്ങളെ കുറിച്ച് അറിയാം

മാനസിക സമ്മർദം

മാനസിക സമ്മർദം,വിഷാദം ഇതെല്ലാം കൈയിലെയും കാലിലെയും നഖങ്ങളുമായും മുടിയുമായി അടുത്ത ബന്ധമുണ്ട്. വല്ലാതെ സമ്മർദമുള്ളവരിൽ വലിയ തോതിൽ മുടികൊഴിയും. അതുപോലെ തന്നെ സമർദത്തിന്റെ ലക്ഷങ്ങൾ നഖങ്ങളിലുമുണ്ടാകും. നഖങ്ങളുടെ അരികുകളിൽ വരകൾ പ്രത്യക്ഷപ്പെടുന്നത് സമർദത്തിന്റെ സൂചനകളാകാം.


സന്ധിവാതം അഥവാ ആർത്രൈറ്റിസ്

നഖത്തിന്റെ സമീപത്തായോ മുകളിലായോ ചെറിയ വീക്കങ്ങളോ മുഴകളോ കാണുന്നത് സന്ധിവാതത്തിന്റെ സൂചനകളാകും. ഇത് അത്ര അപകടരമല്ല. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഒരു സർജന്റെ അഭിപ്രായം തേടുന്നത് നല്ലതായിരിക്കും.

മെലനോമ

പുറം തൊലി മുതൽ നഖത്തിന്റെ അറ്റം വരെ നീളുന്ന കറുത്ത വരെ ഗുരുതരമായ ത്വക്ക് കാൻസറായ മെലനോമയുടെ സൂചനകളാകാം. നഖങ്ങളില്‍ ക്ഷതമേല്‍ക്കുമ്പോഴും ഇത്തരത്തില്‍ കറുത്ത വരകള്‍ ഉണ്ടായേക്കാം. എന്നാല്‍ അങ്ങനെയല്ലാതെ നഖങ്ങളിൽ ഇത്തരത്തിൽ കറുത്ത വരകൾ തെളിഞ്ഞുകാണുന്നുണ്ടെങ്കിൽ ത്വക്ക് രോഗ വിദഗ്ധനെ കണ്ട് ചികിത്സ തേടണം. ഒരു വിരലിൽ തന്നെ ഇത്തരം വരകൾ എപ്പോഴും കാണുകയാണെങ്കിലും ശ്രദ്ധിക്കണം.


സോറിയാസിസ്

സോറിയാസിന്റെ പല ലക്ഷണങ്ങളും ആദ്യം പ്രകടമാകുന്നത് നഖങ്ങളിലാണ്. നഖത്തിൽ മഞ്ഞ-ചുവപ്പ് നിറവ്യത്യാസമുണ്ടാകുക, നഖത്തിന് താഴെയുള്ള ചർമ്മം കട്ടിയാകുക, നഖങ്ങളിലെ വെളുത്ത പാടുകൾ, അഗ്രം മുതൽ പുറംതൊലി വരെ നീളുന്ന കറുത്ത വരകൾ ഇതെല്ലാം സോറിയാസിസിന്റെ ലക്ഷണങ്ങളാകാം. നഖത്തിനടിയിലെ തൊലി ചുവപ്പ് കലർന്ന കാപ്പിക്കളറാകുന്നത് സോറിയാസിന്റെ പ്രകടമായ ലക്ഷണങ്ങളിലൊന്നാണ്. ഇത്തരത്തിൽ സൂചനകൾ കാണുമ്പോൾ ത്വക്ക് രോഗ വിദഗ്ധനെ കണ്ട് ചികിത്സ തേടുന്നത് നല്ലതായിരിക്കും.

വൃക്ക രോഗം

വൃക്കരോഗങ്ങളുടെ ലക്ഷണങ്ങളും നഖങ്ങളിൽ പ്രകടമാകും. നഖങ്ങൾ പരുക്കനാകുന്നതും നഖത്തിന് കുറുകെയുണ്ടാകുന്ന വരകളും വൃക്കരോഗത്തിന്റെ ലക്ഷണങ്ങളാകാം. കൊയിലോണിയ എന്നറിയപ്പെടുന്ന പരുക്കൻ നഖങ്ങൾ ഇരുമ്പിന്റെ കുറവുകൊണ്ടുള്ള അനീമിയയുടെയും സൂചനകളാകും.


തൈറോയിഡ്

നഖം ഇടക്കിടക്ക് പൊട്ടിപ്പോകുക, വരണ്ടിരിക്കുക തുടങ്ങിയവയെല്ലാം തൈറോയിഡിന്റെ സൂചനകളാണ്. ഇതിന് പുറമെ നഖങ്ങൾ മഞ്ഞനിറത്തിൽ കാണുന്നതും തൈറോയിഡിന്റെ ലക്ഷണങ്ങളായും കണക്കാക്കുന്നു. മഞ്ഞനിറത്തിലുള്ള നഖങ്ങൾ പൊട്ടുകയോ പിളരുകയോ ചെയ്യുന്നത് ഫംഗസ് അണുബാധ മൂലമാകാം. അമിതമായി ഈർപ്പം തട്ടുക, ഡിറ്റർജന്റ്, നെയിൽ പോളിഷ്, നെയിൽ പോളിഷ് റിമൂവർ തുടങ്ങിയ രാസവസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കാരണവും നഖങ്ങൾ പൊട്ടാൻ സാധ്യതയുണ്ട്.

നഖങ്ങളിലെ ഓരോ ചെറിയ മാറ്റങ്ങളും ശ്രദ്ധിക്കേണ്ടതാണ്. അടയാളങ്ങൾ നേരത്തെ മനസ്സിലാക്കി ഗുരുതരമായ വൈകല്യങ്ങൾ കണ്ടെത്താനും കൃത്യസമയത്ത് ചികിത്സതേടാനും സഹായിക്കും. എന്നാൽ ഇത്തരത്തിലുള്ള മാറ്റങ്ങൾ ഏതെങ്കിലും രോഗത്തിന്റെ ലക്ഷണമാണെന്ന് സ്വയം തീരുമാനിച്ച് ചികിത്സിക്കരുത്. എന്തെങ്കിലും ചെറിയ മാറ്റങ്ങൾ കാണുകയാണെങ്കിൽ ചർമരോഗ വിദഗ്ധനെ കണ്ട് ഉപദേശം തേടുക പ്രധാനമാണ്.

TAGS :

Next Story