Quantcast

ഈ ഏഴ് ഭക്ഷണങ്ങള്‍ യൂറിക് ആസിഡിന്‍റെ അളവ് വര്‍ധിപ്പിക്കും

സന്ധി വേദന, വൃക്കയിലെ കല്ലുകൾ, വൃക്ക തകരാറുകൾ, പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് യൂറിക് ആസിഡിന്‍റെ അളവ് കൂടുന്നത് കാരണമാകും

MediaOne Logo

Web Desk

  • Published:

    4 Dec 2025 12:53 PM IST

ഈ ഏഴ് ഭക്ഷണങ്ങള്‍ യൂറിക് ആസിഡിന്‍റെ അളവ് വര്‍ധിപ്പിക്കും
X

നമ്മള്‍‌ കഴിക്കുന്ന ഭക്ഷണങ്ങളിലൂടെയാണ് ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത്. എന്നാല്‍ അതുപോലെതന്നെ പല രൂപത്തിലുള്ള മാലിന്യങ്ങളും പുറന്തള്ളുകയും ചെയ്യുന്നുണ്ട്. ഭക്ഷണങ്ങളില്‍ കാണപ്പെടുന്ന പ്യൂരിനുകളെ ശരീരം വിഘടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന മാലിന്യമാണ് യൂറിക് ആസിഡ്. വൃക്കകൾ മൂത്രത്തിലൂടെ യൂറിക് ആസിഡ് ഫിൽട്ടർ ചെയ്ത് നീക്കം ചെയ്യുന്നു.

യൂറിക് ആസിഡിന്റെ ശരീരം അമിതമായി ഉത്പാദിപ്പിക്കുമ്പോഴോ ഇവ പുറന്തള്ളുന്നതിൽ വൃക്ക പരാജയപ്പെടുമ്പോഴോ, യൂറിക് ആസിഡിന്റെ അളവ് ഉയരും. ഇത് സന്ധി വേദന, വൃക്കയിലെ കല്ലുകൾ, വൃക്ക തകരാറുകൾ, പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

എന്നാല്‍ ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതും ശരിയായ ഭക്ഷണങ്ങൾ കഴിക്കുന്നതും യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കും.. യൂറിക് ആസിഡിന്റെ അളവ് വർധിപ്പിക്കുന്നതിന് കാരണമാകുന്ന ഏഴ് ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം..


റെഡ് മീറ്റ്

മട്ടൺ, പന്നിയിറച്ചി തുടങ്ങിയ റെഡ് മീറ്റുകളില്‍ പ്യൂരിനുകൾ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിൽ വെച്ച് യൂറിക് ആസിഡായി വിഘടിക്കുന്നു. ഇവയുടെ അമിതമായ ഉപഭോഗം യൂറിക് ആസിഡും കൊളസ്ട്രോളും വർധിപ്പിക്കുകയും ഹൃദയാരോഗ്യത്തെ ബാധിക്കുകയും ചെയ്യും. റെഡ് മീറ്റിന്‍റെയും സംസ്കരിച്ച മാംസത്തിന്റെയും ഉയർന്ന ഉപഭോഗം ഉയർന്ന യൂറിക് ആസിഡിന്റെ അളവ് കൂട്ടുമെന്ന് പഠനങ്ങള്‍ പറയുന്നു.


കടൽ മത്സ്യങ്ങള്‍

നെത്തോലി,മത്തി, ഷെൽഫിഷ് തുടങ്ങിയ സമുദ്രവിഭവങ്ങളിൽ ഉയർന്ന അളവിൽ പ്യൂരിൻ അടങ്ങിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഇവ പതിവായി കഴിക്കുന്നത് യൂറിക് ആസിഡിന്റെയും സോഡിയത്തിന്റെയും അളവ് വർധിപ്പിക്കുകയും രക്തസമ്മർദം വർധിപ്പിക്കുകയും ചെയ്യും.


ആല്‍ക്കഹോള്‍

ബിയറിൽ യൂറിക് ആസിഡ് വേഗത്തിൽ വർധിപ്പിക്കുന്ന പ്യൂരിൻ സംയുക്തമായ ഗുവാനോസിൻ അടങ്ങിയിട്ടുണ്ട്. കൂടാതെ, മദ്യം ശരീരത്തില്‍ നിർജ്ജലീകരണമുണ്ടാക്കുന്നു.ഇതുമൂലം യൂറിക് ആസിഡ് പുറന്തള്ളുന്നതിന് തടസമാകും. കൂടാതെ രക്തസമ്മർദ്ദവും വർധിപ്പിക്കുന്നു. ഇവയിൽ പഞ്ചസാര കൂടുതലായി അടങ്ങിയിട്ടുണ്ട്, ഇത് അമിതവണ്ണത്തിനും കാരണമാകുന്നു.


പഞ്ചസാര അടങ്ങിയ ഭക്ഷണപാനീയങ്ങൾ

ശീതളപാനീയങ്ങൾ, പായ്ക്ക് ചെയ്ത ജ്യൂസുകൾ, മധുരപലഹാരങ്ങൾ എന്നിവയുൾപ്പെടെയുള്ള ഭക്ഷണപാനീയങ്ങളിൽ ഫ്രക്ടോസ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് യൂറിക് ആസിഡിന്റെ അളവ് വർധിപ്പിക്കുന്നു. അമിതവണ്ണത്തിനും ഉയർന്ന രക്തസമ്മർദത്തിനും കാരണമാകുന്ന പഞ്ചസാര ഇതിലടങ്ങിയിട്ടുണ്ട്. ഫ്രക്ടോസ് കഴിക്കുന്നത് ഇൻട്രാ സെല്ലുലാർ എടിപി കുറവിനും യൂറിക് ആസിഡ് ഉത്പാദനം വർധിപ്പിക്കുന്നതിനും കാരണമാകും.


സംസ്കരിച്ച ഭക്ഷണങ്ങൾ

സംസ്കരിച്ച പാക്കറ്റ് ഭക്ഷണങ്ങളിൽ പലപ്പോഴും ഉയർന്ന അളവിൽ പ്യൂരിനുകൾ, പ്രിസർവേറ്റീവുകൾ, അഡിറ്റീവുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം യൂറിക് ആസിഡിന്റെ അളവ് വർധിപ്പിക്കുന്നതിന് കാരണമാകും. ഇവയിൽ സാധാരണയായി സോഡിയവും അനാരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്.


യീസ്റ്റ് അടങ്ങിയ ഭക്ഷണങ്ങൾ

യീസ്റ്റ് അല്ലെങ്കിൽ യീസ്റ്റ് അടിസ്ഥാനമാക്കിയുള്ള സ്പ്രെഡുകൾ ഉപയോഗിച്ച് നിർമ്മിച്ച ബ്രെഡ് പോലുള്ള ഭക്ഷണങ്ങൾ യൂറിക് ആസിഡിന്റെ അളവ് വർധിപ്പിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിന് പുറമെ സന്ധിവാത ലക്ഷണങ്ങൾ കൂട്ടുകയും ചെയ്യും . യീസ്റ്റിൽ പ്യൂരിനുകൾ അടങ്ങിയിട്ടില്ലെങ്കിലും. ഇത് ശരീരത്തിലെ പ്യൂരിൻ മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുകയും യൂറിക് ആസിഡ് ഉത്പാദനം കൂട്ടുകയും ചെയ്യും.


കൊഴുപ്പ് കൂടുതലുള്ള പാലുൽപ്പന്നങ്ങൾ

അസ്ഥികളുടെ ആരോഗ്യത്തിന് പാലുൽപ്പന്നങ്ങൾ ഗുണകരമാണെന്ന് നമുക്കറിയാം.എന്നാല്‍ കൊഴുപ്പ് കൂടുതല്‍ അടങ്ങിയിട്ടുള്ള ചില ഉത്പന്നങ്ങള്‍ യൂറിക് ആസിഡിന്റെ അളവ് വർധിപ്പിക്കുന്നതിന് കാരണമാകും. പാൽ, ചീസ്, ഐസ്ക്രീം എന്നിവയിൽ ശരീരത്തിൽ യൂറിക് ആസിഡ് ഉത്പാദനം വർധിപ്പിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.

TAGS :

Next Story