ഈ ഏഴ് ശീലങ്ങൾ നിങ്ങളുടെ കിഡ്‌നിയെ അപകടത്തിലാക്കും
വൃക്കരോഗങ്ങളിൽ പലതും ആദ്യഘട്ടത്തിൽ ഒരു ലക്ഷണങ്ങളും കാണിച്ചെന്നു വരില്ല

- Published:
5 Jan 2026 9:21 AM IST

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കിഡ്‌നി. ശരീരത്തിലെ ശുദ്ധീകരണ ശാലയായ കിഡ്‌നി മാലിന്യം നീക്കം ചെയ്യാനും, ശരീരത്തിലെ ജലാംശം നിലനിർത്താനും, രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു. പലപ്പോഴും കരളിന്റെയും ഹൃദയത്തിൻ്റെയും ആരോഗ്യത്തിന് പ്രാധാന്യം നൽകുമ്പോൾ വൃക്കകളുടെ ആരോഗ്യത്തെക്കുറിച്ച് നാം മറന്നുപോകാറുണ്ട്.
കിഡ്‌നിയുടെ പ്രവർത്തനം നിലച്ചാൽ അത് നമ്മുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനെത്തന്നെയാണ് ബാധിക്കുകയെന്ന് മറക്കരുത്. ദൈനംദിന ജീവിതത്തിൽ നാം ചെയ്യുന്ന ചില തെറ്റുകൾ വൃക്കയുടെ ആരോഗ്യത്തെ അപകടത്തിലാക്കും. വൃക്കരോഗങ്ങളിൽ പലതും ആദ്യഘട്ടത്തിൽ ഒരു ലക്ഷണങ്ങളും കാണിച്ചെന്നു വരില്ല. പലപ്പോഴും ഗുരുതരാവസ്ഥയിലെത്തിയാൽ മാത്രമേ രോഗത്തെക്കുറിച്ച് അറിയാനാകൂ..കിഡ്‌നിയുടെ ആരോഗ്യം സംരക്ഷിക്കുക എന്നത് ഓരോരുത്തരുടെയും കടമയാണ്. കിഡ്‌നിയുടെ നിശബ്ദമായി ബാധിക്കുന്ന ആ ശീലങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...
ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക
ആവശ്യത്തിന് വെള്ളം കുടിച്ചിട്ടില്ലെങ്കില്‍ ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യാന്‍ വൃക്കക്ക് സാധിക്കില്ല. നിര്‍ജലീകരണം സംഭവിക്കുന്നത് വൃക്കയിലെ കല്ലുകള്‍ക്കും വൃക്ക അണുബാധകളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.വൃക്കയുടെ ആരോഗ്യത്തിന് ദിവസം 2 മുതല്‍ 3 ലിറ്റർ കുടിക്കണമെന്നാണ് ഡോക്ടര്‍മാര്‍ ശിപാര്‍ശ ചെയ്യുന്നത്.
വേദനസംഹാരികളുടെ അമിത ഉപയോഗം
ഇബുപ്രോഫെൻ പോലുള്ള നോൺ-സ്റ്റിറോയിഡൽ ആന്റി-ഇൻഫ്‌ലമേറ്ററി മരുന്നുകളുടെ അമിതമായ ഉപയോഗം വൃക്കകളിലേക്കുള്ള രക്തയോട്ടം നിയന്ത്രിക്കും. 'വേദനസംഹാരികൾ താൽക്കാലികമായി വേദന കുറച്ചേക്കാം, പക്ഷേ ദീർഘകാലാടിസ്ഥാനത്തിൽ ഇത്തരം മരുന്നുകള്‍ കുടിക്കുന്നത് വൃക്ക കലകൾക്ക് ദോഷം ചെയ്യും. അതുകൊണ്ട് ഡോക്ടറുടെ നിര്‍ദേശമില്ലാതെ വേദനസംഹാരികള്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും നിര്‍ത്തുക. അടിയന്തര സാഹചര്യങ്ങളിൽ മാത്രം അവ ഉപയോഗിക്കാനായി ശ്രദ്ധിക്കുക.
ഉപ്പിന്‍റെ ഉപയോഗം
ഉപ്പില്ലാത്ത ഭക്ഷണം കഴിക്കാന്‍ ആര്‍ക്കും ഇഷ്ടമല്ല..എന്നാല്‍ കൂടുതല്‍ ഉപ്പ് അടങ്ങിയ ഭക്ഷണം സ്ഥിരമായി കഴിക്കുന്നത് വൃക്കകളുടെ ജോലി ഭാരം കൂട്ടും. സംസ്‌കരിച്ച ഭക്ഷണങ്ങളാണ് ഇതില്‍ പ്രധാന വില്ലന്‍. ഉപ്പിന്‍റെ അമിത ഉപയോഗം രക്തസമ്മര്‍ദം വര്‍ധിപ്പിക്കുകയും വൃക്കരോഗത്തിനും കാരണമാകും. ഉപ്പ് കഴിയുന്നത്ര കുറച്ച് കഴിക്കുന്നതാണ് വൃക്കയുടെ ആരോഗ്യത്തിനും നല്ലത്.
മൂത്രം പിടിച്ചു നിർത്തുക
മൂത്രം ദീര്‍ഘനേരം പിടിച്ചു നിര്‍ത്തുന്നത് അണുബാധക്കും കിഡ്നി സ്റ്റോണുകള്‍ക്കും കാരണമാകും. മൂത്രശങ്ക വന്നാല്‍ പിടിച്ചുനിര്‍ത്താതിരിക്കുക.
അമിതമായ പ്രോട്ടീൻ
പേശികളുടെ ആരോഗ്യത്തിന് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങള്‍ ആവശ്യമാണെന്ന് നമുക്കറിയാം.എന്നാല്‍ എന്നാൽ അമിതമായ പ്രോട്ടീൻ ശരീരത്തിലെത്തുന്നത് കിഡ്നിയുടെ ആരോഗ്യത്തിന് ദോഷകരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പ്രത്യേകിച്ച് റെഡ് മീറ്റ്, അൾട്രാ-പ്രോസസ് ഫുഡ് തുടങ്ങിയവയുടെ അമിത ഉപയോഗം കാലക്രമേണ വൃക്കകളെ അപകടത്തിലാക്കും.
ഉറക്കക്കുറവ്
ഉറക്കക്കുറവ് വൃക്കകളുടെ സ്വാഭാവിക പ്രവര്‍ത്തനത്തെയും ഹോർമോൺ നിയന്ത്രണത്തെയും തകിടം മറിക്കും.വൃക്കയുടെ ആരോഗ്യത്തിന് ഒരാള്‍ പരമാവധി ഏഴ് മുതല്‍ എട്ടുമണിക്കൂര്‍ വരെ ഉറങ്ങണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.കൂടാതെ ഉറക്കക്കുറവ് ഉയർന്ന രക്തസമ്മർദ്ദത്തിനും പ്രമേഹത്തിനുമുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
പുകവലി
പുക വലിക്കുന്നത് വൃക്കകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും വൃക്കരോഗം കൂടുതല്‍ ഗുരുതരമാക്കുകയും ചെയ്യും.
Adjust Story Font
16
