Quantcast

സ്ട്രോക്ക് വന്നവര്‍ക്ക് അക്യൂപങ്ചര്‍ ചികിത്സ ഫലപ്രദമോ?

മരുന്നുകളൊന്നും ഉപയോഗിക്കാത്ത ചികിത്സാ രീതിയാണിത്. അതുകൊണ്ടുതന്നെ പാർശ്വഫലങ്ങളൊന്നും ഉണ്ടാകുന്നില്ല.

MediaOne Logo
സ്ട്രോക്ക് വന്നവര്‍ക്ക് അക്യൂപങ്ചര്‍ ചികിത്സ ഫലപ്രദമോ?
X

അക്യൂപങ്ചര്‍ എന്ന ചികിത്സാരീതിയെ സൂചിവേദം എന്നും പറയാറുണ്ട്. ഇതൊരു ചൈനീസ് പരമ്പരാഗത ചികിത്സാ രീതിയാണ്. ചൈനക്കാർ ഇതിനെ ഒരു വേദനസംഹാരി ചികിത്സാ രീതിയായാണ് കണക്കാക്കുന്നത്. ഇന്ന് നമ്മുടെ ഇന്ത്യയിൽ ഉടനീളം ചെയ്യുന്ന ഒരു ചികിത്സാ രീതി കൂടിയാണിത്. അക്യൂപങ്ചര്‍ എന്ന വാക്കിന്‍റെ അർത്ഥം, സൂചി കൊണ്ടുള്ള കുത്തൽ എന്നാണ്. ശരീരത്തിന്‍റെ ചില പ്രത്യേക ഭാഗത്ത് വളരെ നേർത്ത സൂചി ഉപയോഗിച്ച് കുത്തിയാണ് ചികിത്സിക്കുന്നത്.

നമ്മുടെ ശരീരത്തിൽ ധാരാളം മെറിഡിയൻ ഉണ്ട്. ഈ മെറിഡിയൻസിലൂടെയുള്ള ഊർജ്ജത്തിന്‍റെ ശരിയായ പ്രവാഹത്തിന്‍റെ ഫലമായി ശരീരത്തിന്‍റെ സന്തുലിതാസ്ഥ നിലനിൽക്കുന്നു. ഈ മെറിഡിയൻസിലൂടെയുള്ള ഊർജ്ജ പ്രവാഹത്തിന് ബുദ്ധിമുട്ട് വരുന്നതിന്‍റെ ഭാഗമായിട്ടാണ് അസുഖങ്ങൾ ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ അക്യൂപങ്ചര്‍ ചെയ്യുമ്പോള്‍ ശരീരത്തിലുളള ഊർജ്ജത്തിൻറെ ദിശ ക്രമീകരിക്കപ്പെടുകയും അതുമൂലം അസുഖങ്ങൾ സുഖപ്പെടാനും കാരണമാകുന്നു.


അക്യൂപങ്ചര്‍ ഒരു വേദന സംഹാരി ചികിത്സാ രീതി ആണെന്ന്പറഞ്ഞുവല്ലോ. ഇത് ശരീരത്തിലുണ്ടാകുന്ന വലിവുകളും പിരിമുറുക്കവും കടുത്ത വേദനയും വളരെ വേഗത്തിൽ സുഖപ്പെടുത്തുന്നു. അതിലുപരി ശരീരത്തിലൂടെ ഉള്ള രക്തപ്രവാഹം വർധിപ്പിക്കുകയും ചെയ്യുന്നു.

ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നേർത്ത സൂചി കുത്തി അതിലൂടെ വൈദ്യുതി കടത്തിവിട്ടാണ് ചികിത്സ ചെയ്യുന്നത്. ഇത് സാധാരണ കാണുന്ന വേദനാജനകമായ എല്ലാ അവസ്ഥയിലും വളരെ ഉപകാരപ്രദമായ രീതിയിൽ ചെയ്യാവുന്നതാണ്. മരുന്നുകളൊന്നും ഉപയോഗിക്കാത്ത (drugless) ചികിത്സാ രീതിയാണിത്. അതുകൊണ്ടുതന്നെ പാർശ്വഫലങ്ങളൊന്നും ഉണ്ടാകുന്നില്ല. ഈ കാലത്ത് അക്യൂപങ്ചര്‍ ചികിത്സ ഏറ്റവും കൂടുതൽ ചെയ്ത് വരുന്നത് ഞരമ്പ് സംബന്ധമായ അസുഖങ്ങൾക്ക് ആണ്.

നമ്മുടെ മനുഷ്യ ശരീരം ഒരു യന്ത്രം പോലെയാണ്. ഏതൊരു യന്ത്രത്തിനും ഒരു പ്രധാനഭാഗം ഉണ്ടാകും. അത് കേടുവന്നാൽ ഉള്ള അവസ്ഥ ആലോചിച്ചു നോക്കൂ. അതുപോലെ തന്നെയാണ് മനുഷ്യ ശരീരത്തിലും സംഭവിക്കുന്നത്. മനുഷ്യശരീരത്തിൻറെ അടിസ്ഥാന ഭാഗമാണ് തലച്ചോർ. അതിനു കേട് വരുന്ന അവസ്ഥ ഒന്ന്ചിന്തിച്ചുനോക്കൂ. അതാണ് പക്ഷാഘാതം വന്ന രോഗികളിൽ കണ്ടുവരുന്നത്. സാധാരണയായി പക്ഷാഘാത രോഗികളിൽ കണ്ടുവരുന്ന പ്രവണതയാണ് കയ്യും കാലും പെട്ടെന്ന് വലിഞ്ഞ് മുറുകുക, ശരീരത്തിൻറെ താളം തെറ്റുക (imbalance of body), സംസാരിക്കാൻ ബുദ്ധിമുട്ട്, ഓർമകുറവ് എന്നിവ. ഈ ബുദ്ധിമുട്ടുകൾ എല്ലാം അക്യൂപങ്ചര്‍ ചികിത്സയിലൂടെ ഒരു പരിധി വരെ മാറ്റാൻ സാധിക്കും.


പുതിയ കണക്കുകൾ പ്രകാരം ഇസ്കെമിക് സ്ട്രോക്ക് വന്ന രോഗികളിൽ അക്യൂപങ്ചര്‍ ചികിത്സ ഒരു 50% വരെ ഉപകാരപ്രദമായി മാറുന്നതായാണ് കാണുന്നത്. സാധാരണ 20-40 മിനുട്ട് വരെയാണ് ഒരു ട്രീറ്റ്മെന്റിന് എടുക്കുന്ന സമയം. ചിലപ്പോൾ രോഗികളുടെ അവസ്ഥ അനുസരിച്ച് റിക്കവറിക്കെടുക്കുന്ന സമയത്തിലും മാറ്റം വരാറുണ്ട്. പക്ഷാഘാത രോഗികളില്‍ സ്ട്രോക്ക് ഉണ്ടാകുന്ന സമയത്ത് തലച്ചോറിലുള്ള നാഡി ടിഷ്യൂകളും നാഡി കോശങ്ങളും നശിക്കുന്നു. അതുപോലെ തന്നെ ആ ഭാഗത്തേക്കുള്ള രക്തപ്രവാഹം നിലച്ച് അവിടെയുള്ള കോശങ്ങളും നശിക്കാൻ കാരണമാകുന്നു.

സ്ട്രോക്കുവന്ന രോഗികള്‍ക്ക് അക്യൂപങ്ചര്‍ ചികിത്സ കൊടുക്കുമ്പോൾ ശരീരത്തിൻറെ സന്തുലനാവസ്ഥ മെച്ചപ്പെടുന്നു. സ്പാസിറ്റി കുറയ്ക്കുന്നു. അതോടൊപ്പം പേശികളുടെ ശക്തി കൂട്ടുകയും, ആ ഭാഗത്തുള്ള കോശങ്ങളുടെ നാശത്തെ കുറയ്ക്കുകയും ചെയ്യുന്നു. തലച്ചോറിലുള്ള നാഡികോശങ്ങളുടെ വളർച്ചയെ സഹായിക്കുന്നു. ശരീരത്തിന് നല്ലൊരു ഉന്മേഷവും ഉണ്ടാകുന്നു. അതുകൂടാതെ രോഗികളിലെ പ്രഷർ, ഷുഗർ, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കുന്നു. അതുപോലെ ശാരീരികമായും മാനസികമായ ഉള്ള ആശ്വാസവും നല്‍കുന്നു.


ആയുര്‍ഗ്രീന്‍ ഹോസ്പിറ്റലിലെ അസിസ്റ്റന്‍റ് ഫിസിഷ്യനാണ് ലേഖിക


TAGS :

Next Story