Quantcast

ചിയ വിത്തുകൾ ധാരാളമായി കഴിക്കുന്നവരാണോ? എങ്കിൽ ഇനിമുതൽ അറിഞ്ഞുകഴിച്ചോളൂ

ചവച്ചരച്ച് കഴിക്കേണ്ടത് പ്രധാനമാണ്. അല്ലാത്ത പക്ഷം ഇത് കഴിക്കുമ്പോൾ ഒരു ജെൽ പോലെയായി മാറുകയും അത് തൊണ്ടയിൽ കുടുങ്ങുകയും വിഴുങ്ങാൻ പ്രയാസമുണ്ടാവുകയും ചെയ്യുന്നു

MediaOne Logo

Web Desk

  • Updated:

    2023-05-02 05:32:33.0

Published:

2 May 2023 5:20 AM GMT

Chia Seeds, health, health news
X

ധാരാളം പോഷകങ്ങളും നാരുകളും അടങ്ങിയ ചിയ വിത്തുകൾ ഗുണത്തിന്റെ കാര്യത്തിൽ ഏറെ മുൻപന്തിയിലാണ്. ശരീരത്തിന് ആവശ്യമായ പ്രോട്ടീനും ഒമേഗ 3 ഫാറ്റി ആസിഡും പ്രധാനം ചെയ്യുന്ന ഒന്നാണ് ചിയവിത്ത്. എന്നാൽ ഇവ ധാരാളമായി കഴിക്കുന്നത് ശ്വാസംമുട്ടൽ ഉൾപ്പെടെയുള്ള നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. ചിയ വിത്തുകൾ ധാരാളമായി കഴിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന പാർശ്വഫലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ദഹന പ്രശ്‌നങ്ങൾ

ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തിൽ ഒരാൾ ദിവസവും 2 ടീ സ്പൂൺ ചിയവിത്താണ് കഴിക്കേണ്ടത്. ഇതിലടങ്ങിയിരിക്കുന്ന നാരുകൾ കുടലിന്റെ ആരോഗ്യത്തിന് വളരെയധികം ഗുണകരമാണെങ്കിലും അമിതമായി കഴിക്കുന്നത് മലബന്ധം, വയറുവേദന, ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങൾ, ദഹനക്കേട്, വയറിളക്കം തുടങ്ങിയവയ്ക്ക് കാരണമാകുന്നു.

ശ്വാസംമുട്ട്

ചിയ വിത്തുകൾ കഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ധവേണം. ചവച്ചരച്ച് കഴിക്കേണ്ടത് പ്രധാനമാണ്. അല്ലാത്ത പക്ഷം ഇത് കഴിക്കുമ്പോൾ ഒരു ജെൽ പോലെയായി മാറുകയും അത് തൊണ്ടയിൽ കുടുങ്ങുകയും വിഴുങ്ങാൻ പ്രയാസമുണ്ടാവുകയും ചെയ്യുന്നു. ചിലപ്പോള്‍ മരണം വരെ സംഭവിക്കുന്നു.

അതായത് ഒരാൾ ഉണങ്ങിയ ചിയവിത്ത് ചവച്ചരക്കാതെ കഴിക്കുകയും പുറമെ വെള്ളം കുടിക്കുകയും ചെയ്താൽ അത് അത് അന്നനാളത്തിൽ കുടുങ്ങാൻ സാധ്യതയുണ്ട്. അത്തരത്തില്‍ ഒരു സംഭവമുണ്ടായതായി റിസർച്ച് ഗേറ്റ് പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. അതുകൊണ്ട് തന്നെ ചിയ വിത്തുകൾ കഴിക്കുന്നവർ കഴിക്കുന്നതിന് അഞ്ചു മിനുട്ട് മുൻപ് എങ്കിലും വെള്ളത്തിൽ കുതിർത്തി വെക്കാൻ ശ്രദ്ധിക്കുക.

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുന്നു

ചിയ വിത്തുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഗുരുതരമായി ബാധിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ചില ഡോക്ടർമാരുടെ അഭിപ്രായത്തിൽ രക്തം കട്ടപിടിക്കുന്നതിനും ചിയ വിത്തുകൾ കാരണമാകുന്നു. ഇത് പുരുഷൻമാരിലുണ്ടാകുന്ന പ്രോസ്‌റ്റേറ്റ് കാൻസറിനും കാരണമാകുന്നതായാണ് റിപ്പോർട്ടുകള്‍.

ദിവസം എത്ര ചിയ വിത്തുകൾ കഴിക്കണം?

നമ്മുടെ ദൈന്യംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പറ്റിയ മികച്ച ഒരുഭക്ഷണമാണ് ചിയ വിത്തുകൾ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ പഠനമനുസരിച്ച് സ്ത്രീകളും പുരുഷന്മാരും പ്രതിദിനം 25 മുതല്‍ 38 ഗ്രാം വരെ നാരുകൾ കഴിക്കണം. അമിതമായ ഉപയോഗം പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകുന്നുവെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.

Next Story