ആവി പിടിക്കുമ്പോൾ ആവേശം വേണ്ട...; ആശ്വാസം കിട്ടാൻ ഈ അബദ്ധങ്ങൾ ഒഴിവാക്കാം
ചെറിയ പാകപ്പിഴകൾ പോലും പലപ്പോഴും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

പനിക്കൊപ്പം ജലദോഷവും തുമ്മലും മൂക്കടപ്പുമൊക്കെ വന്നാൽ ആശ്വാസത്തിനായി ആദ്യം കരുതുന്നത്, 'ഒന്ന് ആവി പിടിച്ചേക്കാം' എന്നാണ്. ഇതിനായി അടുപ്പിൽ തിളപ്പിച്ച വെള്ളമോ വേപ്പറൈസറോ ഒക്കെയാണ് പലരും ഉപയോഗിക്കുന്നത്. പൂർണ രോഗമുക്തി ലഭിച്ചില്ലെങ്കിലും ഭാഗികാശ്വാസം കിട്ടാൻ ഇത് സഹായിക്കും. തലയ്ക്കുണ്ടാകുന്ന വല്ലാത്ത ഭാരമൊക്കെ മാറി സമാധാനം കിട്ടുകയും ചെയ്യും. പെട്ടെന്നുള്ള രോഗമുക്തിക്ക് എന്തെങ്കിലും ബാമോ മരുന്നുകളോ ഒക്കെ വെള്ളത്തിൽ ഇടുന്നത് പോലുള്ള അബദ്ധങ്ങൾ ചെയ്യുന്നവരുമുണ്ട്.
രോഗബാധിതനാകുന്ന ഒരാളുടെ ശ്വാസനാളത്തിൽ അണുക്കൾ നിറയും. ശ്വാസകോശ രോഗങ്ങളുൾപ്പെടെ ഒട്ടേറെ പ്രശ്നങ്ങൾക്ക് കാരണമാകുന്നത് ഇത്തരം അണുക്കളാണ്. ശ്വാസനാളത്തിലെ ഇത്തരം അണുക്കളെ നശിപ്പിക്കുകയെന്നതാണ് ആവി പിടിക്കുന്നതിന്റെ പ്രധാന ലക്ഷ്യം. മാത്രമല്ല, നനവുള്ളതും ചൂടുള്ളതുമായ നീരാവി ശ്വസിക്കുന്നതിലൂടെ അടഞ്ഞ നാസികാദ്വാരം തുറക്കും. ജലദോഷമുണ്ടാകുമ്പോൾ മൂക്കിലും ശ്വാസനാളത്തിലുമെല്ലാം അടിഞ്ഞുകൂടുന്ന കഫത്തെ അയച്ച് മുറുക്കം കുറയ്ക്കാനും അത് ഇളകിപ്പോകാനും ആവി പിടിക്കുന്നത് സഹായിക്കും. മാത്രമല്ല വീർത്ത രക്തക്കുഴലുകലുകളുടെ അസ്വസ്ഥത അകറ്റാനും ആവി പിടിക്കുന്നത് ഏറെ നല്ലതാണ്.
രണ്ട് തരത്തിലാണ് ആവി പിടിക്കുന്നത്. ശ്വാസനാളത്തിലെ തടസം നീക്കാൻ ആവി മൂക്കിലൂടെ ശ്വസിക്കുന്നതാണ് ഒരു രീതി. എന്നാൽ തല മുഴുവൻ പുതപ്പിട്ടുമൂടി ആവി പിടിക്കുന്ന രീതിയാണ് രണ്ടാമത്തേത്. ഇതോടെ ആവി പിടിക്കുന്നയാൾ മുഴുവൻ വിയർത്തു കുളിക്കും. കടുത്ത കഫക്കെട്ടും മൂക്കടപ്പും ഉണ്ടാകുമ്പോൾ ആവി പിടിക്കുന്നതിന് ഈ രീതിയാണ് സ്വീകരിക്കുക.
എന്നാൽ ആവിപിടിത്തം വളരെ ശ്രദ്ധയോടെയാവണം എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ആവി പിടിക്കുമ്പോൾ അബദ്ധങ്ങൾ ഉണ്ടാവാതെ നോക്കണം. ചെറിയ പാകപ്പിഴകൾ പോലും പലപ്പോഴും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ചെറിയ ബുദ്ധിമുട്ട് മാറാൻ ചെയ്യുന്ന അബദ്ധം മറ്റ് വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാൻ ഇടയാക്കിയേക്കാം. എല്ലാ ദിവസവും ആവി പിടിക്കുന്നതും ശരിയായ പ്രവണതയല്ല. ആവി പിടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ദീർഘനേരം ആവി പിടിക്കരുത്
പരമാവധി അഞ്ച് മുതൽ പത്ത് മിനിറ്റ് വരെയേ ആവി പിടിക്കാവൂ. അതിൽ കൂടുതൽ നേരം ആവി പിടിക്കരുതെന്നാണ് ഡോക്ടർമാർ പറയുന്നത്. ദീർഘനേരം ആവി പിടിക്കുന്നതിലൂടെ മൂക്കിനുള്ളിലെ രോമകൂമങ്ങൾ നശിക്കാനിടയാകും. പൊടിയും ബാക്ടീരിയുമൊക്കെ ശ്വാസകോശത്തിലേക്ക് പോകാതിരിക്കാൻ സഹായിക്കുന്നതാണ് ഈ രോമകൂമങ്ങൾ. ദീർഘനേരം ആവി പിടിക്കുന്നത് ഈ രോമകൂമങ്ങളെ നശിപ്പിക്കുകയും ശ്വാസ കോശത്തിലേക്ക് പൊടിയും മറ്റും കയറിപ്പോകാനും കാരണമാകും.
ഒരു കാരണവശാലും കണ്ണിലേക്ക് ആവിയടിക്കാനുള്ള സാഹചര്യം നൽകരുത്. ആവി പിടിക്കുമ്പോൾ കണ്ണുകൾ അടച്ചുപിടിക്കണം. കണ്ണിനു മുകളിൽ നനഞ്ഞ തുണികൊണ്ടു കെട്ടുകയോ അതുപോലുള്ള മറ്റു മാർഗങ്ങൾ സ്വീകരിക്കുകയോ ആവാം. പൊള്ളലേൽക്കാനുള്ള സാധ്യതയുള്ളതിനാൽ മുഖത്തോട് കൂടുതൽ ചേർത്തുവച്ച് ആവി പിടിക്കുകയും ചെയ്യരുത്. പലരും കമ്പിളിയോ പുതപ്പോ മുണ്ടോ കൊണ്ട് തലയും ദേഹവും മൂടിയാണ് ആവി പിടിക്കാറ്. ഇങ്ങനെ ചെയ്യുമ്പോൾ ചിലയിനം മരുന്നുകളും മറ്റും വെള്ളത്തിൽ കലർത്തി മുഖത്ത് ഏറെനേരം ചൂട് അടിപ്പിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
ബാമുകളോ മരുന്നുകളോ വെള്ളത്തിൽ ഇടരുത്
തലവേദനയ്ക്കും മറ്റും പുറത്തു പുരട്ടാനായി ഉപയോഗിക്കുന്ന ബാമുകൾ ആവി പിടിക്കാനുള്ള വെള്ളത്തിൽ കലർത്തി ഉപയോഗിക്കുന്നത് കണ്ടുവരാറുണ്ട്. എന്നാൽ അങ്ങനെ ചെയ്യരുത്. ഇതിനു പകരം തുളസിയിലയോ യൂക്കാലിയോ ചുമക്കൂർക്കയിലയോ പനിക്കൂർക്കയിലയോ ഉപയോഗിക്കാം. തൃത്താവ്, ഇഞ്ചിപുല്ല്, രാമച്ചം എന്നിവയും നല്ലതാണ്. ആവി പിടിക്കാനുള്ള വെള്ളത്തിൽ ഉപ്പ് ചേർത്ത് ഉപയോഗിക്കുന്നത് കൊണ്ട് കാര്യമായ പ്രയോജനമില്ല.
ആവി പിടിക്കാൻ ബാമുകളോ മരുന്നുകളോ ഉപയോഗിക്കുന്നത് പല തരത്തിലുള്ള രോഗങ്ങൾക്ക് കാരണമാകുന്നു. സൈനസ് പ്രശ്നം കാരണം കഫമുണ്ടെങ്കിൽ അത് മാറ്റാൻ വെറുംവെള്ളത്തിൽ ആവി പിടിക്കുന്നത് തന്നെയാണ് നല്ലതെന്ന് ഡോക്ടമാർ പറയുന്നു.
വേപ്പറൈസറുകൾ ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം
ആവിപിടിക്കാനായി വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വേപ്പറൈസറുകൾ വിപണിയിൽ സുലഭമാണ്. മിതമായ വിലയിൽ ഇവ മെഡിക്കൽ ഷോപ്പുകളിൽ ലഭ്യമാണ്. വേപ്പറൈസറുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
സ്വിച്ച് ഓഫ് ചെയ്തതിനു ശേഷം മാത്രമേ വെള്ളം നിറയ്ക്കുകയും ഒഴിവാക്കുകയും തുറക്കുകയും ചെയ്യാവൂ. ഉറച്ച പ്രതലത്തിൽ വച്ച് വേണം ഉപയോഗിക്കാൻ. യാതൊരു കാരണവശാലും ഉപ്പോ മറ്റു കഠിനജലമോ ഉപയോഗിക്കരുതെന്നു മാത്രമല്ല, വെള്ളത്തിൽ ബാമോ മറ്റ് മരുന്നുകളോ ചേർക്കുകയും ചെയ്യരുത്. ആവിയുടെ അളവ് വർധിപ്പിക്കാൻ മറ്റു പദാർഥങ്ങൾ ചേർക്കരുത്. വെള്ളമില്ലാത്ത അവസ്ഥയിൽ പ്രവർത്തിപ്പിക്കരുത്. മാത്രമല്ല, കുട്ടികളുടെ കൈയെത്താത്തിടത്ത് വേണം സൂക്ഷിക്കാൻ.
കുട്ടികൾക്ക് ആവി പിടിക്കുമ്പോഴും ശ്രദ്ധിക്കണം
കുട്ടികളെ ഒരിക്കലും ഒറ്റയ്ക്ക് ആവി പിടിക്കാൻ അനുവദിക്കരുത്. പൊള്ളലേൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ചൂടുവെള്ളം വീണ് പൊള്ളുന്നതിനെക്കാൾ കൂടുതൽ ആഴത്തിൽ പൊള്ളലേൽക്കുന്നത് ഒരുപക്ഷേ ആവി തട്ടുമ്പോഴായിരിക്കാം. അതിനാൽതന്നെ കുട്ടികൾ ആവി പിടിക്കുമ്പോൾ മാതാപിതാക്കൾ കൂടെ ഇരിക്കാൻ ശ്രമിക്കണം. തല ആവിയിലേക്ക് വല്ലാതെ താഴ്ത്തുകയും ചെയ്യരുത്.
Adjust Story Font
16

