Quantcast

നിസാരമല്ല, കുട്ടികളിലെ നടുവേദന; മാതാപിതാക്കൾ അറിയേണ്ടതെല്ലാം...

സ്കൂള്‍ ബാഗുകളുടെ അമിതഭാരം തന്നെയാണ് കുട്ടികളുടെ നടുവേദനക്ക് പ്രധാനകാരണം

MediaOne Logo

ലിസി. പി

  • Updated:

    2026-02-18 08:54:21.0

Published:

18 Feb 2026 1:14 PM IST

നിസാരമല്ല, കുട്ടികളിലെ നടുവേദന; മാതാപിതാക്കൾ അറിയേണ്ടതെല്ലാം...
X

മുതിര്‍ന്നവര്‍ക്ക് മാത്രമാണ് നടുവേദനയുണ്ടാകുക എന്നാണ് പൊതുവേയുള്ള ധാരണ. ഓഫീസ് ജോലിയുടെ ഭാഗമായി ദീര്‍ഘനേരം ഇരിക്കുന്നതോ, അല്ലെങ്കില്‍ വാര്‍ധക്യ സഹജമായോ ആണ് നടുവേദന സാധാരണയായി കണ്ടുവരാറുള്ളത്. എന്നാല്‍ അടുത്ത കാലത്തായി സ്കൂള്‍ കുട്ടികളും നടുവേദനയെക്കുറിച്ച് പരാതിപ്പെടുന്നുണ്ടെന്നും ചികിത്സ തേടുന്നവരുടെ എണ്ണം കൂടുകയാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ദീർഘനേരം ഇരിക്കുന്നതും, സ്കൂൾ ബാഗുകളുടെ ഭാരവും,കൂടുതല്‍ സമയം ഫോണിലേക്കും ടാബിലേക്കും നോക്കി ഇരിക്കുന്നതുമെല്ലാം കുട്ടികളുടെ നട്ടെല്ലുകളെ ബാധിക്കുന്നുണ്ട്. പുറം വേദനയെടുക്കുന്നു,അല്ലെങ്കില്‍ നടുവേദനയെടുക്കുന്നു എന്ന് കുട്ടികള്‍ പറയുന്നുണ്ടെങ്കില്‍ അതിനെ നിസാരമായി കാണരുതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

കുട്ടികൾക്ക് നടുവേദന വരുന്നത് എന്തുകൊണ്ട്?

ഭാരമുള്ള സ്കൂൾ ബാഗുകൾ

കുട്ടികളുടെ നടുവേദനക്ക് പ്രധാനകാരണങ്ങളിലൊന്ന് സ്കൂള്‍ ബാഗുകള്‍ തന്നെയാണ്. അമിതഭാരമുള്ള ബാഗുകളും ചുമലിലേറ്റിയാണ് കുട്ടികള്‍ സ്കൂളിലേക്ക് ദിവസവും പോകുന്നത്. ബാഗ് രണ്ടുതോളിലും ഇടണമെന്ന് പറഞ്ഞുകൊടുത്താലും പല കുട്ടികളും ഒരു തോളില്‍ മാത്രമായിരിക്കും ബാഗ് ഇടാറുള്ളത്. ഇത് മൂലം നട്ടെല്ലിനും ചുറ്റുമുള്ള പേശികള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കും. സ്കൂള്‍ ബാഗിന്‍റെ ഭാരം കുട്ടിയുടെ ശരീരഭാരത്തേക്കാള്‍ 10 മുതൽ 15 ശതമാനം വരെ കവിയാൻ പാടില്ല എന്നാണ് വിദഗ്ധർ പറയുന്നത്. എന്നാല്‍ നിർഭാഗ്യമെന്ന് പറയട്ടെ, നമ്മുടെ പല കുട്ടികളും ശരീരഭാരത്തേക്കാള്‍ കൂടുതല്‍ ഭാരം ചുമക്കുന്നുണ്ടെന്നാണ് സത്യം.

ദീര്‍ഘനേരം കുനിഞ്ഞിരിക്കുക

കുട്ടികള്‍ പലപ്പോഴും ശരിയായ രീതിയില്‍ ഇരിക്കാറില്ല. പലരും കസേരയില്‍ കുനിഞ്ഞാണ് ഇരിക്കാറുള്ളത്. എഴുതുമ്പോൾ മുന്നോട്ട് കുനിയുക, മൊബൈൽ ഫോണും ടാബ്‌ലെറ്റും കാണാന്‍ കുനിഞ്ഞ് ഇരിക്കുക തുടങ്ങിയവയെല്ലാം ക്രമേണ നട്ടെല്ലിന് സമര്‍ദം ചെലുത്തും. ദീര്‍ഘനേരം ഇത്തരത്തില്‍ ഇരിക്കുന്നത് പേശികളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും.

അമിതമായ സ്ക്രീൻ സമയം

കുട്ടികളിലെ നടുവേദനക്ക് മറ്റൊരു പ്രധാന കാരണം ഡിജിറ്റല്‍ ഉപകരണങ്ങളിൽ മണിക്കൂറുകൾ ചെലവഴിക്കുന്നത് തന്നെയാണ്. ദീര്‍ഘനേരം കുനിഞ്ഞിരുന്ന് മൊബൈല്‍ കാണുന്നത് കുട്ടികളിൽ വ്യാപകമായി കാണപ്പെടുന്ന ഏറ്റവും അപകടകരമായ ശീലങ്ങളിലൊന്നാണ്.

ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം

ലോകാരോഗ്യ സംഘടനയുടെ സമീപകാല ഡാറ്റ പ്രകാരം , 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ വെല്ലുവിളികളിൽ ഒന്നാണ് അമിതഭാരവും പൊണ്ണത്തടിയും. മുന്‍കാലങ്ങളില്‍ കുട്ടികള്‍ പറമ്പിലും പാടത്തുമെല്ലാം ഓടിയും ചാടിയും കളിക്കുമായിരുന്നു. എന്നാല്‍ ഫ്ളാറ്റ് സംസ്കാരം വ്യാപകമായതോടെ കുട്ടികള്‍ വീടിനുള്ളില്‍ തന്നെ ഒതുക്കപ്പെട്ടു. വീട്,സ്കൂള്‍,ട്യൂഷന്‍, ബാക്കിയുള്ള സമയം ഫോണിലും ടിവിയിലും എന്ന നിലയിലേക്ക് എത്തി. ഫാസ്റ്റ് ഫുഡുകളുടെ ഉപയോഗം വര്‍ധിച്ചതും കുട്ടികളില്‍ പൊണ്ണത്തടിക്ക് കാരണമാകുകയും ചെയ്തു. ശാരീരികമായ പ്രവര്‍ത്തനങ്ങള്‍ കുറയുന്നത് പുറകിലെ പേശികളെ ദുര്‍ബലമാക്കുകയും കുട്ടികള്‍ക്ക് പുറംവേദനക്കും നടുവേദനക്കും കാരണമാകുകയും ചെയ്യും.

മാതാപിതാക്കൾ അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന നടുവേദന.

രാത്രിയില്‍ വേദന വല്ലാതെ കൂടുക

പനിയോടൊപ്പം നടുവേദന

ഭാരം ക്രമേണ കുറഞ്ഞ് വരിക

കാലുകളിൽ മരവിപ്പ്, ബലഹീനത

നടക്കാനോ നിവർന്നു നിൽക്കാനോ ബുദ്ധിമുട്ട്

ഇത്തരം പരാതികള്‍ കുട്ടി ഇടക്കിടെ പറയുകയും അവരുടെ ദൈനംദിന പ്രവർത്തനങ്ങളെ പോലും വേദന തടസപ്പെടുത്തുകയും ചെയ്താല്‍ ഡോക്ടറെ കാണാന്‍ മടിക്കരുത്.

ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാം..

കുട്ടികളോട് എപ്പോഴും നിവർന്നു ഇരിക്കാന്‍ പറയുക

പഠിക്കാനിരിക്കുമ്പോൾ രണ്ട് കാലുകളും തറയിൽ ഉറപ്പിച്ച് വയ്ക്കുക.

മൊബൈല്‍ നോക്കുമ്പോൾ കഴുത്ത് താഴേക്ക് വളയ്ക്കുന്നതിന് പകരം കണ്ണിന്റെ നിരപ്പിൽ സ്ക്രീനുകൾ വയ്ക്കുക.

മണിക്കൂറുകളോളം തുടർച്ചയായി ഇരിക്കാന്‍ കുട്ടികളെ അനുവദിക്കരുത്.

ഹോംവര്‍ക്കുകള്‍ ചെയ്യുന്ന സമയത്ത് കുട്ടികളോട് ഇടക്കിടക്ക് നടക്കാനായി പറയുക.

കുട്ടികളെ ലഘുവ്യായാമങ്ങള്‍ പരിശീലിപ്പിക്കുക

നീന്തൽ, സൈക്ലിംഗ്, യോഗ തുടങ്ങിയവ പേശികളെ ശക്തിപ്പെടുത്തുന്ന വ്യായാമങ്ങളാണ്.ഇവയും പരിശീലിപ്പിക്കുക

കുട്ടികള്‍ക്ക് ഉറങ്ങാന്‍ അനുയോജ്യമായ കിടക്കയും തലയിണയും നല്‍കുക. ശരിയായ ഉറക്കം നട്ടെല്ലിന്‍റെ ആരോഗ്യത്തിനും സഹായിക്കും.

എപ്പോഴാണ് നടുവേദന ഗുരുതരമാകുന്നത്?

നടുവേദന കഠിനമോ, സ്ഥിരമോ, അല്ലെങ്കിൽ മറ്റ് അസാധാരണമായ ലക്ഷണങ്ങളോടൊപ്പമോ ആണ് കുട്ടികള്‍ക്ക് അനുഭവപ്പെടുന്നതെങ്കില്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. ചിലപ്പോള്‍ നട്ടെല്ലിലെ അണുബാധകൾ, നീര്‍ക്കെട്ട് മൂലമുണ്ടാകുന്ന തകരാറുകൾ, ഘടനാപരമായ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടും കുട്ടികള്‍ക്ക് വേദനകള്‍ വരാം. ചില കുട്ടികള്‍ക്കാകട്ടെ പഠത്തിലുള്ള സമ്മര്‍ദം, ഉത്കണ്ഠ,ഭയം എന്നിവയും നടുവേദനയടക്കമുള്ള ശാരീരിക അസ്വസ്ഥതകളായി കണ്ടുവരാറുണ്ട്. ഈ സാഹചര്യത്തില്‍ കുട്ടികളുമായി മനസ് തുറന്ന് സംസാരിക്കേണ്ടത് അത്യാവശ്യമാണ്.

TAGS :

Next Story