ഇന്ന് ഉറങ്ങിയില്ലെങ്കിൽ പിന്നെപ്പോഴാ.... ലോക നിദ്രാദിനത്തിൽ ജീവനക്കാർക്ക് അവധി നൽകി കമ്പനി
നേരത്തെ ജീവനക്കാർക്ക് ഉച്ചയുറക്കത്തിന് സമയം അനുവദിച്ചും കമ്പനി വാർത്തകളിലിടം നേടിയിരുന്നു

ഇന്ന് മാർച്ച് 17-ലോക നിദ്രാദിനം. ഈ ദിവസത്തിന് ഇങ്ങനെയൊരു പ്രത്യേകതയുണ്ടെന്ന് കരുതി ഇന്ന് മുഴുവൻ ഉറങ്ങാൻ പറ്റുമോ എന്നല്ലേ? എങ്കിൽ ഇന്ന് മുഴുവൻ സ്വസ്ഥമായി ഉറങ്ങിക്കോളൂ എന്ന് ജീവനക്കാരോട് പറഞ്ഞിരിക്കുകയാണ് ഒരു കമ്പനി. അതും വിദേശത്തൊന്നുമല്ല, നമ്മുടെ ബെംഗളൂരുവിൽ.
വേക്ഫിറ്റ് എന്ന മെത്തക്കമ്പനിയാണ് ഇന്ന് ജീവനക്കാർക്ക് സർപ്രൈസ് അവധി നൽകിയിരിക്കുന്നത്. ബെംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനി ഇന്ന് ജീവനക്കാർക്ക് അവധി നൽകിയത് ചൂണ്ടിക്കാട്ടി ലിങ്ക്ഡിനിൽ ഇത് സംബന്ധിച്ച പോസ്റ്റും പങ്ക് വച്ചു. സാധാരണ ഏതൊരു അവധിയെടുക്കും പോലെയും ഇന്ന് അവധി എടുക്കാമെന്നും അവധി ഓപ്ഷണൽ ആണെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നേരത്തെ, ഉച്ചയ്ക്ക് 2 മുതൽ 2.30 വരെ ജീവനക്കാർക്ക് ഉറക്കത്തിന് സമയം അനുവദിച്ചും വേക്ക്ഫിറ്റ് വാർത്തകളിലിടം നേടിയിരുന്നു.
ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനും മികച്ച ഉറക്കശീലങ്ങൾ വളർത്തിയെടുക്കുക എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനുമായി വേൾഡ് സ്ലീപ് സൊസൈറ്റിയാണ് ലോക നിദ്രാ ദിനം സംഘടിപിച്ചത്. സൊസൈറ്റിയുടെ നേതൃത്വത്തിൽ ഉറക്കത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി ബോധവത്കരണ ക്ലാസുകളും വിവിധ പരിപാടികളും ഈ ദിവസം നടക്കും.
Adjust Story Font
16