Quantcast

'ആൺകുട്ടികൾ കരയരുത്...'; മകനോട് ഇങ്ങനെ പറയാറുണ്ടോ?

കരയുന്ന പുരുഷന്മാര്‍ ദുര്‍ബലരാണെന്ന് നിരന്തരം കേട്ട് വളരുന്ന കുട്ടികളില്‍ ഇതുണ്ടാക്കുന്ന സ്വാധീനം ചെറുതല്ല...

MediaOne Logo

Web Desk

  • Published:

    24 Dec 2025 1:33 PM IST

ആൺകുട്ടികൾ കരയരുത്...; മകനോട് ഇങ്ങനെ പറയാറുണ്ടോ?
X

കഴിഞ്ഞദിവസം അന്തരിച്ച നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് മക്കളായ വിനീതും ധ്യാനും പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ കണ്ടവരാണ് നമ്മൾ..ആൺകുട്ടികൾ ഇങ്ങനെ പൊട്ടിക്കരയുന്നത് ആദ്യമായാണ് കാണുകയാണെന്ന് നിരവധി കമന്റുകളാണ് ആ വിഡിയോകൾക്കടിയിൽ നിറഞ്ഞുനിന്നത്.

ആൺകുട്ടികൾ കരയാൻ പാടില്ല എന്ന മനുഷ്യരുടെ ഉള്ളിലുള്ള ചിന്താഗതിയാണ് ഇതിന് പിന്നിലെന്നതാണ് സത്യം. ഏതെങ്കിലും ആൺകുട്ടികൾ കരയുമ്പോൾ 'നീയെന്താണ് പെൺകുട്ടിയാണോ ഇങ്ങനെ കരയാൻ...' എന്ന് പറഞ്ഞ് അമ്മയോ അച്ഛനോ കൂട്ടുകാരോ ഒക്കെ കളിയാക്കുകയും ചെയ്യും..ഇ ത് ചെറുപ്പകാലം മുതൽ കേട്ട് കേട്ട് വളരുന്ന ആൺകുട്ടികളുടെ ഉള്ളിലും തങ്ങൾ കരയാൻ പാടില്ലെന്ന ചിന്ത ഉറക്കുകയും ചെയ്യും.ഇതിന്റെ ഫലമോ അവരുടെ മാനസിക വളർച്ചയെ തന്നെ ബാധിക്കുകയും ചെയ്യും.

വേദന, നഷ്ടം, അസ്വസ്ഥത, സന്തോഷം എന്നിവയോടുള്ള മനുഷ്യന്റെ പ്രതികരണമാണ് കണ്ണുനീർ. പുരുഷന്മാർ അവരുടെ വികാരങ്ങൾ, പ്രത്യേകിച്ച് സങ്കടമോ ,വേദനയോ പ്രകടിപ്പിക്കുന്നത് അവർ ദുർബലരാണെന്നതിന്റെ ലക്ഷണമാണെന്ന് പറഞ്ഞ് പഠിപ്പിക്കുമ്പോൾ,അവർ ആ വികാരങ്ങളെ അടിച്ചമർത്തും. ഇതുവഴി തങ്ങളുടെ വികാരങ്ങൾ തിരിച്ചറിയാതെ പോകുകകയോ,അവ പ്രകടിപ്പിക്കാൻ കഴിയാതെ വരികയോ ചെയ്യുന്നു.

കരച്ചിൽ പുരുഷന്മാരുടെ സ്വഭാവമല്ലെന്ന് നിരന്തരം പറയുമ്പോൾ അവർ വികാരങ്ങൾ പ്രകടിപ്പിക്കാൻ മറക്കുകകയോ,മറ്റുള്ളവരോട് സഹാനുഭൂതി കാണിക്കാനോ കഴിയാത്തവരായി വളരും. കുട്ടികൾ വളർന്ന് വലുതാകുമ്പോൾ ഈ സ്വഭാവം അവരുടെ ഭാവി ജീവിതത്തിലെ ബന്ധങ്ങളെത്തന്നെ ബാധിക്കുകയും ചെയ്യും.

കുട്ടികൾക്ക് അവരുടെ വികാരങ്ങൾ, അത് സന്തോഷമോ,സങ്കടമോ ആയിക്കൊള്ളട്ടെ...അത് പ്രകടിപ്പിക്കാനുള്ള പരിശീലനവും നൽകേണ്ടത് പ്രധാനമാണ്. ഇതുവഴി തങ്ങളുടെ വികാരങ്ങളെ തിരിച്ചറിയാനും അത് പ്രകടിപ്പിക്കാനും അവർ പഠിക്കും. വികാരങ്ങളെ അടിച്ചമർത്തുന്നത് പുരുഷന്മാരില്‍ ഉത്കണ്ഠ, വിഷാദം, ലഹരിവസ്തുക്കളുടെ ദുരുപയോഗം, ആത്മഹത്യ എന്നിവയ്ക്കും കാരണങ്ങളാകുന്നുണ്ടെന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

TAGS :

Next Story