രാത്രി പല്ല് തേക്കാറില്ലേ? എങ്കിൽ പണി കിട്ടുന്നത് ഹൃദയത്തിനാണ്!
രാത്രിയിൽ പല്ല് തേക്കാത്തവരിൽ ഹൃദ്രോഗ സാധ്യത കൂടുതലാണെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്

രാത്രി കിടക്കുന്നതിന് മുമ്പ് പല്ല് തേക്കുന്നത് ഒരു ചെറിയ കാര്യമായി കണ്ട് ഒഴിവാക്കുന്നവർ ഒരുപാടുണ്ട്. ക്ഷീണം കൊണ്ടോ, മറക്കുന്നത് കൊണ്ടോ, തിരക്കുകൾ കൊണ്ടോ ആവാം ഇത്. പല്ല് കേട്, വായ്നാറ്റം എന്നിവ മാത്രമല്ലേ വരുകയുള്ളൂവെന്ന് കരുതിയാണ് പലരും ഇങ്ങനെ ചെയ്യുന്നത്. എന്നാൽ, നമ്മുടെ വായുടെ ആരോഗ്യത്തിലും മൊത്തത്തിലുള്ള ആരോഗ്യത്തിലും രാത്രിയിലുള്ള പല്ലുതേപ്പ് വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് മനസിലാക്കിയിരിക്കണം. രാത്രിയിൽ പല്ല് തേക്കാത്തവരിൽ ഹൃദ്രോഗ സാധ്യത കൂടുതലാണെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
രാത്രിയിലെ പല്ലുതേപ്പ് എന്തുകൊണ്ട് നിർബന്ധം?
പകൽ മുഴുവൻ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ, ബാക്ടീരിയകൾ എന്നിവ ഒഴിവാക്കാൻ രാത്രിയിലെ പല്ലുതേപ്പാണ് സഹായിക്കുന്നത്. പല്ല് തേക്കാതിരുന്നാൽ രാത്രി മുഴുവൻ വായയ്ക്കുള്ളിൽ ബാക്ടീരിയകൾ പെരുകാൻ കാരണമാകും. ഉറങ്ങുമ്പോൾ ശരീരത്തിൽ ഉമിനീരിന്റെ ഉത്പാദനം കുറവായതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. നമ്മുടെ വായിലെ അണുക്കളെ പ്രതിരോധിച്ച് വായെയും പല്ലുകളെയും സംരക്ഷിക്കുന്നതിൽ ഉമിനീര് വലിയ പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ ഉറങ്ങുമ്പോൾ വായിൽ ഉമിനീര് കുറവായതിനാൽ പകലത്തെപ്പോലെ ദോഷകരമായ ബാക്ടീരിയകൾ പോകില്ലെന്നും ഓർത്തിരിക്കണം.
ഈ ബാക്ടീരിയകൾ പല്ലുകൾക്ക് കേടുവരുത്തുന്നത് കൂടാതെ, രക്തയോട്ടത്തിൽ കലർന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ വീക്കത്തിനും എരിച്ചിലിനും കാരണമായേക്കാം. ഇതിൽ നിന്നും രക്ഷ നേടണമെങ്കിൽ തീർച്ചയായും ഫ്ലൂറൈഡ് അടങ്ങിയ പേസ്റ്റ് ഉപയോഗിച്ച് ദിവസവും കുറഞ്ഞത് രണ്ടുനേരമെങ്കിലും പല്ല് തേച്ചേ മതിയാകൂ. പല്ല് തേക്കുമ്പോൾ ഒന്ന് രാവിലെയും മറ്റൊന്ന് രാത്രിയിലും ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്ക് കളയുന്നതോടൊപ്പം പല്ല് ദ്രവിക്കുന്നത് തടയാനും മോണകളെ ബാധിക്കുന്ന ജിൻജിവൈറ്റിസ്, പിരിയോഡൊന്റൈറ്റിസ് തുടങ്ങിയ രോഗങ്ങൾ തടയാനും രാത്രിയിലെ പല്ലുതേപ്പ് സഹായിക്കും.
രാത്രിയിലെ പല്ല് തേപ്പും ഹൃദ്രോഗവും തമ്മിലുള്ള ബന്ധം
രാത്രിയിൽ പല്ല് തേക്കാത്തവരിൽ പല്ല് തേക്കുന്നവരെ അപേക്ഷിച്ച് ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണെന്നാണ് യൂറോപ്യൻ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച പഠനനത്തിൽ വ്യക്തമാകുന്നത്. അതായത്, നന്നായി വായയുടെ ശുചിത്വം പരിപാലിക്കുന്നതിലൂടെ നിങ്ങൾക്ക് ഹൃദ്രോഗ സാധ്യതയും ഹൃദയസ്തംഭന സാധ്യതയും കുറയ്ക്കാൻ കഴിയും. വായയിലെ ശുചിത്വവും ഹൃദയാരോഗ്യവും തമ്മിൽ വലിയ ബന്ധൃമുണ്ടെന്നാണ് ഡോക്ടറും ജനറൽ ഫിസിഷ്യനുമായ ഡോ. കുനാൽ സൂദും പറയുന്നത്. മോണകളിലെ വീക്കവും ചുവപ്പുനിറവും അണുബാധയുടെ ലക്ഷണമാകാം, ഇത് ഹൃദയമിടിപ്പിനെയും രക്തധമനികളെയും സമ്മർദത്തിലാക്കുമെന്നും ഓർത്തിരിക്കണം.
ഓർക്കുക, ദിവസവും രണ്ടുനേരം പല്ല് തേക്കുക, മൗത്ത് വാഷ് ഉപയോഗിക്കുക, പുകവലി ഒഴിവാക്കുക, മധുരപലഹാരങ്ങളും പാനീയങ്ങളും കുറയ്ക്കുക എന്നിവയിലൂടെ നമ്മുക്ക് പല്ലിന്റെ ആരോഗ്യവും അതുവഴി ഹൃദയാരോഗ്യവും ഉറപ്പാക്കാൻ സാധിക്കും.
(ശ്രദ്ധിക്കുക: ഈ ലേഖനം പൊതുവായ വിവരങ്ങൾ നൽകാൻ മാത്രമുള്ളതാണ്. ഫിറ്റ്നസുമായി ബന്ധപ്പെട്ട നിങ്ങളുടെ വ്യക്തിപരമായ സംശയങ്ങൾക്ക് എപ്പോഴും അംഗീകൃത ട്രെയിനറുടെയോ ഡോക്ടറുടെയോ ഉപദേശം തേടുക.)
Adjust Story Font
16

