Quantcast

മസ്തിഷ്‌ക രോഗങ്ങളുള്ളവരെ കാലാവസ്ഥാ വ്യതിയാനം 'പിടികൂടും'; പുതിയ പഠന റിപ്പോർട്ട് ഇങ്ങനെ...

ലാൻസെറ്റ് ന്യൂറോളജി ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ ഗവേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

MediaOne Logo

Web Desk

  • Updated:

    2024-05-19 08:30:53.0

Published:

19 May 2024 8:26 AM GMT

Climate change l
X

മൈഗ്രെയ്ൻ, അൽഷിമേഴ്‌സ് തുടങ്ങിയ മസ്തിഷ്‌ക രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന ആളുകളുടെ ആരോഗ്യത്തെ കാലാവസ്ഥാ വ്യതിയാനം പ്രതികൂലമായി ബാധിക്കുമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. ലാൻസെറ്റ് ന്യൂറോളജി ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ ഗവേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന തീവ്രമായ താപനിലയും ഏറ്റക്കുറച്ചിലുകളുമെല്ലാം മസ്തിഷ്ക രോഗങ്ങളില്‍ വലയുന്നവരെ പ്രയാസകരമായി ബാധിക്കുമെന്നാണ് യു.കെയിലെ യൂണിവേഴ്‌സിറ്റി കോളജ് ലണ്ടൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോളജിയിലെ പ്രമുഖ ഗവേഷകൻ സഞ്ജയ് സിസോദിയ വ്യക്തമാക്കുന്നത്.

1968നും 2023 നും ഇടയിൽ ലോകമെമ്പാടുമുള്ള 332 പ്രബന്ധങ്ങൾ അവലോകനം ചെയ്താണ് പഠനം നടത്തിയത്. സ്ട്രോക്ക്, മൈഗ്രെയ്ൻ, അൽഷിമേഴ്സ്, അപസ്മാരം, തുടങ്ങി നാഡീസംബന്ധമായ 19 രോഗങ്ങളാണ് ഇക്കാലയളവില്‍ പ്രധാനമായും പരിശോധിച്ചത്. ഉയർന്ന താപനിലയിലോ ഉഷ്ണതരംഗങ്ങളിലോ ഉള്ള കാലാവസ്ഥയിലാണ് മസ്തിഷ്കാഘാതം മൂലമുണ്ടാകുന്ന വൈകല്യങ്ങൾ അല്ലെങ്കിൽ മരണങ്ങൾ കൂടുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക വൈകല്യങ്ങളെ കാലാവസ്ഥാ വ്യതിയാനം എങ്ങനെ ബാധിച്ചുവെന്നും സംഘം പരിശോധിച്ചു. ഭാരമേറിയ സ്വാധീനം തന്നെ ചെലുത്തുന്നുവെന്നാണ് മനസിലായത്.

അതേസമയം ആ​ഗോളതലത്തിൽ തന്നെ വിവിധ ന്യൂറോളജിക്കൽ അവസ്ഥകളിലൂടെ കടന്നു പോകുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണം ​ഗണ്യമായി വർധിച്ചതായി നേരത്തെ ലാൻസെറ്റ് ന്യൂറോളജി പുറത്തുവിട്ട ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ്‌ ഡിസീസ്‌, ഇഞ്ചുറീസ്‌ ആന്‍ഡ്‌ റിസ്‌ക്‌ ഫാക്ടേഴ്‌സ്‌ സ്റ്റഡി എന്ന റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ 30 വർഷത്തിനിടെ രോ​ഗികളുടെ നിരക്ക് 18 ശതമാനം വർധിച്ചു. 2021ൽ മൂന്ന് കോടിയിലധികം ആളുകൾക്ക് നാഡീവ്യൂഹപരമായ പ്രശ്നങ്ങൾ ഉള്ളതായി പഠനറിപ്പോർട്ടിൽ പറയുന്നു. സ്ട്രോക്ക്, നിയോനാറ്റൽ എൻസെഫലോപ്പതി (മസ്തിഷ്ക ക്ഷതം), മൈഗ്രെയ്ൻ, ഡിമെൻഷ്യ, ഡയബറ്റിക് ന്യൂറോപ്പതി (നാഡി ക്ഷതം), മെനിഞ്ചൈറ്റിസ്, അപസ്മാരം, മാസം തികയാതെയുള്ള ജനനം മൂലമുള്ള ന്യൂറോളജിക്കൽ സങ്കീർണതകൾ, ഓട്ടിസം സ്പെക്ട്രം ഡിസോർഡർ, നാഡീവ്യൂഹ സംവിധാനത്തിലെ അർബുദം എന്നിവയാണ് ആശങ്കപ്പെടുത്തുന്ന പ്രധാന നാഡീവ്യൂഹ രോ​ഗങ്ങൾ.

TAGS :

Next Story