ബാത്റൂം ക്ലീനറുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്താതിരിക്കുക; ശ്വാസകോശത്തെ തകരാറിലാക്കുമെന്ന് മുന്നറിയിപ്പ്
മിക്ക ടോയ്‌ലറ്റ് ക്ലീനറുകളിലും ഹൈഡ്രോക്ലോറിക് ആസിഡ്, ബ്ലീച്ച്, അമോണിയ, ഓക്‌സിഡൈസറുകൾ തുടങ്ങിയ ശക്തമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്.

- Updated:
2026-01-01 09:11:23.0

ബാത്റൂം വൃത്തിയാക്കാനായി നിരവധി ക്ലീനിങ് ഉല്‍പന്നങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്..ടോയ്‍ലറ്റ് വൃത്തിയാക്കാനും ബാത്റൂമിന്‍റെ ടൈലുകള്‍ വൃത്തിയാക്കാനുമെല്ലാം പ്രത്യേകം ക്ലീനറുകളുണ്ട്. എന്നാല്‍ ഇത്തരം ക്ലീനറുകള്‍ ഉപയോഗിക്കുമ്പോൾ സംഭവിക്കുന്ന ചെറിയ പിഴവുകൾ പോലും ജീവൻ വരെ അപകടത്തിലാക്കിയേക്കുമെന്നാണ് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നത്.
ബാത്ത്റൂം വൃത്തിയാക്കാൻ രണ്ട് ടോയ്‌ലറ്റ് ക്ലീനറുകൾ കലർത്തിയതിന് പിന്നാലെ യുവതി ശ്വാസം കിട്ടാതെ കുഴഞ്ഞുവീണ മുംബൈയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബാത്റൂം ക്ലീനറുകള്‍ കലര്‍ത്തി വൃത്തിയാക്കുന്നതിനിടെ വിഷപ്പുക നിറയുകയും മിനുറ്റുകള്‍ക്കുള്ളില്‍ യുവതി കുഴഞ്ഞുവീഴുകയുമായിരുന്നു. തക്ക സമയത്ത് കുടുംബാംഗങ്ങള്‍ ഇത് കാണുകയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തതുകൊണ്ടാണ് യുവതിക്ക് ജീവന്‍ തിരിച്ചുകിട്ടിയത്.
ടോയ്‌ലറ്റ് ക്ലീനറുകൾ ശക്തമായ രാസവസ്തുക്കൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. മിക്ക ടോയ്‌ലറ്റ് ക്ലീനറുകളിലും ഹൈഡ്രോക്ലോറിക് ആസിഡ്, ബ്ലീച്ച്, അമോണിയ, ഓക്‌സിഡൈസറുകൾ തുടങ്ങിയ ശക്തമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. രണ്ട് വ്യത്യസ്ത ക്ലീനറുകൾ കൂടിച്ചേരുമ്പോൾ, അവ വേഗത്തിൽ പ്രതികരിക്കുകയും വിഷവാതകങ്ങൾ പുറത്തുവിടുകയും ചെയ്യും. ആസിഡുകൾ ബ്ലീച്ചുമായി കലരുകയും ക്ലോറിൻ വാതകം പുറത്തുവിടുകയും ചെയ്യും. തറയില്‍ കുനിഞ്ഞുനിന്ന് വൃത്തിയാക്കുന്ന സമയത്ത് ഈ വിഷവാതകം നെഞ്ചിലും മൂക്കിലുമെല്ലാം അടിച്ചുകയറുകയും ചെയ്യും. പിന്നാലെ ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട്, ശ്വാസനാളങ്ങൾ ചുരുങ്ങുക പോലുള്ളവക്ക് കാരണമാകും.
ക്ലോറിനും സമാനമായ വാതകങ്ങളും ശ്വാസനാളത്തിന്റെ പാളിയെ പൊള്ളലേല്‍പ്പിക്കാം. ഈ പരിക്ക് കൂടുതല്‍ ഗുരുതരമാകുകയും റിയാക്ടീവ് എയർവേയ്‌സ് ഡിസ്‌ഫങ്‌ഷൻ സിൻഡ്രോം എന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. ദീര്‍ഘനാള്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ ആവശ്യമായി വരികയും ചെയ്യും. ഇത് പിന്നീട് ജീവിതകാലമുടനീളമുള്ള ശ്വസന ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകുകയും ചെയ്യും. ഇന്ത്യയിലുടനീളം സമാനമായ നൂറുക്കണക്കിന് കേസുകളാണ് സംഭവിക്കുന്നതെന്നാണ് കണക്കുകള്‍ പറയുന്നത് .എന്നാല്‍ ഇവയില്‍ പലതും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ട്.
അപകടങ്ങള്‍ ഒഴിവാക്കാം....
ഇന്ത്യയിലെ ഒട്ടുമിക്ക വീടുകളിലും ചെറുതും വായുസഞ്ചാരം കുറവുള്ളതുമായ കുളിമുറികളായിരിക്കും. പലപ്പോഴും ചെറിയ ജനാലകള്‍ പോലുമുണ്ടാകില്ല. . ശുദ്ധവായു ഇല്ലാത്തതിനാല്‍ രാസവസ്തുക്കളുടെ സാന്ദ്രത വേഗത്തിൽ ഉയരുന്നു. വിഷപ്പുക വീട്ടിലുള്ള കുട്ടികളും പ്രായമായവരും ശ്വസിക്കാനിടയായാല്‍ അപകടം ഗുരുതരമാകും.ബാത്റൂം വൃത്തിയാക്കുന്നവര്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിച്ചിരിക്കണം...
ബാത്റൂം വൃത്തിയാക്കാനായി ഒരു സമയം ഒരു ക്ലീനര്‍ മാത്രം ഉപയോഗിക്കുക.
ക്ലീനറുകളുടെ ലേബല്‍ ശ്രദ്ധാപൂര്‍വം വായിച്ചു നോക്കുക
ക്ലീനറുകൾ പ്രത്യേകം സൂക്ഷിക്കുക
ബാത്റൂമിന്‍റെ വിൻഡോകൾ പൂർണ്ണമായും തുറന്നിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
എക്‌സ്‌ഹോസ്റ്റ് ഫാൻ തുടർച്ചയായി പ്രവർത്തിപ്പിക്കുക
ശുദ്ധവായു ലഭിക്കാൻ ഇടക്കിടക്ക് പുറത്തിറങ്ങുന്നതും നല്ലതാണ്.
ടോയ്‍ലറ്റ് വൃത്തിയാക്കുന്നവര്‍ കയ്യുറകള്‍ ധരിക്കാന്‍ മറക്കരുത്. പഴയ വസ്ത്രങ്ങള്‍ ധരിക്കാം.
എന്തെങ്കിലും തരത്തിലുള്ള ദുര്‍ഗന്ധമോ,അസാധാരണമായ ഗന്ധമോ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ ബാത്റൂമില്‍ നിന്ന് പുറത്തിറങ്ങുകയും വീട്ടിലെ വാതിലുകളും ജനാലകളും തുറന്നിടാന്‍ ശ്രമിക്കുകയും ചെയ്യുക.
കുടുംബാംഗങ്ങളെ ഈ സുരക്ഷാ ശീലങ്ങൾ പഠിപ്പിക്കുന്നതും ഇത്തരം അപകടങ്ങൾ തടയാൻ സഹായിക്കും.
വെള്ളം കുടിക്കുന്നത് തൊണ്ടക്ക് ആശ്വാസം നല്‍കും.എന്നാല്‍ വീട്ടുവൈദ്യങ്ങൾ ശ്വാസനാളത്തിലെ വീക്കം വഷളാക്കിയേക്കാം
ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് തുടരുകയാണെങ്കില്‍ ഉടന്‍ തന്നെ ചികിത്സ തേടാം..
Adjust Story Font
16
