Quantcast

'വീട്ടിലെ അടുക്കള രോഗകേന്ദ്രമാകുമ്പോൾ'; ഈ തെറ്റുകൾ ഒഴിവാക്കാം...

നമ്മൾ നിസാരമെന്ന് കരുതുന്ന ശീലങ്ങളാണ് നമ്മുടെ ആരോഗ്യത്തെ പതുക്കെ നശിപ്പിക്കുന്നത്

MediaOne Logo
വീട്ടിലെ അടുക്കള രോഗകേന്ദ്രമാകുമ്പോൾ;  ഈ തെറ്റുകൾ ഒഴിവാക്കാം...
X

ഏതൊരു വീടിന്‍റെയും കേന്ദ്രബിന്ദുവാണ് അടുക്കള. വീട്ടിലുള്ളവരുടെ ആരോഗ്യകാര്യങ്ങളില്‍ വലിയൊരു പങ്കാണ് അടുക്കളക്കുള്ളത്. പുറത്ത് നിന്ന് ഭക്ഷണം കഴിക്കാതെ നാം വീട്ടിലേക്ക് ഓടുന്നത് രുചിയൂറുന്നതും അതോടൊപ്പം ആരോഗ്യകരവുമായ ഭക്ഷണം നമുക്ക് അവിടെ നിന്ന് കിട്ടും എന്നുറപ്പുള്ളത് കൊണ്ട് തന്നെയാണ്. എന്നാല്‍ നമ്മുടെ അടുക്കളകള്‍ രോഗങ്ങളുടെ ഉറവിടമായി മാറുന്നുണ്ടെങ്കിലോ.. ചിന്തിക്കാന്‍ പോലും പറ്റുന്നില്ല അല്ലേ..നമ്മള്‍ വരുത്തുന്ന ചില തെറ്റുകളോ പിഴവുകളോ നമ്മുടെ അടുക്കളകളെ രോഗകേന്ദ്രങ്ങളായി മാറ്റുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

നമ്മുടെ പ്രിയപ്പെട്ട അച്ചാറുകൾ മുതൽ പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ വരെ - നമ്മൾ നിസ്സാരമെന്ന് കരുതുന്ന ശീലങ്ങൾ എങ്ങനെയാണ് നമ്മുടെ ആരോഗ്യത്തെ പതുക്കെ നശിപ്പിക്കുന്നതെന്ന് നോക്കാം.

എണ്ണയുടെയും നെയ്യിന്‍റെയും അമിത ഉപയോഗം

ഇന്ത്യൻ പാചകരീതിയിൽ രുചി കൂട്ടാനായി എണ്ണയും നെയ്യും ധാരാളമായി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവയുടെ അമിത ഉപയോഗം കൊളസ്ട്രോൾ വർധിപ്പിക്കാനും ഹൃദയസംബന്ധമായ അസുഖങ്ങൾക്കും അമിതവണ്ണത്തിനും കാരണമാകുന്നു. വീട്ടിലുണ്ടാക്കുന്നതല്ലേ,വേറെ കുഴപ്പമൊന്നുമുണ്ടാകില്ലെന്ന ആത്മവിശ്വാസം തത്കാലത്തേക്ക് മാറ്റി നിര്‍ത്തുക.വീട്ടില്‍ നിന്നായാലും പുറത്ത് ഹോട്ടലില്‍ നിന്നായാലും അമിതമായ എണ്ണ ഉപയോഗിച്ചുള്ള ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് ആരോഗ്യത്തെ അപകടത്തിലാക്കും.അതുകൊണ്ട് എണ്ണയാകട്ടെ,നെയ്യാവട്ടെ, മിതമായ അളവില്‍ മാത്രം ഇവ ഉപയോഗിക്കാനായി ശ്രദ്ധിക്കുക.

എന്തിനും ഏതിനും അച്ചാറുകള്‍

ഇന്ത്യന്‍ അടുക്കളകളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് അച്ചാറുകള്‍.ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പവും അച്ചാറുകള്‍ സ്ഥിരമായി കഴിക്കാറുണ്ട്. പക്ഷേ ഇവയിൽ പലപ്പോഴും ഉപ്പ്, എണ്ണ, പ്രിസർവേറ്റീവുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ദിവസവും വലിയ അളവിൽ ഇവ കഴിക്കുന്നത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് വർധിപ്പിക്കുകയും വയറു വീർക്കാൻ കാരണമാവുകയും ചെയ്യും. ഉയർന്ന രക്തസമ്മർദത്തിനും ഇവ കാരണമാകും.

ബാക്കി വരുന്ന ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കുന്നത്

വീട്ടിലുണ്ടാക്കിയതല്ലേ,...അല്‍പം ബാക്കി വന്നാലും നാളെ രാവിലെ ചൂടാക്കി കഴിക്കാമെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ചോറ്,കറികള്‍,പച്ചക്കറികള്‍ തുടങ്ങിയവ പലതവണ ചൂടാക്കുന്നത് അതിലെ പോഷകങ്ങള്‍ കുറക്കുകയും ദോഷകരമായ ബാക്ടീരിയകള്‍ പെരുകാനും ഇടയാക്കും. ചീര പോലുള്ള ഇലക്കറികൾ വീണ്ടും ചൂടാക്കുന്നത് നൈട്രേറ്റ് വിഷാംശം വർധിപ്പിക്കും, ഇത് കരളിന്റെ പ്രവർത്തനത്തെയും മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യത്തെയും ബാധിക്കുന്നു

അമിതമായ ഉപ്പും പഞ്ചസാരയും

അച്ചാറുകൾ, പപ്പടം, മധുരപലഹാരങ്ങൾ എന്നിവ ഇന്ത്യൻ ഭക്ഷണത്തിന്റെ ഭാഗമാണ്. ഇതിലൂടെ അമിതമായ അളവിൽ ഉപ്പും പഞ്ചസാരയും ശരീരത്തിലെത്തുന്നു. ഇത് രക്തസമ്മർദ്ദം , പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. വീട്ടില്‍ തയ്യാറാക്കുന്നതാണെങ്കിലും ഉപ്പും പഞ്ചസാരയും മിതമായ അളവില്‍ മാത്രം ഉപയോഗിക്കാനായി ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

പച്ചക്കറികൾ അമിതമായി വേവിക്കുക

പച്ചക്കറികൾ അമിതമായി വേവിക്കുമ്പോൾ (Overcooking) അതിലടങ്ങിയിരിക്കുന്ന വിറ്റാമിനുകളും പോഷകങ്ങളും നശിച്ചുപോകാന്‍ കാരണമാകുന്നു. പച്ചക്കറികളുടെ ഗുണം പൂർണ്ണമായും ലഭിക്കാൻ അവ പാകത്തിന് മാത്രം വേവിക്കുക.

സ്ഥിരമായി പ്രഭാതഭക്ഷണം ഒഴിവാക്കുക

തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പലരും പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ട്.എന്നാൽ ഈ ശീലം മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും പലപ്പോഴും പകൽ സമയത്ത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. സമീകൃത പ്രഭാതഭക്ഷണം ഊർജ്ജം വർധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ചെയ്യും.

രാത്രി വൈകിയുള്ള അത്താഴം

ഇന്ന് ഒട്ടുമിക്ക വീടുകളിലും രാത്രി ഏറെ വൈകിയാണ് അത്താഴം കഴിക്കാറുള്ളത്. എല്ലാവരുടെയും തിരക്കുകളെല്ലാം കഴിഞ്ഞ ശേഷം ഭക്ഷണം കഴിക്കാനിരിക്കുക എന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. എന്നാല്‍ ഇത് ശരീരത്തിന് അത്ര നല്ലതല്ല. ഇത് ദഹനപ്രക്രിയയെ സാവധാനത്തിലാക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഉറങ്ങുന്നതിന് കുറഞ്ഞത് 2-3 മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കുന്നതാണ് ഉചിതം.

ഭക്ഷണത്തിനു ശേഷം ഉടനെ വെള്ളം കുടിക്കുക

ഭക്ഷണം കഴിച്ച ഉടനെ ധാരാളം വെള്ളം കുടിക്കുന്നത് നമ്മുടെയെല്ലാവരുടെയും ശീലമാണ്. എന്നാല്‍ ഈ ശീലം അത്ര നല്ലതല്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇത് ദഹന എൻസൈമുകളെ നേർപ്പിക്കുകയും ദഹനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഭക്ഷണം കഴിച്ചതിന് ശേഷം കുറഞ്ഞത് അരമണിക്കൂര്‍ കഴിഞ്ഞ് വെള്ളം കുടിക്കുന്നതാണ് ഏപ്പോഴും നല്ലത്. അതുപോലെ തന്നെ ഭക്ഷണത്തിന് പ്രാധാന്യം നൽകുമ്പോഴും കൃത്യമായ അളവിൽ വെള്ളം കുടിക്കാൻ പലരും മറന്നുപോകുന്നു. ദഹനം ശരിയായി നടക്കാനും ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാനും ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.

TAGS :

Next Story