ഡയറ്റെടുത്തിട്ടും ജിമ്മിൽ പോയിട്ടും ഭാരം കുറയുന്നില്ലേ?എങ്കിൽ ഈ തെറ്റുകൾ ഒഴിവാക്കൂ...
വർക്കൗട്ട് ചെയ്യുന്നതോ കലോറി കുറക്കുന്നതോ മാത്രമല്ല, ശരീര ഭാരം കുറക്കുന്നതിന് ആവശ്യമായിട്ടുള്ളത്

- Published:
8 Jan 2026 9:17 AM IST

'ഡയറ്റെടുക്കുന്നു,ജിമ്മിൽ പോകുന്നു,മധുരം പൂർണമായും ഒഴിവാക്കുന്നു...എന്നിട്ടും ശരീരഭാരം കുറയുന്നില്ല..' പലരും പറഞ്ഞുകേൾക്കുന്ന പരാതിയാണ്. ആരോഗ്യകരമായ ഭാരം നിലനിർത്തുക എന്നതാണ് എല്ലാവരുടെയും ആഗ്രഹം. എന്നാൽ ആഗ്രഹമുണ്ടായിട്ടും വിചാരിച്ച റിസൾട്ട് കിട്ടുന്നില്ല എന്നത് അവരെ നിരാശയുടെ പടുകുഴിയിലേക്ക് നയിക്കുകയും ചെയ്യും. ഇതിൽ എവിടെയാണ് പിഴച്ചത് എന്ന് ചിന്തിച്ച് തലപുകക്കേണ്ട. നമ്മൾ നിസാരമെന്ന് കരുതുന്ന,ചില ദൈനംദിന കാര്യങ്ങൾ തന്നെയാണ് ഇതിൽ കുറ്റക്കാരൻ.
ജിമ്മിൽ ഒരു മണിക്കൂർ വർക്കൗട്ട് ചെയ്യുന്നതോ കലോറി കുറക്കുന്നതോ മാത്രമല്ല, ശരീര ഭാരം കുറക്കുന്നതിന് ആവശ്യമായിട്ടുള്ളത്. നിങ്ങളുടെ ഉറക്കം,സമ്മർദം,ദിനചര്യകൾ,മാനസികാവസ്ഥ ഇവയെല്ലാം കൂടിച്ചേർന്ന പ്രക്രിയയാണ്. ഇതിന് വെല്ലുവിളിയാകുന്ന,നാം ചെയ്യുന്ന ചില തെറ്റുകള്‍ ഏതൊക്കെയാണെന്ന് നോക്കാം...
പലരും ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കാറുണ്ട്.സമയമില്ലാത്തതിന്റെ പേരിലോ,വിശപ്പില്ലാത്തിന്റെ പേരിലോ ആയിരിക്കും പലരും പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത്.എന്നാൽ ഇത് അവരുടെ മെറ്റബോളിസത്തെയും രക്തത്തിലെ ഷുഗറിന്റെ സന്തുലിതാവസ്ഥയെയും തകിടം മറിക്കുന്നു. ഇതുമൂലം വിശപ്പ് ഹോർമോണുകളെ ഉത്തേജിപ്പിക്കുന്നു. ഫലമോ കലോറി കൂടുതലുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതിലേക്ക് ഇത് നയിക്കുകയും ചെയ്യും.
കൂടാതെ ചിലർ അതിവേഗത്തിൽ ഭക്ഷണം കഴിക്കാറുണ്ട്.10 മിനിറ്റുള്ളിൽ ഭക്ഷണം കഴിച്ചുതീർക്കുന്നത് വയറു നിറഞ്ഞെന്ന് സിഗ്നൽ തലച്ചോറിലെത്തുന്നത് തടയുന്നു.ഇതിന്റെ ഫലമായി അമിതമായ കലോറി ഉപഭോഗത്തിലേക്ക് നയിക്കുകയും ചെയ്യും.
സോഡകൾ, എനർജി ഡ്രിങ്കുകൾ, മധുരമുള്ള കാപ്പി എന്നിവയിൽ 25 മുതൽ 40 ഗ്രാം വരെ പഞ്ചസാര അടങ്ങിയിട്ടുണ്ട്.സ്ഥിരമായുള്ള ഉപയോഗം ഇൻസുലിൻ വർധനവിന് കാരണമാവുകയും വയറു നിറഞ്ഞതായി തോന്നാതെ കൊഴുപ്പ് സംഭരിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ചിലർ ടിവി കണ്ടോ,മൊബൈൽ സ്‌ക്രോൾ ചെയ്‌തോ ആയിരിക്കും ഭക്ഷണമോ ലഘുഭക്ഷണമോ കഴിക്കാറ്. ഇങ്ങനെ ചെയ്യുമ്പോൾ ഉദ്ദേശിച്ചതും കൂടുതൽ ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കും. പ്രത്യേകിച്ച് പാക്കറ്റ് ഫുഡുകളൊക്കെ കൂടുതലായി കഴിക്കാൻ ഇടയാക്കും.
ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർ ദിവസവും ആറോ ഏഴോ മണിക്കൂർ ഉറങ്ങണം. ഇല്ലെങ്കിൽ ഗ്രെലിൻ, ലെപ്റ്റിൻ ഹോർമോണിന്റെ അളവ് തകരാറിലാകുന്നു. ഫലമായി പഞ്ചസാര അടങ്ങിയ ലഘുഭക്ഷണങ്ങൾക്കും സംസ്‌കരിച്ച കാർബോഹൈഡ്രേറ്റുകളും കൂടുതലായി കഴിക്കാനുള്ള ആസക്തി വർധിപ്പിക്കുമെന്നും പഠനങ്ങൾ പറയുന്നു.
നിയന്ത്രണാതീതമായ സമ്മർദം മൂലം കോർട്ടിസോളിന്റെ അളവ് വർധിക്കും.ഇത് വിശപ്പ് വർദ്ധിപ്പിക്കുകയും വയറിനു ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാവുകയും ചെയ്യുന്നു.നന്നായി വെള്ളം കുടിക്കുക, ധ്യാനം പോലുള്ള മാനസിക സമ്മർദം കുറക്കുന്ന വ്യായാമങ്ങൾ ശീലിക്കുക.രാത്രി നന്നായി ഉറങ്ങുക എന്നിവയെല്ലാം കൃത്യമായി നടപ്പാക്കുന്നതും ഭക്ഷണങ്ങൾ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കുന്നതും ശരീരഭാരം കുറക്കാനുള്ള യാത്രയിൽ നിങ്ങളെ സഹായിക്കും. ശരീരഭാരം കുറക്കുന്നത് ക്രമേണയുള്ള പ്രക്രിയയാണെന്നത് എപ്പോഴും ഓർത്തിരിക്കുക.
Adjust Story Font
16
