വെള്ളം കുടിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ? ഈ അഞ്ചു തെറ്റുകൾ ഒഴിവാക്കാം...
ആവശ്യത്തിൽ കൂടുതൽ വെള്ളം കുടിക്കുന്നത് ശരീരത്തിന് ദോഷകരമാണ്

ശരീരത്തില്‍ ജലാംശം നിലനിർത്തുന്നതിന് വെള്ളം കുടിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇത് ജലാംശം നിലനിർത്തുന്നതിനോടൊപ്പം ദഹനത്തെ പിന്തുണയ്ക്കുകയും താപനില നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ദാഹിക്കുമ്പോൾ വെള്ളം കുടിക്കുക എന്നതിനപ്പുറം വെള്ളം എങ്ങനെ കുടിക്കുന്നു എന്നതും പ്രധാനപ്പെട്ടതാണ്..വളരെ ലളിതമാണെന്ന് തോന്നുമെങ്കിലും, വെള്ളം കുടിക്കുമ്പോൾ പലരും തെറ്റുകൾ വരുത്താറുണ്ട്. ചിലർ വെള്ളം വേഗത്തിൽ കുടിച്ചുതീർക്കും.മറ്റ് ചിലരാകട്ടെ,ഭക്ഷണം കഴിക്കുന്നതിനിടയിൽ ഒരുപാട് വെള്ളം കുടിക്കുകയും ചെയ്യും.വളരെ നിസാരമെന്ന് തോന്നുമെങ്കിലും വെള്ളം കുടിക്കുമ്പോൾ നാം വരുത്തുന്ന തെറ്റുകള്‍ ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ദിവസവും കൂടുതൽ ഊർജം ശരീരത്തിന് നൽകാനും ആഗ്രഹിക്കുന്നവരാണെങ്കിൽ വെള്ളം കുടിക്കുമ്പോൾ ഈ അഞ്ചു തെറ്റുകൾ ഒഴിവാക്കാം.
വേഗത്തിൽ വെള്ളം കുടിച്ച് തീർക്കുക
വെള്ളം ഒറ്റയടിക്ക് കുടിച്ച് തീർക്കുന്നത് ശരീരത്തിന് നല്ലതല്ല. ഇത് വയറ് വീർക്കുന്നതിനും അസ്വസ്ഥതക്കും കാരണമാകും. കൂടാതെ വളരെ വേഗത്തിൽ കുടിക്കുന്നത് വെള്ളം ശരിയായി ആഗിരണം ചെയ്യാൻ ബുദ്ധിമുട്ടുണ്ടാക്കും.എപ്പോഴും സാവധാനം വെള്ളം കുടിക്കുന്നതാണ് നല്ലത്. ഇത് ദഹനവ്യവസ്ഥക്കും വൃക്കയുടെ പ്രവർത്തനത്തിനും സഹായിക്കും.
അമിതമായി ചൂടുള്ളതും വളരെ തണുപ്പുള്ളതും
ചിലർ ഒരുപാട് ചൂടുള്ള വെള്ളമായിരിക്കും സ്ഥിരമായി കുടിക്കുന്നത്.എന്നാൽ മറ്റ് ചിലരാകട്ടെ കൂടുതൽ തണുത്ത വെള്ളവും കുടിക്കും. ഇത് ശരീരത്തിന് ഇരട്ടി പണിയുണ്ടാക്കും. കൂടുതൽ ചൂടുള്ളതിനെയും കൂടുതൽ തണുത്തതിനെയും സാധാരണ നിലയിലേക്കാക്കാൻ ശരീരത്തിന് ഇരട്ടി പരിശ്രമിക്കേണ്ടിവരും.
ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുക
ചിലർ ഭക്ഷണം കഴിക്കുന്നതിനോടൊപ്പം തന്നെ ധാരാളം വെള്ളം കുടിക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് വഴി ഭക്ഷണം ദഹിപ്പിക്കാൻ കൂടുതൽ സമയമെടുക്കും.ഇത് ദഹനവ്യവസ്ഥയെ ബാധിക്കുകയും നെഞ്ചെരിച്ചിലും ആമാശയത്തിൽ ആസിഡ് രൂപീകരണത്തിനും കാരണമാകും. എപ്പോഴും ഭക്ഷണം കഴിക്കുന്നതിന് ഒരുമണിക്കൂർ മുമ്പോ അതെല്ലെങ്കിൽ ഭക്ഷണം കഴിച്ച് അരമണിക്കൂർ മുമ്പോ വെള്ളം കുടിക്കുന്നതാണ് നല്ലത്.
അമിതമായി വെള്ളം കുടിക്കുക
ഒരു ദിവസം ആവശ്യത്തിൽ കൂടുതൽ വെള്ളം കുടിക്കുന്നത് ശരീരത്തിന് ദോഷകരമാണ്. അമിതമായ അളവിൽ വെള്ളം കുടിക്കുന്നത് രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറക്കാം.ഇത് ഹൈപ്പോനാട്രീമിയ എന്ന അപകടകരമായ അവസ്ഥയിലേക്ക് നയിക്കും.അമിതമായി വെള്ളം കുടിക്കുന്നത് മൂലം തലവേദന, ഓക്കാനം എന്നിവയുണ്ടാകാനും സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു
രാത്രിയിൽ ഒരുപാട് വെള്ളം കുടിക്കുക
ചിലർ പകൽ സമയത്ത് കുറച്ച് മാത്രം വെള്ളം കുടിക്കുകയും അതിന്റെ കുറവ് നികത്താൻ രാത്രി കൂടുതൽ വെള്ളം കുടിക്കുകയും ചെയ്യാറുണ്ട്. രാത്രിയിൽ അമിതമായി വെള്ളം കുടിക്കുന്നത് ഇടക്കിടക്ക് മൂത്രമൊഴിക്കാനുള്ള പ്രവണത കൂട്ടുകയും ഇതുവഴി നിങ്ങളുടെ ഉറക്കത്തെ തന്നെ ബാധിക്കുകയും ചെയ്യും. അത്താഴം കഴിച്ചതിന് ശേഷം വളരെ കുറച്ച് മാത്രം വെള്ളം കുടിക്കുന്നതാണ് എപ്പോഴും നല്ലത്. അതുപോലെ രാവിലെ എഴുന്നേറ്റാൽ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതും നല്ലതാണ്.
ശ്രദ്ധിക്കേണ്ടത്
വെള്ളം കുടിക്കുമ്പോൾ നേരെ ഇരിക്കണം, ചരിഞ്ഞോ കിടന്നോ ഇരുന്ന് വെള്ളം കുടിക്കരുത്. ഭക്ഷണത്തിനിടയിൽ വെള്ളം കുടിക്കുന്ന ശീലമുള്ളവർ അത് പൂർണ്ണമായും ഒഴിവാക്കണം. ഒരുപാട് ചൂടുള്ളതോ ഒരുപാട് തണുത്തതോ ആയ വെള്ളം സ്ഥിരമായി കുടിക്കുന്നത് ഒഴിവാക്കാം. നന്നായി തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതാണ് എപ്പോഴും ആരോഗ്യത്തിന് നല്ലത്. ദാഹിക്കുമ്പോൾ വെള്ളം കുടിക്കുക എന്ന ശീലവും ഒഴിവാക്കുക. നന്നായി ദാഹം തോന്നുന്നു എന്നത് ശരീരത്തില്‍ നിർജ്ജലീകരണം സംഭവിച്ചു എന്നതിന്‍റെ കൂടി സൂചനയാണ്. ദിവസം മുഴുവൻ ചെറിയ അളവിൽ വെള്ളം കുടിക്കാനും ശ്രദ്ധിക്കുക.
Adjust Story Font
16

