മീനിനൊപ്പം തൈര് കഴിക്കാമോ?, തൈര് ജലദോഷത്തിന് കാരണമാകുമോ?; സംശയങ്ങള്‍ക്കുള്ള മറുപടി
ഒരുപാട് പോഷകഗുണങ്ങളുള്ള ആഹാരമാണ് തൈര്

- Published:
2 March 2026 2:03 PM IST

ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും പ്രചാരത്തിലുള്ള ഒരു ഭക്ഷണമാണ് തൈര്. പ്രോബയോട്ടിക്സ്, പ്രോട്ടീൻ, കാൽസ്യം തുടങ്ങിയവ തൈരില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാല്‍ തൈരുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. തൈര് രാത്രിയില്‍ കഴിക്കാന്‍ പാടില്ല, തൈര് കഴിച്ചാല്‍ ജലദോഷം വരും,മീനിന്‍റെയോ ഇറച്ചിയുടെയോ കൂടെ കഴിക്കാന്‍ പാടില്ല എന്നൊക്കെ പലരും പറഞ്ഞു കേള്‍ക്കാറുണ്ട്. തൈരുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. പളനിയപ്പൻ മാണിക്കം. ഇൻസ്റ്റാഗ്രാമിലാണ് തൈരിനെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കുന്നത്.
1. തൈര് യഥാർഥത്തിൽ ആരോഗ്യകരമാണോ?
തൈരിൽ പ്രോബയോട്ടിക്സ് , പ്രോട്ടീൻ, കാൽസ്യം, കുടലിന്‍റെ ആരോഗ്യത്തിന് സഹായിക്കുന്ന ബാക്ടീരിയകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെയും മൊത്തത്തിലുള്ള ആരോഗ്യത്തിനും തൈര് നല്ലതാണെന്ന് പളനിയപ്പൻ മാണിക്കം പറയുന്നു.
2. തൈര് ദഹനം മെച്ചപ്പെടുത്തുമോ?
തൈരിലെ പ്രോബയോട്ടിക്സ് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.തൈര് ദഹനം സുഗമമാക്കുകയും ഗ്യാസ്,അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ കുറക്കാനും സാധിക്കും.
3. തൈര് ചുമയ്ക്കും ജലദോഷത്തിനും കാരണമാകുമോ?
ചുമയ്ക്കും ജലദോഷത്തിനും തൈര് കാരണമാകില്ല. എന്നാല്‍ ചിലര്‍ക്ക് തണുത്ത ഭക്ഷങ്ങള്‍ കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും. അത്തരക്കാര്‍ തൈര് കഴിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് മാത്രം.
4. രാത്രിയിൽ തൈര് കഴിക്കാമോ
രാത്രി അത്താഴത്തോടൊപ്പം കഴിക്കുന്നതില്‍ തെറ്റില്ല.എന്നാല്‍ ഏറെ നേരം വൈകി അത്താഴത്തോടൊപ്പം തൈര് കഴിക്കുന്നത് ശരിയല്ല. അത്താഴം വൈകിട്ട് ഏഴുമണിക്ക് ശേഷമാകരുതെന്നും ഡോ. പളനിയപ്പൻ മാണിക്കം പറയുന്നു.
5. തൈര് പാലിനേക്കാൾ നല്ലതാണോ?
ദഹനത്തിന് പാലിനേക്കാൾ നല്ലത് തൈരാണ്. നല്ല ദഹനത്തിന് തൈരാണ് കൂടുതല്‍ അനുയോജ്യം.
6. തൈര് അസിഡിറ്റിക്ക് കാരണമാകുമോ?
സാധാരണയായി അസിഡിറ്റിയിൽ നിന്ന് ആശ്വാസം നൽകാൻ തൈര് സഹായിക്കുന്നു. എന്നാല്‍ അമിതമായി പുളിച്ച തൈര് അസിഡിറ്റി ലക്ഷണങ്ങള്‍ വര്‍ധിപ്പിക്കാന്‍ കാരണമാകുമെന്നും ഡോക്ടര്‍ പറയുന്നു.
7. പായ്ക്ക് ചെയ്ത തൈരിനേക്കാൾ വീട്ടിൽ ഉണ്ടാക്കുന്ന തൈര് നല്ലതാണോ?
പായ്ക്ക് ചെയ്ത തൈരിനേക്കാൾ വീട്ടിൽ ഉണ്ടാക്കുന്ന തൈര് നല്ലത്. ഇതില്‍ മറ്റ് രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകില്ലെന്ന് മാത്രമല്ല,പുതിയതുമായിരിക്കും.
8. ഒരാൾക്ക് പ്രതിദിനം എത്ര തൈര് കഴിക്കാം?
ഒരു വ്യക്തിക്ക്, ഒരു ദിവസം ശരാശരി ഒരു കപ്പ് തൈര് കഴിക്കാം.
9. പ്രമേഹ രോഗികൾക്ക് തൈര് കഴിക്കാമോ?
മധുരമില്ലാത്ത പ്ലെയിൻ തൈരിൽ ഗ്ലൈസെമിക് കുറവാണ്, പ്രമേഹമുള്ളവർക്ക് ഇത് അനുയോജ്യമാണ്.
10. തൈര് വയറു വീർക്കുന്നതിന് കാരണമാകുമോ?
തൈര് കഴിക്കുന്നത് അപൂർവമായി മാത്രമേ വയറു വീർക്കുന്നതിന് കാരണമാകൂ എന്ന് ഡോ. മാണിക്കം പറഞ്ഞു. ലാക്ടോസ് ഇൻടോളറൻസ് (പാലുൽപ്പന്നങ്ങൾ ദഹിപ്പിക്കാൻ പ്രയാസമുള്ളവർ) ഉള്ളവര്‍ക്ക് വയറുവീര്‍ക്കാന്‍ കാരണമാകും.
11. ദിവസവും തൈര് കഴിക്കാമോ?
പാലുൽപ്പന്നങ്ങൾ കഴിച്ചാല്‍ പ്രശ്നമില്ലാത്ത ആര്‍ക്കും ദിവസേന തൈര് കഴിക്കുന്നത് നല്ലതാണ്.
12. തൈര് കഴിക്കാൻ ഏറ്റവും നല്ല സമയം എപ്പോഴാണ്?
ഡോ. മാണിക്കത്തിന്റെ അഭിപ്രായത്തിൽ, തൈര് കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഉച്ചഭക്ഷണത്തോടൊപ്പമാണ്. ഇത് ഭക്ഷണവുമായി നന്നായി ചേരുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.
13. മീനിനൊപ്പം തൈര് കഴിക്കാമോ?
മത്സ്യം, ചിക്കൻ, മട്ടൺ എന്നിവയുൾപ്പെടെ ഏത് പ്രോട്ടീനുമായും തൈര് ചേർക്കാമെന്നും ഡോ. മാണിക്കം പറയുന്നു.
Adjust Story Font
16
