Quantcast

ചുണ്ടുകൾ എപ്പോഴും വിണ്ടുകീറുന്നുണ്ടോ...കാരണങ്ങൾ ഇവയാകാം

ശ്രദ്ധിച്ചില്ലെങ്കിൽ, ഏത് സമയത്തും ഏത് കാലാവസ്ഥയിലും നിങ്ങളുടെ ചുണ്ടുകൾ വരണ്ടുപോകുകയും മുറിവുണ്ടാകുകയും ചെയ്യും

MediaOne Logo

Web Desk

  • Published:

    31 Jan 2023 11:47 AM GMT

Lips health,Reasons Behind Chapped Lips,health news,Dermatologist,skin news,quality of your lips.
X

മഞ്ഞുകാലമായാൽ ആളുകൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമാണ് ചുണ്ടുകൾ വിണ്ടുകീറുന്നത്. ചുണ്ടുകൾ വിണ്ടുകീറുന്നത് ശൈത്യകാലത്ത് മാത്രമാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ, ഏത് സമയത്തും ഏത് കാലാവസ്ഥയിലും നിങ്ങളുടെ ചുണ്ടുകൾ വരണ്ടുപോകുകയും മുറിവുണ്ടാകുകയും ചെയ്യും.. ഇടക്കിടക്ക് ചുണ്ടുകൾ ഉമിനീര്‍കൊണ്ട് നനക്കുകയോ ചുണ്ടുകൾ കടിക്കുകയോ ചെയ്യുന്നവരാണെങ്കിൽ വിണ്ടുകീറൽ കൂടുകയും ചെയ്യും. ഇതിന് പുറമെ വെള്ളം കുടിക്കുന്നതിന്റെ അളവ് കുറഞ്ഞാലും ഇതിന് കാരണമാകും.

എന്നാൽ ചിലരിൽ ആവശ്യത്തിന് വെള്ളം കുടിച്ചിട്ടും ചുണ്ടുകൾ സെൻസിറ്റീവ് ആകുകയോ മുറിവുകൾ ഉണ്ടാകുകയോ അല്ലെങ്കിൽ പൊട്ടുകയോ ചെയ്യാറുണ്ട്. അതിലേക്ക് നയിക്കുന്ന പൊതുവായ കാരണങ്ങൾ പങ്കുവെക്കുകയാണ് പ്രശസ്ത ഡെർമറ്റോളജിസ്റ്റായ ഡോ. ജയ്ശ്രീ ശരദ് . ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഡോ ജയ്ശ്രീ ശരദ് ഇക്കാര്യം പറയുന്നത്.

  • ഫോം അടങ്ങിയ ഫേസ് വാഷ് ഉപയോഗിക്കുന്നവരാണെങ്കിൽ ചുണ്ടുകൾക്ക് അലർജിയുണ്ടാകാം
  • മേക്കപ്പ് റിമൂവറുകൾ സ്ഥിരമായി ഉപയോഗിക്കുന്നവരിലും ചുണ്ടുകൾ വരണ്ടുപൊട്ടാൻ സാധ്യതയുണ്ട്. മേക്കപ്പ് റിമൂവറുകൾ ചുണ്ടുകളുടെ ആരോഗ്യത്തെ നശിപ്പിക്കും.
  • പുതിന, ബബിൾ ഗം, ച്യൂയിംഗ് ഗം, മൗത്ത് വാഷുകൾ എന്നിവയുടെ അലർജി മൂലവും ചുണ്ടുകൾ വരണ്ടുപൊട്ടാം.
  • ലിപ്സ്റ്റിക്കുകളും ചുണ്ടുകളുടെ ആരോഗ്യത്തെ ബാധിക്കും. പ്രത്യേകിച്ച് മാറ്റ് ലിപ്സ്റ്റിക്കുകൾ, ലിപ് ബാമുകൾ എന്നിവ ഉപയോഗിക്കുമ്പോൾ. ഇവയില്‍ അടങ്ങിയിട്ടുള്ള മെന്തോൾ , ക്യാപ്‌സൈസിൻ എന്നിവ ചുണ്ടുകളെ വരണ്ടതാക്കുമെന്നും ഡോ ജയ്ശ്രീ ശരദ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.
  • നെയിൽ പോളിഷിനോടുള്ള അലർജിയും ചുണ്ടുകളെ സെൻസിറ്റീവ് ആക്കിയേക്കും.
  • പുകവലി ഒരു മനുഷ്യന്റെ ചുണ്ടടക്കമുള്ള മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കും. ഇത് ചുണ്ടുകളിൽ പിഗ്മെന്റേഷനും കാരണമാകും.
  • അമിതമായ മദ്യപാനം ചുണ്ടുകളെ ദോഷകരമായി ബാധിക്കും.
  • ചില മരുന്നുകൾ സ്ഥിരമായി കഴിക്കുന്നതും ചുണ്ടുകളുടെ ആരോഗ്യത്തെ ബാധിക്കും.

ചുണ്ടുകൾ വിണ്ടുകീറുന്നത് ഒഴിവാക്കാൻ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം...

* ദിവസവും നല്ല അളവിൽ വെള്ളം കുടിക്കുക

*കഫീൻ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക

*ലിപ്സ്റ്റിക്കുകൾ ദീർഘകാലം ഉപയോഗിക്കാതിരിക്കുക

*സുഗന്ധമുള്ളതോ മെന്തോൾ, ക്യാപ്സൈസിൻ എന്നിവയോ അടങ്ങിയ ലിപ് ബാമുകൾ ഒഴിവാക്കുക.

*ലിപ് ബാമുകൾക്ക് പകരം നെയ്യ്, വെണ്ണ എന്നിവ ഉപയോഗിക്കാം

* ചുണ്ടുകൾ സ്‌ക്രബ് ചെയ്യുകയോ തൊലി പറിച്ചുകളയുകയോ ചെയ്യരുത്. ഇത് പ്രശ്‌നം കൂടുതൽ വഷളാക്കുകയേയുള്ളൂ. ഇതൊക്കെ ചെയ്തിട്ടും ചുണ്ടുപൊട്ടുന്നത് തുടരുകയാണെങ്കിൽ ചർമരോഗ വിദഗ്ധനെ കണ്ട് ചികിത്സ തേടണം.

TAGS :

Next Story