Quantcast

'എന്ത് കഴിക്കുന്നു എന്നതല്ല, എങ്ങനെ കഴിക്കുന്നു എന്നതാണ് പ്രധാനം'; ഇന്ത്യൻ അടുക്കളകൾ കൊളസ്‌ട്രോൾ വർധിപ്പിക്കുന്ന ഇടമായി മാറുന്നതെന്തുകൊണ്ട്?

ജങ്ക് ഫുഡുകള്‍ കഴിക്കാത്തവരില്‍ പോലും കൊളസ്ട്രോള്‍ ഉള്‍പ്പടെയുള്ള ജീവിത ശൈലി രോഗങ്ങള്‍ പിടിമുറുക്കിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍

MediaOne Logo

Web Desk

  • Published:

    24 Jun 2025 11:35 AM IST

എന്ത് കഴിക്കുന്നു എന്നതല്ല, എങ്ങനെ കഴിക്കുന്നു എന്നതാണ് പ്രധാനം;  ഇന്ത്യൻ അടുക്കളകൾ കൊളസ്‌ട്രോൾ വർധിപ്പിക്കുന്ന ഇടമായി മാറുന്നതെന്തുകൊണ്ട്?
X

മഞ്ഞൾ, വെളുത്തുള്ളി, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ,സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങി ഹൃദയാരോഗ്യത്തിന് ഏറ്റവും അത്യാവശ്യമെന്ന് ആഗോളതലത്തില്‍ ഏറെ ആഘോഷിക്കപ്പെടുന്ന ചേരുവകളെല്ലാം അടങ്ങിയ ഭക്ഷണമാണ് ഇന്ത്യക്കാര്‍ ഉപയോഗിക്കുന്നതെന്നാണ് പൊതുവെ പറയുന്നത്. എന്നാല്‍ വിരോധാഭാസമെന്ന് പറയട്ടെ,ജങ്ക് ഫുഡുകള്‍ കഴിക്കാത്തവരില്‍ പോലും കൊളസ്ട്രോള്‍ ഉള്‍പ്പടെയുള്ള ജീവിത ശൈലി രോഗങ്ങള്‍ പിടിമുറുക്കിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.


എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. നമ്മൾ എന്ത് കഴിക്കുന്നു എന്നതിലല്ല, മറിച്ച് അത് എങ്ങനെ തയ്യാറാക്കുന്നു, എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് പ്രശ്നമെന്നാണ് ഡോക്ടർമാർ പറയുന്നത്.ഇന്ത്യൻ അടുക്കളകൾ ഹൃദയാരോഗ്യകരമായ ചേരുവകളാൽ സമ്പന്നമാണെന്നും പാകം ചെയ്യുന്നതിലും ചേരുവകളുടെ അളവിലുമാണ് പ്രശ്നം നടക്കുന്നത്.നമ്മള്‍ തയ്യാറാക്കുന്ന രീതിയും അതില്‍ എന്ത് ചേർക്കുന്നു എന്നതും തമ്മിലുള്ള ബന്ധമാണ് ഇന്ത്യയിലെ ജീവിത ശൈലീ രോഗങ്ങളുടെ വര്‍ധനവിന് കാരണമെന്ന് ന്യൂഡൽഹിയിലെ ഫോർട്ടിസ് എസ്‌കോർട്ട്സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്റർവെൻഷണൽ കാർഡിയോളജിയിലെ സീനിയർ കൺസൾട്ടന്റ് ഡോ.വിവുദ് പ്രതാപ് സിംഗ് പറയുന്നു.അമിതമായി പാചകം ചെയ്യൽ, അമിതമായ നെയ്യ്, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്, എണ്ണയില്‍ മുക്കിപൊരിക്കല്‍, കൃത്യമായ അളവില്ലായ്മ എന്നിവയെല്ലാം കാരണമാകുന്നതായും അദ്ദേഹം പറയുന്നു.


ആരോഗ്യകരമായ ഭക്ഷണങ്ങൾ, അനാരോഗ്യകരമായ ശീലങ്ങൾ

പോഷക സമ്പുഷ്ടമായ ചേരുവകൾ പോലും ദോഷകരമായ പാചക, ഭക്ഷണ രീതികളുമായി സംയോജിപ്പിക്കുമ്പോൾ അവയുടെ ഗുണങ്ങൾ നഷ്ടപ്പെടും. ഡീപ് ഫ്രൈയിങ്, ഒരിക്കല്‍ ഉപയോഗിച്ച എണ്ണകൾ വീണ്ടും ഉപയോഗിക്കൽ, പൂർണ്ണ കൊഴുപ്പുള്ള പാലുൽപ്പന്നങ്ങളും ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളും ഉപയോഗിക്കൽ തുടങ്ങിയവ ആരോഗ്യകരമായ ഭക്ഷണങ്ങളെ കൊളസ്ട്രോൾ വർധിപ്പിക്കുന്ന ഭക്ഷണങ്ങളാക്കി മാറ്റും.

ഇതിന് പുറമെ ലഘുഭക്ഷണങ്ങളും മാംസവും അമിതമായി വറുക്കുക, കാർബോഹൈഡ്രേറ്റുകളും കൊഴുപ്പും കൂടുതല്‍ അളവില്‍ ചേര്‍ക്കല്‍, സോസുകൾ, മധുരപലഹാരങ്ങൾ എന്നിവയിലടങ്ങിയിരിക്കുന്ന പഞ്ചസാര,പൂരിത കൊഴുപ്പ് അമിത അളവിലുള്ള മലായി, നെയ്യ്, വനസ്പതി എന്നിവയുടെ ഉപയോഗം ഇവയെല്ലാം ആരോഗ്യത്തെ വലിയ രീതിയില്‍ ദോഷകരമായി ബാധിക്കുന്നു.


നല്ല ഭക്ഷണ ശീലം അടുക്കളയില്‍ നിന്ന് തുടങ്ങാം

ശരിയായ രീതിയിൽ സമീപിച്ചാൽ കൊളസ്ട്രോള്‍ വരുന്നത് തടയാനുള്ള ഏറ്റവും നല്ല സ്ഥലങ്ങളിൽ ഒന്നാണ് ഇന്ത്യൻ അടുക്കളയെന്ന് വിദഗ്ധർ സമ്മതിക്കുന്നു. ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് കുറച്ച് എണ്ണ മാത്രം ഉപയോഗിക്കുക,എണ്ണയില്‍ മുക്കിപ്പൊരിക്കുന്നതിന് പകരം ഗ്രില്‍ ചെയ്യുക, ശുദ്ധീകരിച്ച പഞ്ചസാരയും കാർബോഹൈഡ്രേറ്റുകളും ഒഴിവാക്കുക,ഭക്ഷണത്തിന്‍റെ ചേരുവകള്‍ ശരിയായ അളവില്‍ ചേര്‍ക്കുക,ഉപയോഗിച്ച എണ്ണകള്‍ വീണ്ടും ഉപയോഗിക്കാതിരിക്കുക തുടങ്ങിയവയെല്ലാം ശ്രദ്ധിച്ചാല്‍ കൊളസ്ട്രോളിനെ പടിക്ക് പുറത്ത് നിര്‍ത്താന്‍ ഒരുപരിധി വരെ സഹായിക്കും. നമ്മുടെ ഭക്ഷണക്രമത്തിന് ഹൃദയത്തെ സംരക്ഷിക്കാനുള്ള കഴിവുണ്ട്. നമ്മൾ എന്ത് തയ്യാറാക്കുന്നു എന്നല്ല, മറിച്ച് എങ്ങനെ പാചകം ചെയ്യുന്നുവെന്നും ഉപഭോഗം ചെയ്യുന്നുവെന്നും പുനർനിർമ്മിക്കുന്നതിലാണ് പരിഹാരമിരിക്കുന്നതെന്നും ഡോ.വിവുദ് പ്രതാപ് സിംഗ് പറയുന്നു.

TAGS :

Next Story