കണ്ണിന് താഴെയുള്ള കറുത്ത പാടുകളാണോ പ്രശ്നം? മാറ്റാൻ എളുപ്പ വഴികൾ ഇതാ
പൂർണമായും ആരോഗ്യപ്രശ്നമാണെങ്കിലും ഇത് നമ്മുടെ സൗന്ദര്യത്തെയും ആത്മവിശ്വാസത്തെയും ബാധിക്കാറുണ്ട്

മണിക്കൂറുകളോളം ഫോണിലും കംമ്പ്യൂട്ടറിലും മറ്റും നോക്കിയിരിക്കുന്നവരാണ് നമ്മളിൽ പലരും. കൂടിയ സ്ക്രീൻടൈം, ക്ഷീണം, മാനസിക സമ്മർദ്ദം, ഉറക്കമില്ലായ്മ, പ്രായമാകൽ, പാരമ്പര്യം, നിർജ്ജലീകരണം, അലർജി തുടങ്ങി നിരവധി കാരണങ്ങളാൽ ഇന്ന് പലരിലും കണ്ണിന് താഴെ കറുത്ത പാടുകൾ സ്ഥിരമായി കണ്ടുവരാറുണ്ട്. ഈ പ്രശ്നം പൂർണമായും ആരോഗ്യപ്രശ്നമാണെങ്കിലും ഇത് നമ്മുടെ സൗന്ദര്യത്തെയും ആത്മവിശ്വാസത്തെയും ബാധിക്കാറുണ്ട്. എന്നാൽ ഇനി ചെറിയ ചില മാറ്റങ്ങളിലൂടെ ഇത് നമ്മുക്ക് മാറ്റിയെടുക്കാൻ സാധിക്കും. അതെങ്ങനെയെന്ന് നോക്കാം.
1. ഐസ് ക്യൂബുകൾ
കണ്ണിന് താഴെ ഐസ് ക്യൂബുകൾ വെക്കുന്നത് കറുത്ത പാടുകൾ മാറ്റാൻ സഹായിക്കും. തണുപ്പ് രക്തക്കുഴലുകൾ ചുരുങ്ങാനും തടിപ്പും കറുപ്പും കുറയ്ക്കാനും സഹായിക്കും. ഏതാനും ഐസ് ക്യൂബുകൾ തുണിയിൽ പൊതിഞ്ഞതോ അല്ലെങ്കിൽ തണുപ്പിച്ച സ്പൂണോ കണ്ണിന് മുകളിൽ 10–15 മിനിറ്റ് വെക്കുന്നതിലൂടെ ഇതിന് പരിഹാരം കാണാം.
2. വെള്ളരി
ഡിഹൈഡ്രേഷൻ തടയാൻ വെള്ളരി കഴിക്കുന്നത് വളരെ നല്ലതാണെന്ന് നമ്മുക്കറിയാം. വെള്ളരിക്കയിലെ തണുപ്പും ചർമ്മത്തിന് തിളക്കം നൽകുന്ന ഘടകങ്ങളും കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റും. തണുപ്പിച്ച വെള്ളരിക്ക കഷ്ണങ്ങൾ അടച്ച കണ്ണുകൾക്ക് മുകളിൽ 10–15 മിനിറ്റ് വെച്ചാൽ നല്ല ഫലം ചെയ്യും.
3. ഉരുളക്കിഴങ്ങ് നീര്
ഉരുളക്കിഴങ്ങിലെ എൻസൈമുകളും വിറ്റാമിൻ സിയും ചർമ്മത്തിലെ കറുപ്പ് കുറയ്ക്കാൻ സഹായിക്കും. പച്ച ഉരുളക്കിഴങ്ങ് ചിരകി നീരെടുത്ത് കോട്ടൺ ഉപയോഗിച്ച് കണ്ണിന് താഴെ പുരട്ടി 10–15 മിനിറ്റിനു ശേഷം കഴുകിക്കളഞ്ഞാൽ നല്ല ഫലം കിട്ടും.
4. തണുപ്പിച്ച ടീ ബാഗുകൾ
ഗ്രീൻ ടീയിലും ബ്ലാക്ക് ടീയിലും അടങ്ങിയിരിക്കുന്ന കഫീനും ആന്റിഓക്‌സിഡന്റുകളും വീക്കവും കറുപ്പും കുറയ്ക്കാൻ സഹായിക്കും. തിളപ്പിച്ച ടീ ബാഗുകൾ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം 10–15 മിനിറ്റ് കണ്ണിന് മുകളിൽ വെച്ചാൽ നല്ല ഫലം കിട്ടും.
5. കറ്റാർവാഴ ജെൽ
കറ്റാർവാഴ ജെൽ ചർമ്മത്തിന് ഈർപ്പം നൽകുകയും കണ്ണുകൾക്ക് ആശ്വാസം നൽകുകയും ചെയ്യും. ഇതുപയോഗിച്ച് മസ്സാജ് ചെയ്യുന്നതിലൂടെ നല്ല ഫലം കിട്ടും.
6. തക്കാളിയും നാരങ്ങാനീരും
തക്കാളി നീരിലെ ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിന്റെ നിറം വർധിപ്പിക്കും. ഒരു ടീസ്പൂൺ തക്കാളി നീരിലേക്ക് ഏതാനും തുള്ളി നാരങ്ങാനീര് ചേർത്ത് കണ്ണിന് താഴെ 5–10 മിനിറ്റ് പുരട്ടിയ ശേഷം നന്നായി കഴുകുന്നതിലൂടെ മികച്ച ഫലം കിട്ടും.
7. വെളിച്ചെണ്ണ
വെളിച്ചെണ്ണ ചർമ്മത്തിന് ഈർപ്പം നൽകാൻ മികച്ചതാണ്. കിടക്കുന്നതിന് മുമ്പ് ഏതാനും തുള്ളി വെളിച്ചെണ്ണ കണ്ണിന് താഴെ തടവിയ ശേഷം രാവിലെ കഴുകിക്കളയുന്നതിലൂടെ മികച്ച ഫലം.
8. ആവശ്യത്തിന് ഉറക്കവും നന്നായി വെള്ളവും കുടിക്കുക
ക്ഷീണം മൂലമുണ്ടാകുന്ന കറുത്ത പാടുകൾ തടയാൻ ദിവസവും 7–9 മണിക്കൂർ ഉറങ്ങുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും വേണം. ഇത് നിർബന്ധമാണെന്ന് ഓർത്തിരിക്കണം.
Adjust Story Font
16

