'രണ്ട് നേരം ബ്രഷ് ചെയ്തിട്ടും പല്ല് കേടുവരുന്നു?'; കാരണം നിങ്ങൾ തന്നെയാകാം...
കൂടുതല്‍ ടൂത്ത് പേസ്റ്റ് ഉപയോഗിച്ചാല്‍ പല്ല് കൂടുതല്‍ വൃത്തിയാകുമെന്നത് പലരുടെയും തെറ്റിദ്ധാരണയാണ്

- Published:
18 Feb 2026 2:19 PM IST

'ദിവസവും രണ്ടുതവണ പല്ലുതേക്കുന്നുണ്ട്,എന്നിട്ടും പല്ലിന് കേടുപാടുകള്‍ വരുന്നു..ഇത് എന്തുകൊണ്ടാണ്..'. പലരും ദന്തഡോക്ടര്‍മാരോട് ചോദിക്കുന്ന ചോദ്യമാണിത്. മിക്ക ആളുകളും സ്ഥിരമായി പല്ലുതേക്കാറുണ്ടെങ്കിലും പലപ്പോഴും അത് യാന്ത്രികമായി മാറുന്നു എന്നതാണ് യഥാര്‍ഥ പ്രശ്നം. രാവിലെ എഴുന്നേറ്റാല്‍ വീട്ടിലെ ജോലികളോ ഓഫീസിലെ കാര്യങ്ങളോ, വീട്ടില്‍ നിന്ന് ഇറങ്ങാനുള്ള ധൃതിയിലോ ആകും പലരും പല്ല് തേക്കുന്നത്. ഈ തിരക്കില്‍ ശരിയായി ബ്രഷ് ചെയ്യുന്നത് എങ്ങനെയാണെന്ന് മറന്നുപോകുന്നു.
എത്ര തവണ ബ്രഷ് ചെയ്യുന്നു എന്നതിനേക്കാൾ പ്രധാനമാണ് നമ്മൾ എങ്ങനെ ബ്രഷ് ചെയ്യുന്നത് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ബ്രഷ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..
മുഴുവന്‍ ശക്തിയുമെടുത്ത് ബ്രഷ് ചെയ്യുക
പലരും ബ്രഷ് ചെയ്യുന്നത് വളരെ ശക്തിയോടെയാണ്. പാത്രങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കറകള്‍ വൃത്തിയാക്കുന്ന പോലെയാണ് പലരും ബ്രഷ് ചെയ്യുന്നത്. എന്നാല്‍ ഇത്രയും ശക്തിയോടെ പല്ല് തേക്കേണ്ട ആവശ്യമില്ലെന്ന് ദന്തഡോക്ടര്‍മാര്‍ പറയുന്നു. ശക്തിയായി തേച്ചതുകൊണ്ട് പല്ലിലെ പ്ലാക്കുകള്‍ കൂടുതലായി നീക്കം ചെയ്യപ്പെടുന്നില്ല,പകരം ഇനാമല്‍ നശിക്കാനും അതുവഴി മോണകള്‍ താഴേക്ക് തള്ളിവരാനും ഇടയാക്കും. സ്ഥിരമായി ഇങ്ങനെ ചെയ്യുന്നവര്‍ക്ക് കാലക്രമേണ തണുത്ത വെള്ളമോ മധുരപലഹാരമോ കഴിക്കുമ്പോൾ വേദന അനുഭവപ്പെട്ടേക്കാം. എപ്പോഴും സോഫ്റ്റായി ബ്രഷ് ചെയ്യാന്‍ ശീലിക്കുക.
ബ്രഷ് പിടിക്കുന്ന രീതി
പല്ല് തേക്കുന്ന സമയത്ത് ബ്രഷ് പിടിക്കുന്ന രീതിയും വളരെ പ്രധാനമാണ്. പേന പിടിക്കുന്നത് പോലെ ടൂത്ത് ബ്രഷ് പിടിക്കാൻ ശ്രമിക്കുക. ഇങ്ങനെ പിടിക്കുമ്പോള്‍ ശക്തി സ്വാഭാവികമായി കുറയും. ബ്രഷ് മോണകളിലേക്ക് ചെറുതായി ചായ്ച്ച് വെച്ച് വൃത്താകൃതിയില്‍ തേച്ച് തുടങ്ങാം. പ്ലാക്ക് ആദ്യം അടിഞ്ഞുകൂടുന്നത് മോണയോട് ചേർന്ന ഭാഗത്താണ്, അതിനാൽ അവിടെ നന്നായി വൃത്തായാക്കണം.
ബ്രഷിംഗ് സമയം
സമയവും പ്രധാനമാണ്. പലരും ഒരു മിനിറ്റുപോലും എടുക്കാതെയാണ് പല്ല് തേക്കുന്നത്. രണ്ട് മിനിറ്റ് മുഴുവൻ പല്ല് തേക്കുന്നതാണ് കൂടുതല്‍ നല്ലതെന്നാണ് പഠങ്ങള്‍ പറയുന്നത്. വായയെ നാല് ഭാഗങ്ങളായി വിഭജിച്ച് ഓരോ ഭാഗത്തും ഏകദേശം മുപ്പത് സെക്കൻഡ് ബ്രഷ് ചെയ്യാം. അണപ്പല്ലിന്റെ ഇടയിലും മറ്റും വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
നല്ല ബ്രഷ് തെരഞ്ഞെടുക്കുക
പല രൂപത്തിലുള്ള ബ്രഷുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഏതെങ്കിലും പരസ്യം കണ്ട് ബ്രഷ് വാങ്ങാന്‍ പോകുന്നതിന് പകരം നമ്മുടെ പല്ലിന് അനുയോജ്യമായ ബ്രഷ് ഏതാണെന്ന് മനസിലാക്കി വാങ്ങുന്നതാണ് ഉത്തമം. ആവശ്യമെങ്കില്‍ നിങ്ങളുടെ ദന്തഡോക്ടറുടെ അഭിപ്രായവും സ്വീകരിക്കാം. സോഫ്റ്റ്,മീഡിയം,ഹാര്‍ഡ് എന്നിങ്ങനെയാണ് പ്രധാനമായും ബ്രഷുകളുണ്ടാകുക. പല്ലുകള്‍ക്ക് എപ്പോഴും നല്ലത് സോഫ്റ്റ് ബ്രഷാണ്. ഹാര്‍ഡ് ബ്രഷുകള്‍ ഉപയോഗിക്കുന്നത് കാലക്രമേണ ഇനാമലിനും മോണക്കും കേടുപാടുകള്‍ വരുത്തും. മൂന്ന് മാസം കൂടുമ്പോഴോ,അല്ലെങ്കില്‍ ബ്രഷുകളുടെ നാരുകള്‍ പുറത്തേക്ക് വളയാന്‍ തുടങ്ങുമ്പോഴോ അത് മാറ്റി പുതിയത് വാങ്ങണം.
ശരിയായ ടൂത്ത് പേസ്റ്റ്
ഏത് ടൂത്ത് പേസ്റ്റ് ഉപയോഗിക്കണം എന്നതിനെക്കുറിച്ചും ആളുകള്‍ക്ക് ആശങ്കയുണ്ടാകാറുണ്ട്. ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്. ഫ്ലൂറൈഡ് ഇനാമലിനെ ശക്തിപ്പെടുത്തുകയും ക്ഷയത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. കൂടുതല്‍ ടൂത്ത് പേസ്റ്റ് ഉപയോഗിച്ചാല്‍ പല്ല് കൂടുതല്‍ വൃത്തിയാകുമെന്നത് തെറ്റായ ധാരണയാണ്. മുതിര്‍ന്നവര്‍ക്ക് ഒരു പയറിന്റെ വലിപ്പമുള്ള അളവിൽ മാത്രമേ ആവശ്യമുള്ളൂ. പേസ്റ്റ് മുഴുവൻ ബ്രഷില്‍ മുഴുവന്‍ പേസ്റ്റ് നിറച്ച് പല്ല് തേക്കുന്നത് അത്ര നല്ലതല്ലെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
നാവിനെ മറക്കരുത്
പല്ല് തേക്കുന്നവര്‍ നാവ് വൃത്തിയാക്കാനും മറക്കരുത്. ഇല്ലെങ്കില്‍ ബാക്ടീരിയകൾ അടിഞ്ഞുകൂടുകയും വായ്‌നാറ്റത്തിന് കാരണമാവുകയും ചെയ്യുന്നു . ദിവസത്തിൽ ഒരുതവണ നാവ് സൗമ്യമായി വൃത്തിയാക്കാം.
Adjust Story Font
16
