Quantcast

കോവിഡും ഡെങ്കിപ്പനിയും വേർത്തിരിച്ചറിയാം; ഈ രോഗങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ ഇവയാണ്...

ഡെങ്കിപ്പനികളിൽ ഏറ്റവും ഭയപ്പെടേണ്ടത് ഡെങ്കി ഷോക്ക് സിൻഡ്രോം വിഭാഗത്തെയാണ്. ഈ അവസ്ഥയിൽ അടിയന്തര വൈദ്യസഹായം നേടിയില്ലെങ്കിൽ മരണം സംഭവിക്കും

MediaOne Logo

Web Desk

  • Published:

    28 Sep 2021 6:24 PM GMT

കോവിഡും ഡെങ്കിപ്പനിയും വേർത്തിരിച്ചറിയാം; ഈ രോഗങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ ഇവയാണ്...
X

കോവിഡും ഡെങ്കിപ്പനിയും ജനങ്ങൾക്കിടയിൽ പടരുകയാണ്. രോഗലക്ഷണങ്ങളുമായി നിരവധി പേരാണ് ദിവസവും ആശുപത്രികളിൽ എത്തുന്നത്. എന്നാൽ കോവിഡും ഡെങ്കിപ്പനിയും വേർത്തിരിച്ചറിയാൻ രോഗികൾക്കാവുന്നില്ല. ഇതു രോഗ വ്യാപനം കൂടാൻ കാരണമാകുന്നു. എന്നാൽ രണ്ടു രോഗങ്ങൾക്കും വ്യത്യസ്ത രോഗലക്ഷണങ്ങളുണ്ടെന്നാണ് മുംബൈയിലെ കല്യൺ ഫോർട്ടിസ് ആശുപത്രിയിലെ ഡോ. കീർത്തി സബ്‌നിസ് പറയുന്നത്. ഹിന്ദുസ്ഥാൻ ടൈംസിനു നൽകിയ അഭിമുഖത്തിലാണ് രണ്ടു രോഗങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങളെ കുറിച്ച് ഡോ. കീർത്തി സബ്‌നിസ് സംസാരിച്ചത്.

പനി, വരണ്ട ചുമ, ക്ഷീണം, കണ്ണ് ദീനം, തൊണ്ട വേദന, ശ്വാസം മുട്ട്, നെഞ്ച് വേദന എന്നിവ കോവിഡ് രോഗലക്ഷണമാണ്. കൂടാതെ മണവും രുചിയും കോവിഡ് രോഗികളിൽ നഷ്ടമാകാം. എന്നാൽ ഡെങ്കിപ്പനി ബാധിച്ചവരിൽ ഇത്തരമൊരു ലക്ഷണമുണ്ടാകില്ല. എന്നാൽ ഇവരിൽ അതിസാരം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡോ. കീർത്തി പറയുന്നു.

ഡെങ്കിപ്പനിയുള്ളവരിൽ എല്ലാവർക്കും ഒരുപോലെയുള്ള ലക്ഷണങ്ങളല്ല ഉണ്ടാകുന്നത്. ഡെങ്കിപ്പനിയുടെ സങ്കീർണ്ണത അനുസരിച്ച് രോഗത്തെ പ്രധാനമായും മൂന്നായി തരംതിരിക്കാം. ഒരോ ഘട്ടത്തിലും രോഗലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും. നേരിയ തോതില്‍ ഡെങ്കിപ്പനിയുള്ളവര്‍ക്കു സന്ധിവേദന, ശക്തമായ പനി, ഛർദ്ദി, പേശിവേദന, കടുത്ത തലവേദന എന്നി ലക്ഷണങ്ങളുണ്ടാകും. എത്രയും വേഗം ചികിത്സ ലഭ്യമാക്കിയാൽ രോഗത്തിൽ നിന്നു മുക്തി നേടാം.

ഡെങ്കി ഹെമറേജിക് പനിയുള്ളവര്‍ക്കു ചർമ്മത്തിൽ രക്തം, ഈർപ്പമുള്ള ചർമ്മം, വയറുവേദന, അതിസാരം, ഉള്ളിലുള്ള രക്തസ്രാവം, വായിലും മൂക്കിലും രക്തസ്രാവം എന്നിവയുണ്ടാകാം. കൃത്യസമയത്തു ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം സംഭവിക്കാം.

ഡെങ്കിപ്പനികളിൽ ഏറ്റവും ഭയപ്പെടേണ്ടത് ഡെങ്കി ഷോക്ക് സിൻഡ്രോം വിഭാഗത്തെയാണ്. ഈ അവസ്ഥയിൽ അടിയന്തര വൈദ്യസഹായം നേടിയില്ലെങ്കിൽ മരണം സംഭവിക്കും. തീവ്രമായ രക്തസ്രാവം, ഉയർന്ന ചൂടിലുള്ള പനി, കുറഞ്ഞ രക്ത സമ്മർദ്ദം, തലച്ചോറിലേക്ക് ഓക്‌സിജൻ കിട്ടാത്ത അവസ്ഥ, ദുർബലമായ ഹൃദയമിടിപ്പ് എന്നിവയാണ് ഡെങ്കി ഷോക്ക് സിൻഡ്രോമിന്റെ ലക്ഷണങ്ങൾ.

TAGS :

Next Story