വെള്ള മുട്ടയോ തവിട്ട് മുട്ടയോ?; ഏതാണ് പോഷകസമൃദ്ധം?
വെള്ളമുട്ടയേക്കാൾ തവിട്ടു മുട്ടകൾക്ക് വിലയും കൂടുതലാണ്

നിരവധി പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങളിലൊന്നാണ് മുട്ട. ഒരു വലിയ മുട്ടയിൽ ഏകദേശം 6-7 ഗ്രാം പ്രോട്ടീൻ, ഒമ്പത് അവശ്യ അമിനോ ആസിഡുകൾ, വിറ്റാമിനുകൾ എ, ഡി, ഇ, ബി 12 എന്നിവയും കോളിൻ, ല്യൂട്ടിൻ, സിയാക്‌സാന്തിൻ, അപൂരിത കൊഴുപ്പുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്.
കടകളിൽ രണ്ട് നിറത്തിലുള്ള മുട്ടകളാണ് വില്‍പ്പനക്കായി കൊണ്ടുവെക്കാറുള്ളത്. തവിട്ട് നിറമുള്ളതും വെളുത്ത നിറത്തിലുള്ളതും.തവിട്ട് നിറമുള്ളത് നാടൻ കോഴിമുട്ടയാണെന്നും അതിലാണ് കൂടുതൽ പ്രോട്ടീനുകൾ അടങ്ങിയിട്ടുള്ളതെന്നുമാണ് പൊതുവെ പറഞ്ഞു കേൾക്കാറുള്ളത്. ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ...?
മുട്ടകളുടെ നിറത്തിന്‍റെ കാരണം...
മുട്ടത്തോടിന്റെ നിറം നിർണയിക്കുന്നത് കോഴിയുടെ ജനിതകശാസ്ത്രമാണ്. വെളുത്ത തൂവലുള്ള കോഴികളാണ് വെളുത്ത മുട്ടകൾ നൽകുന്നത്. വൈറ്റ് ലഗോൺ ഇനത്തിലുള്ള കോഴികളാണ് പ്രധാനമായും വെള്ള നിറത്തിലുള്ള മുട്ട ഇടുന്നത്. തവിട്ടോ ചുവപ്പോ തൂവലുള്ള കോഴികൾ തവിട്ട് നിറമുള്ള മുട്ടയും ഇടുന്നു. പ്രോട്ടോപോർഫൈറിൻ എന്ന പിഗ്മെന്റാണ് മുട്ടകൾക്ക് ബ്രൗൺ നിറം നൽകുന്നത്. പുറംതോടിന്റെ നിറം അധിക പോഷകങ്ങളെയോ ഉയർന്ന ഗുണനിലവാരത്തെയോ അല്ല സൂചിപ്പിക്കുന്നത്.
തവിട്ടുനിറത്തിലുള്ള മുട്ടകൾ വെളുത്ത മുട്ടകളേക്കാൾ പോഷകസമൃദ്ധമാണോ?
തവിട്ടുനിറത്തിലുള്ള മുട്ടകൾക്ക് കൂടുതൽ രുചിയുണ്ടാകുമെന്നും കൂടുതൽ പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ടെന്നും പലരും അവകാശപ്പെടുന്നു.അതുകൊണ്ട് തന്നെ വെള്ളമുട്ടയേക്കാൾ തവിട്ടു മുട്ടകൾക്ക് വിലയും കൂടുതലാണ്. എന്നാൽ ശാസ്ത്രീയ പഠനങ്ങൾ പറയുന്നത് എല്ലാ മുട്ടയിലും ഒരേ അളവിലുള്ള പോഷകങ്ങളാണ് അടങ്ങിയിരിക്കുന്നത് എന്നതാണ്.രണ്ടിലും തുല്യഅളവിൽ കൊഴുപ്പും പ്രോട്ടീനും വിറ്റമിനുകളും അടങ്ങിയിട്ടുണ്ട്.
എന്നാൽ ഏതുതരം തീറ്റയാണ് കോഴികൾക്ക് നൽകുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും മുട്ടയുടെ ഗുണനിലവാരം. കോഴി കഴിക്കുന്നത് മഞ്ഞക്കരുവിന്റെ പോഷകഘടനയെ സ്വാധീനിക്കും. ഉദാഹരണത്തിന്, ഒമേഗ-3 അടങ്ങിയ തീറ്റ കഴിക്കുന്ന കോഴികളുടെ മുട്ടയിൽ ഉയർന്ന അളവിൽ ഒമേഗ-3 ഉണ്ടായിരിക്കും. പുറത്ത് കൂടുതലായി കറങ്ങിനടക്കുന്ന,കൂടുതൽ വെയിൽ കൊള്ളുന്ന കോഴികളുടെ മുട്ടകളിൽ വിറ്റാമിൻ ഡിയുടെ അളവ് കൂടുതലായിരിക്കും.
വാങ്ങുമ്പോൾ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം...
മുട്ട വാങ്ങുമ്പോൾ ഫ്രഷ് ആയത് വാങ്ങാനായി ശ്രദ്ധിക്കുക. മുട്ട പഴകും തോറും ഗുണനിലവാരം കുറയും. മുട്ടകൾ കൂടുതൽ കാലം ഫ്രിഡ്ജിൽ സൂക്ഷിച്ചാലും അതിന്റെ ഗുണങ്ങൾ കുറയാൻ കാരണമാകും.
Adjust Story Font
16

