ടോയ്ലറ്റിൽ പോകണമെങ്കിൽ കാപ്പിയോ ചായയോ കുടിക്കണോ? ശീലം മാറ്റിക്കോളൂ, ഇല്ലെങ്കിൽ പണി വരും
പ്രഭാതകൃത്യങ്ങൾക്കായി ഒരു കാപ്പിയെ ആശ്രയിക്കുന്നത് ശരീരം ശീലമാക്കിയിട്ടുണ്ടെങ്കിൽ പതിയെ അത് നിങ്ങളുടെ സ്വാഭാവികമായ ദഹനപ്രക്രിയയെയും മലവിസർജനത്തെയും പ്രയാസത്തിലാക്കുമെന്നാണ് ഡോക്ടർ സുശീൽ ശർമ പറയുന്നത്

Photo: Shutterstock
അതിരാവിലെ കാപ്പി കുടിച്ച് ദിവസം തുടങ്ങുന്നവരാണോ നിങ്ങൾ? കാപ്പി കുടിക്കുന്നതിലൂടെ ലഭിക്കുന്ന ഉന്മേഷവും ആവേശവും സ്ഥിരമായി ആസ്വദിക്കാറുണ്ടോ? ഒരു കാപ്പി കുടിച്ചുകൊണ്ടല്ലാതെ പ്രഭാതകൃത്യങ്ങൾ നിർവഹിക്കാൻ ഒരുനിലക്കും സാധിക്കാത്ത അവസ്ഥയിലേക്ക് എത്തിയിട്ടുണ്ടെങ്കിൽ നിങ്ങൾ അൽപം കരുതിയിരിക്കണമെന്നാണ് ഡെറാഡൂണിലെ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ(ദഹന വ്യവസ്ഥയെയും അതുമായി ബന്ധപ്പെട്ട രോഗങ്ങളെയും ചികിത്സിക്കുന്ന) ഡോക്ടർ സുശീൽ ശർമ പറയുന്നത്.
'ദിവസവും രാവിലെ കുടിക്കുന്ന കാപ്പി നിങ്ങളുടെ കുടലിനെ ഉത്തേജിപ്പിക്കും. ദിവസം മുഴുവൻ നിങ്ങൾക്ക് ഉന്മേശം ലഭിക്കും. എന്നാൽ, ഇത് പതിവാക്കുന്നതിലൂടെ കാപ്പിയില്ലാതെ പറ്റില്ല എന്ന അവസ്ഥയിലേക്ക് നിങ്ങൾ എത്തിച്ചേരും.' ഡോക്ടർ പറഞ്ഞു.
പ്രഭാതകൃത്യങ്ങൾക്കായി ഒരു കാപ്പിയെ ആശ്രയിക്കുന്നത് ശരീരം ശീലമാക്കിയിട്ടുണ്ടെങ്കിൽ പതിയെ അത് നിങ്ങളുടെ സ്വാഭാവികമായ ദഹനപ്രക്രിയയെയും മലവിസർജനത്തെയും പ്രയാസത്തിലാക്കുമെന്നാണ് ഡോക്ടർ സുശീൽ ശർമയുടെ നിരീക്ഷണം.
അതേസമയം, വെറുംവയറ്റിൽ കഫീൻ അടങ്ങിയ കാപ്പിയോ ചായയോ ശീലമാക്കുന്നതിലൂടെ വയറ്റിൽ ആസിഡിന്റെ സാന്നിധ്യം വർധിക്കും. ദീർഘകാലം കുടിക്കുന്നതിലൂടെ ഗുരുതരമായ ദഹനപ്രശ്നങ്ങൾക്കിടയാക്കുകയും ചെയ്യുമെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ഡോക്ടർ പറയുന്നു.
അതിരാവിലെ കാപ്പിയോ ചായയോ കുടിക്കുന്നതിന് പകരം ഒരു ഗ്ലാസ് ചൂടുവെള്ളമോ എന്തെങ്കിലും ലഘുഭക്ഷണമോ ശീലമാക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനോടൊപ്പം ഇത് പ്രകൃതിദത്തമായ രീതിയിൽ ദഹനപ്രക്രിയ എളുപ്പമാക്കുകയും ചെയ്യുന്നു.
വെറുംവയറ്റിൽ കാപ്പി കുടിക്കുന്നത് പലർക്കും ഇഷ്ടമാണെങ്കിലും അത് ശീലമാക്കുന്നത് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. നിങ്ങൾക്ക് അനുയോജ്യമായ രീതിയിൽ കുടിക്കുകയെന്നതാണ് പ്രധാനം. ബുദ്ധിമുട്ട് ആകുന്നുവെന്ന് തോന്നിയാലുടൻ അവസാനിപ്പിക്കുന്നതാകും ഉചിതം.
Adjust Story Font
16

