Quantcast

ഭക്ഷണം കഴിച്ച ഉടനെ ചായ കുടിക്കാറുണ്ടോ?; ഇക്കാര്യങ്ങള്‍ അറിയാതെ പോകരുത്

ഉച്ചഭക്ഷണമോ അത്താഴമോ കഴിച്ച ഉടനെ ഒരു കപ്പ് കട്ടന്‍ ചായയോ ചായയോ കുടിക്കാന്‍ താല്‍പര്യപ്പെടുന്നവരാണ് കൂടുതല്‍ പേരും

MediaOne Logo
ഭക്ഷണം കഴിച്ച ഉടനെ ചായ കുടിക്കാറുണ്ടോ?;  ഇക്കാര്യങ്ങള്‍ അറിയാതെ പോകരുത്
X

ഭക്ഷണത്തിന് ശേഷം ഒരു ഗ്ലാസ് ചായ കുടിച്ചില്ലെങ്കില്‍ എന്തോ ഒരു തൃപ്തിക്കുറവ് തോന്നാറുണ്ടോ.. ? കഴിച്ചത് വേഗത്തില്‍ ദഹിക്കാനും ഭക്ഷണത്തിന് ശേഷം ക്ഷീണം തോന്നാതിരിക്കാനും ഊര്‍ജം ലഭിക്കാനും ചായ കുടിക്കുന്നത് നല്ലതാണെന്നാണ് പലരും വിശ്വസിക്കുന്നത്. കുറച്ച് ചായ കുടിച്ചാല്‍ എല്ലാം ശരിയാകും എന്ന തോന്നലിന് പുറത്താണ് ഉച്ചഭക്ഷണമോ അത്താഴമോ കഴിച്ച ഉടനെ ചിലര്‍ ഒരു കപ്പ് കട്ടന്‍ ചായയോ ചായയോ കുടിക്കാന്‍ താല്‍പര്യപ്പെടുന്നത്.

എന്നാല്‍ ഈ ശീലം അത്ര നല്ലതല്ല എന്നാണ് ആരോഗ്യവിദഗ്ധരും ഡോക്ടര്‍മാരും മുന്നറിയിപ്പ് നല്‍കുന്നത്. ചായയിലെ ചില പ്രത്യേക സംയുക്തങ്ങൾ ഭക്ഷണത്തിലെ പോഷകങ്ങളുടെ ആഗിരണത്തെ തടസപ്പെടുത്തും. ഇതിന് പുറമെ ദഹനത്തെ തടസപ്പെടുത്തുകയും ചെയ്യുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

അയണിന്‍റെ ആഗിരണം

ഭക്ഷണത്തോടൊപ്പമോ ഭക്ഷണത്തിന് തൊട്ടുപിന്നാലെയോ ചായ കുടിക്കുമ്പോൾ ശരീരത്തിന് ലഭിക്കേണ്ട പോഷകങ്ങൾ നഷ്ടപ്പെടുന്നത് പലരും ശ്രദ്ധിക്കാതെ പോകുന്നു. ചായയിൽ ടാനിനുകൾ, പോളിഫെനോളുകൾ എന്നീ പ്രകൃതിദത്ത സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ, ധാന്യങ്ങൾ തുടങ്ങിയവയില്‍ കാണപ്പെടുന്ന ഇരുമ്പ് അഥവാ അയണിനെ ആഗിരണം ചെയ്യുന്നത് തടസപ്പെടുത്തുന്നു. ശരീരത്തിന് ആഗിരണം ചെയ്യാൻ കഴിയുന്ന ഇരുമ്പിന്റെ അളവ് കുറയ്ക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഭക്ഷണത്തോടൊപ്പം ചായ കുടിക്കുമ്പോൾ ഇരുമ്പിന്റെ ആഗിരണം 50-60% വരെ കുറയാമെന്ന് ചില പഠനങ്ങൾ പറയുന്നു.

കാലക്രമേണ ശരീരത്തിലെ അയണിന്‍റെ അളവ് ക്രമേണ കുറയ്ക്കുകയും വിളർച്ചയും ക്ഷീണവും പ്രതിരോധശേഷിക്കുറവും ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. സ്ത്രീകൾ, കുട്ടികൾ, സസ്യാഹാരികൾ,അയണിന്‍റെ കുറവുള്ളവര്‍ എന്നിവര്‍ ഭക്ഷണത്തിന് ശേഷം ചായ കുടിക്കുന്നത് ശ്രദ്ധിക്കണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ദഹനപ്രശ്നങ്ങള്‍

പോഷകങ്ങളുടെ ആഗിരണത്തെ ബാധിക്കുന്നത് പോലെത്തന്നെ ഭക്ഷണം കഴിച്ച ഉടനെ ചായ കുടിക്കുന്നത് സാധാരണ ദഹനപ്രക്രിയയെ തടസപ്പെടുത്തുകയും ചെയ്യും. ചായയില്‍ അടങ്ങിയിരിക്കുന്ന കഫീനുകളും ടാനിനുകളും ഭക്ഷണം ശരിയായി വിഘടിപ്പിക്കാൻ ശരീരം ആശ്രയിക്കുന്ന ദഹന എൻസൈമുകളുമായി പ്രവര്‍ത്തിക്കും. ഇതുമൂലം വയറു വീർക്കൽ, ഗ്യാസ്, അസിഡിറ്റി, വയറ്റിൽ അസ്വസ്ഥത എന്നിവക്കും കാരണമാകും. ഭക്ഷണത്തിനു ശേഷം ചായ കുടിക്കുന്ന ദഹനം എളുപ്പത്തിലാക്കുമെന്ന് കരുതുന്നത് തെറ്റാണ്. മറിച്ച് ചിലരിൽ ചായ ദഹനനാളത്തിന്റെ ആവരണത്തെ പ്രകോപിപ്പിക്കുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യാം.

ഭക്ഷണത്തോടൊപ്പം ചായ പതിവായി കുടിക്കുന്നത് പോഷകങ്ങളുടെ അഭാവുമുണ്ടാക്കുകയും ഇതുവഴി രോഗപ്രതിരോധ ശേഷി ക്രമേണ ദുർബലമാകാൻ കാരണമാകും. അവശ്യ വിറ്റാമിനുകളും ധാതുക്കളും മതിയായ അളവിൽ ശരീരത്തിൽ എത്താത്തതിനാൽ അസ്ഥികളുടെ ആരോഗ്യത്തെയും മൊത്തത്തിലുള്ള ഊർജ്ജത്തെയും ബാധിച്ചേക്കാം. ചായയിലെ കഫീൻ ഡൈയൂററ്റിക് ആയി പ്രവർത്തിക്കുകയും ഇതുവഴി ഇടക്കിടക്ക് മൂത്രമൊഴിക്കാന്‍ തോന്നുകയും നിർജ്ജലീകരണത്തിന് കാരണമാവുകയും ചെയ്യും.

ഭക്ഷണത്തിന് ശേഷം എപ്പോള്‍ ചായ കുടിക്കാം..

ഭക്ഷണം കഴിഞ്ഞതിന് ശേഷം കുറഞ്ഞത് 30 മുതൽ 60 മിനിറ്റിന് കഴിഞ്ഞതിന് ശേഷം ചായ കുടിക്കുന്നതാണ് നല്ലത്. ഈ സമയം ശരീരത്തിന് കഴിച്ച ഭക്ഷണം ശരിയായി ദഹിപ്പിക്കാനും പോഷകങ്ങൾ തടസ്സമില്ലാതെ ആഗിരണം ചെയ്യാനും ആവശ്യമായ സമയം നൽകുന്നു. ഭക്ഷണം കഴിച്ച ഉടനെ ചൂടുള്ളത് കുടിക്കണമെന്നുണ്ടെങ്കില്‍ കഫീന്‍ ഇല്ലാത്ത ഹെർബൽ ടീയോ വെറും ചൂടുവെള്ളമോ കുടിക്കാം. ഇത് ദഹനത്തെ പിന്തുണക്കുകയും ചെയ്യും.

TAGS :

Next Story