മുട്ട വെറുതെ കഴിച്ചാൽ പോര; ഗുണങ്ങൾ ഇരട്ടിയാക്കാൻ ഇവ ചേർത്ത് കഴിക്കണം
മുട്ടയുടെ പോഷകഗുണങ്ങൾ മുഴുവനായി കിട്ടാൻ എങ്ങനെ കഴിക്കുന്നു എന്നതും പ്രധാനമാണ്

പ്രോട്ടീൻ, നല്ല കൊഴുപ്പുകൾ, കോളിൻ, വൈറ്റമിനുകൾ തുടങ്ങി ശരീരത്തിന് ആവശ്യമുള്ള പോഷകഗുണങ്ങളാൽ സമ്പന്നമാണ് കോഴിമുട്ട. കഴിക്കുന്നത് പതിവാക്കിയാൽ ദിവസം മുഴുവൻ നിങ്ങൾക്ക് ഊർജത്തോടെ ഇരിക്കാം. മുട്ടയുടെ പോഷകഗുണങ്ങൾ മുഴുവനായി കിട്ടാൻ എങ്ങനെ കഴിക്കുന്നു എന്നതും പ്രധാനമാണ്. അതായത് മുട്ടയോടൊപ്പം കഴിക്കുന്ന മറ്റു ഭക്ഷണങ്ങളാണ് അതിലെ പോഷകങ്ങൾ ശരീരം എത്രത്തോളം വേഗത്തിൽ ആഗിരണം ചെയ്യണം എന്ന് തീരുമാനിക്കുന്നത്. ഇത്തരത്തിൽ രുചിയിൽ മാത്രമല്ല, പോഷകഗുണത്തിലും മുട്ടയോടൊപ്പം ചേർക്കാവുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് പരിചയപ്പെടാം.
1. തക്കാളി
ലൈക്കോപീൻ എന്ന ആന്റിഓക്സിഡന്റിനാൽ സമ്പന്നമാണ് തക്കാളി. ഹൃദയം, ചർമ്മം എന്നിവയുടെ ആരോഗ്യം മികച്ചതാക്കാൻ തക്കാളി ഭക്ഷണത്തിൽ ഉണ്ടായിരിക്കണം. തക്കാളി മുട്ടയോടൊപ്പം വേവിച്ചു കഴിക്കുമ്പോൾ ലൈക്കോപീൻ ശരീരം കൂടുതൽ എളുപ്പത്തിൽ ആഗിരണം ചെയ്യും. മുട്ടയിലെ കൊഴുപ്പാണ് ഇതിന് സഹായിക്കുന്നത്. ഓംലെറ്റുകളിലും ഷക്ഷൂക് പോലുള്ള വിഭവങ്ങളിലും തക്കാളിയും മുട്ടയും ചേർത്ത് കഴിക്കുന്നത് ഇതുകൊണ്ടാണ്.
2. മഷ്റൂം/കൂൺ
സൂര്യപ്രകാശം കെണ്ട് വളരുന്ന കൂണിൽ സ്വാഭാവികമായും വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. ഇവ മുട്ടയോടൊപ്പം ചേർത്ത് കഴിക്കുന്നതിലൂടെ ആരോഗ്യവും മുട്ടയുടെ ഗുണങ്ങളും ഇരട്ടിയാക്കാം. അസ്ഥികളുടെ ആരോഗ്യം, പ്രതിരോധശേഷി, പേശികളുടെ പ്രവർത്തനം എന്നിവ ഇതുവഴി മികച്ചതാക്കാം. അമിത കലോറി ഇല്ലാതെ തന്നെ വയർ നിറഞ്ഞ അനുഭവം നൽകാൻ ഇത് നിങ്ങളെ സഹായിക്കും.
3. ഇലകൾ
വൈറ്റമിൻ എ, ഡി, ഇ, കെ തുടങ്ങിയവ അടങ്ങിയവയാണ് ഇലകൾ. പ്രത്യേകിച്ചും ചീര, ഉലുവയില, ചേമ്പില എന്നിവ. ഇവ മുട്ടയോടൊപ്പം ചേർത്ത് കഴിച്ചാൽ ഗുണം ഇരട്ടിയാക്കാം. പൊതുവെ ചീരയില മുട്ടയിൽ കൂട്ടി ഓംലെറ്റുകൾ അടിക്കാറുണ്ട് പലരും. ഇത് ശരീരത്തിന് വളരെ നല്ലതാണ്. ഈ ഇലകളെല്ലാം വൈറ്റമിനുകളാൽ സമൃദ്ധമാണ്. കൂടാതെ, ഇതിലെ പ്രോട്ടീനും നാരുകളും ദഹനം എളുപ്പമാക്കുകയും ഇതുവഴി കുറേ സമയം ക്ഷീണമില്ലാതെ ഇരിക്കാൻ നിങ്ങളെ സഹായിക്കും. കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിനുകളെ മുട്ടയ്ക്ക് വേഗത്തിൽ ആഗിരണം ചെയ്യാൻ സാധിക്കുന്നത് കൊണ്ടാണിത്.
4. അവോക്കാഡോ
മുട്ടയിൽ നല്ല കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. പക്ഷേ ഗുണം ഇരട്ടിയാവാൻ നിങ്ങൾക്ക് അവോക്കാഡോയിൽ ചേർത്ത് കഴിക്കാവുന്നതാണ്. അവോക്കാഡോയിലെ മോണോ അൺസാച്ചുറേറ്റഡ് കൊഴുപ്പ് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുകയും ചെയ്യും. രാവിലെ ഈ കോമ്പിനേഷനുകൾ കഴിച്ചാൽ വയർ നിറഞ്ഞ ഫീൽ നിങ്ങൾക്ക് കിട്ടും. കൂടാതെ, അധികം എണ്ണയോ വെണ്ണയോ ഉപയോഗിക്കാതെ തന്നെ ഭക്ഷണത്തിന് ക്രീമി ടെക്ചർ കിട്ടാനും ഇത് വളരെ നല്ലതാണ്.
5. ധാന്യങ്ങൾ
മുട്ടയിൽ പ്രോട്ടീൻ ധാരാളമുണ്ടെങ്കിലും കാർബോഹൈഡ്രേറ്റ് കുറവാണ്. മൾട്ടിഗ്രെയിൻ ടോസ്റ്റ് അഥവാ ഒന്നിലധികം ധാന്യങ്ങൾ (ഗോതമ്പ്, ഓട്സ്, ബാർലി, കടുക്, ചോളം, റാഗി തുടങ്ങിയവ) എന്നിവയ്ക്കൊപ്പം മുട്ട കഴിക്കുന്നത് സാവധാനം ദഹിക്കുന്ന കാർബോഹൈഡ്രേറ്റുകളും നാരുകളും ശരീരത്തിന് നൽകാൻ സഹായിക്കും. കൂടാതെ പഞ്ചസാരയുടെ അളവ് പെട്ടന്ന് കൂടാതിരിക്കാനും ദിവസം മുഴുവൻ ഊർജം പകരാനും സഹായിക്കും. മുട്ട മാത്രം കഴിച്ചാൽ ചിലർക്ക് പെട്ടന്ന് വിശക്കാറുണ്ട്. എന്നാൽ ധാന്യങ്ങൾ ചേർത്ത് കഴിച്ചാൽ പെട്ടന്ന് വിശക്കുന്നത് തടയാൻ സാധിക്കും.
6. തൈര്
പ്രോബയോട്ടിക്സുകളാൽ സമ്പന്നമാണ് തൈര്. ദഹനത്തെ തൈര് സഹായിക്കും. തൈര് മുട്ട എന്നൊക്കെ കേൾക്കുമ്പോൾ ഇതെന്ത് കോമ്പിനേഷൻ എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടാകാം. എന്നാൽ, മുട്ട റാപ്പുകളിൽ തൈര് ചേർത്ത സോസുകൾ ഉപയോഗിച്ചോ, പുഴുങ്ങിയ മുട്ട തൈരിനൊപ്പം ചേർത്തോ കഴിച്ച് ഇത് പരീക്ഷിക്കാവുന്നതാണ്. ഇതുവഴി ഗ്യാസ്, വയറുവീർപ്പ് എന്നിവ കുറയ്ക്കാനും പോഷകങ്ങൾ കൃത്യമായി ശരീരത്തിന് ലഭിക്കാനും സഹായിക്കും.
Adjust Story Font
16

