Quantcast

ഇടയ്ക്കിടെ കണ്ണ് തുടിക്കാറുണ്ടോ? നിസാരമാക്കരുത്; ഈ അവശ്യ ധാതുവിന്റെ കുറവാകാം കാരണം

ഉറക്കക്കുറവോ കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള ക്ഷീണമോ അല്ലെങ്കിൽ ഒരു സ്വാഭാവിക കാര്യമോ ആണെന്ന് കരുതി ഇതിനെ അവഗണിക്കുകയാണ് പതിവ്

MediaOne Logo
ഇടയ്ക്കിടെ കണ്ണ് തുടിക്കാറുണ്ടോ? നിസാരമാക്കരുത്; ഈ അവശ്യ ധാതുവിന്റെ കുറവാകാം കാരണം
X

ഇടയ്ക്കിടെ കണ്ണുകൾ തുടിക്കുന്നത് നമ്മളിൽ പലർക്കും പരിചിതമായ കാര്യമാണ്. പ്രിയപ്പെട്ടവരെ കാണാൻ പോകുന്നതിന്റെ ലക്ഷണമാണെന്നൊക്കെ ഇതിനെ തമാശയായി പറയാറുമുണ്ട്. നമ്മളിൽ ഭൂരിഭാഗം പേരും ഉറക്കക്കുറവോ കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള ക്ഷീണമോ അല്ലെങ്കിൽ ഒരു സ്വാഭാവിക കാര്യമോ ആണെന്ന് കരുതി ഇത് അവഗണിക്കുകയാണ് പതിവ്. എന്നാൽ ശരീരത്തിൽ മഗ്നീഷ്യം കുറയുന്നതിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണിതെന്ന് നിങ്ങൾക്കറിയാമോ? 'ഹൈപ്പോമാഗ്നെസീമിയ' (Hypomagnesemia) എന്നറിയപ്പെടുന്ന ഈ അവസ്ഥ വളരെ നിശബ്ദമായാണ് ശരീരത്തെ ബാധിക്കുന്നത്.

മഗ്നീഷ്യവും കണ്ണിന്റെ തുടിപ്പും തമ്മിലുള്ള ബന്ധം

നാഡികളുടെ പ്രവർത്തനം ശാന്തമാക്കാനും പേശികൾക്ക് വിശ്രമം നൽകാനും സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു ധാതുവാണ് മഗ്നീഷ്യം. ശരീരത്തിൽ ഇതിന്റെ അളവ് കുറയുമ്പോൾ, നാഡികൾ അമിതമായി ഉത്തേജിപ്പിക്കപ്പെടുകയും ഇത് കൺപോളകളിലെ പേശികളുടെ അനിയന്ത്രിതമായ ചലനത്തിന് (Myokymia) കാരണമാവുകയും ചെയ്യുന്നു. മാനസിക സമ്മർദം, ഉറക്കക്കുറവ്, അമിതമായ കഫീൻ ഉപയോഗം, വരണ്ട കണ്ണുകൾ എന്നിവ ഈ അവസ്ഥ കൂടുതൽ വഷളാക്കാം. ദീർഘകാലമായി മഗ്നീഷ്യം കുറഞ്ഞിരിക്കുന്നത് കണ്ണിന്റെ അനിയന്ത്രിതമായ ചലനങ്ങൾ ഉണ്ടാക്കുന്ന 'നിസ്റ്റാഗ്മസ്' (Nystagmus) പോലുള്ള പ്രശ്നങ്ങൾക്കും കാരണമായേക്കാം.

ശരീരത്തിന് മഗ്നീഷ്യം അത്യാവശ്യമാകുന്നത് എന്തുകൊണ്ട്?

കോശങ്ങളുടെ അടിസ്ഥാന പ്രവർത്തനങ്ങൾ മുതൽ ഊർജോത്പാദനം വരെ നിയന്ത്രിക്കുന്ന 300ലധികം എൻസൈമാറ്റിക് പ്രവർത്തനങ്ങൾക്ക് മഗ്നീഷ്യം കൂടിയേ തീരൂ. ഡിഎൻഎ ഉത്പാദനം, പേശികളുടെയും നാഡികളുടെയും സുഗമമായ പ്രവർത്തനം, മെറ്റബോളിസം, രക്തസമ്മർദവും പ്രമേഹവും നിയന്ത്രിക്കൽ, എല്ലുകളുടെ ആരോഗ്യം, വൈറ്റമിൻ ഡി ആഗിരണം ചെയ്യൽ, മാനസിക സമ്മർദം കുറച്ച് നല്ല ഉറക്കം നൽകൽ എന്നിവയ്ക്കെല്ലാം മഗ്നീഷ്യം അത്യന്താപേക്ഷിതമാണ്.

മഗ്നീഷ്യം കുറയുന്നുവെന്നതിന് ശരീരം കാണിക്കുന്ന പ്രധാന ലക്ഷണങ്ങൾ

  • കണ്ണ് തുടിക്കലും പേശിവലിവും: മഗ്നീഷ്യത്തിന്റെ അഭാവം കാണിക്കുന്ന ആദ്യത്തെ ലക്ഷണമാണിത്. ശരീരത്തിൽ മഗ്നീഷ്യം കുറയുമ്പോൾ പേശികൾക്ക് വിശ്രമം ലഭിക്കാതെ വരികയും, പ്രത്യേകിച്ച് കണ്ണുകൾക്കും കാലിലെ പേശികൾക്കും അമിതമായ വലിവും വിറയലും അനുഭവപ്പെടുകയും ചെയ്യും.
  • തുടർച്ചയായ തലവേദനയും മൈഗ്രേനും: രക്തക്കുഴലുകളുടെ പ്രവർത്തനത്തെയും ന്യൂറോ ട്രാൻസ്മിറ്ററുകളുടെ സന്തുലിതാവസ്ഥയെയും ബാധിക്കുന്നതിലൂടെ ഇത് കടുത്ത തലവേദനയ്ക്കും മൈഗ്രേനും കാരണമാകാം.
  • ഉറക്കമില്ലായ്മ: തലച്ചോറിനെ ശാന്തമാക്കുന്ന 'ഗാബ' (GABA) എന്ന ന്യൂറോ ട്രാൻസ്മിറ്ററിന്റെ പ്രവർത്തനത്തിന് മഗ്നീഷ്യം ആവശ്യമാണ്. ഇതിന്റെ കുറവ് ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും.
  • പെട്ടെന്നുള്ള സ്വഭാവ മാറ്റങ്ങൾ: അനാവശ്യമായ ദേഷ്യം, അകാരണമായ വിഷമം, അമിതമായ സ്ട്രെസ്സ് എന്നിവയ്ക്കും മഗ്നീഷ്യം കുറയുന്നത് കാരണമാകാം.

ആർക്കെല്ലാമാണ് സാധ്യത കൂടുതൽ?

കടുത്ത മാനസിക സമ്മർദം അനുഭവിക്കുന്നവർ, പ്രോസസ്ഡ് ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നവർ, പ്രമേഹം അല്ലെങ്കിൽ ഇൻസുലിൻ റെസിസ്റ്റൻസ് ഉള്ളവർ, ദഹനപ്രശ്നങ്ങൾ ഉള്ളവർ, അമിതമായി മദ്യപിക്കുന്നവരും കാപ്പി കുടിക്കുന്നവരും, വ്യായായിച്ച് അമിതമായി വിയർക്കുന്ന കായികതാരങ്ങൾ എന്നിവർക്ക് ശരീരത്തിൽ മഗ്നീഷ്യം കുറയാനുള്ള സാധ്യത കൂടുതലാണ്.

ദിവസവും എത്ര മഗ്നീഷ്യം വേണം? പരിഹാരമെന്ത്?

പ്രായം, ലിംഗഭേദം എന്നിവയ്ക്കനുസരിച്ച് ദിവസേന ആവശ്യമായ മഗ്നീഷ്യത്തിന്റെ അളവിൽ മാറ്റം വരും. മുതിർന്ന പുരുഷന്മാർക്ക് പ്രതിദിനം 400-420 മില്ലിഗ്രാമും, സ്ത്രീകൾക്ക് 310-320 മില്ലിഗ്രാമും മഗ്നീഷ്യം ആവശ്യമാണ്. ഗർഭിണികൾക്ക് ഇത് 350-360 മില്ലിഗ്രാമും, മുലയൂട്ടുന്ന അമ്മമാർക്ക് 310-320 മില്ലിഗ്രാമുമാണ്.

ഭക്ഷണത്തിലൂടെ മഗ്നീഷ്യം ശരീരത്തിലെത്തിക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗം. മത്തങ്ങക്കുരു, സൂര്യകാന്തി വിത്തുകൾ, ബദാം, കശുവണ്ടി, നിലക്കടല, ചീര, ഉലുവയില, തവിടുള്ള അരി, ഓട്സ്, ചെറുധാന്യങ്ങൾ, ഡാർക്ക് ചോക്ലേറ്റ് (70 ശതമാനത്തിലധികം കൊക്കോ അടങ്ങിയത്), വാഴപ്പഴം, അവോക്കാഡോ തുടങ്ങിയവയിൽ ധാരാളമായി മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.

പോഷകസമൃദ്ധമായ ഭക്ഷണം കഴിച്ചിട്ടും ലക്ഷണങ്ങൾ മാറുന്നില്ലെങ്കിൽ മാത്രം ഡോക്ടറുടെ നിർദേശപ്രകാരം സപ്ലിമെന്റുകൾ കഴിക്കാവുന്നതാണ്. മഗ്നീഷ്യം ഗ്ലൈസിനേറ്റ് അല്ലെങ്കിൽ സിട്രേറ്റ് പോലുള്ളവയാണ് ശരീരത്തിന് വേഗത്തിൽ ആഗിരണം ചെയ്യാൻ കഴിയുന്നത്. പേശിവലിവും ഉറക്കക്കുറവും ഉള്ളവർ ഇത് രാത്രി കിടക്കുന്നതിന് മുമ്പ് കഴിക്കുന്നതാണ് ഉത്തമം. എന്നാൽ അമിത അളവിൽ സപ്ലിമെന്റുകൾ കഴിക്കുന്നത് വയറിളക്കം, കുറഞ്ഞ രക്തസമ്മർദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

(ശ്രദ്ധിക്കുക: ഈ ലേഖനം പൊതുവായ വിവരങ്ങൾ നൽകാൻ വേണ്ടി മാത്രമുള്ളതാണ്. ഇത് ഒരിക്കലും പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിന് പകരമാവില്ല. ആരോഗ്യപരമായ സംശയങ്ങൾക്ക് എപ്പോഴും ഒരു ഡോക്ടറെ സമീപിക്കുക.)

TAGS :
Next Story