Quantcast

'സ്റ്റീൽ ബോട്ടിൽ അപകടമാണോ?'; സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾക്ക് പിന്നിലെ സത്യം

ഇന്ന് വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഒന്നാണ് സ്റ്റെയിൻ‌ലെസ് സ്റ്റീൽ വാട്ടർ ബോട്ടിലുകൾ

MediaOne Logo

ലിസി. പി

  • Updated:

    2026-03-12 08:52:55.0

Published:

12 March 2026 1:49 PM IST

സ്റ്റീൽ ബോട്ടിൽ അപകടമാണോ?; സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾക്ക് പിന്നിലെ സത്യം
X

AI generated image

പരിസ്ഥിതി സൗഹൃദവും ഈടുനിൽക്കുന്നതുമായതിനാൽ ഇന്ന് വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഒന്നാണ് സ്റ്റെയിൻ‌ലെസ് സ്റ്റീൽ വാട്ടർ ബോട്ടിലുകൾ. എന്നാൽ അടുത്ത കാലത്തായി ഇവയെക്കുറിച്ച് വ്യാപകമായ പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. സ്റ്റീൽ ബോട്ടിലുകൾ നിങ്ങളെ പതുക്കെ വിഷമാക്കുന്ന എന്ന അവകാശവാദവുമായി നിരവധി വിഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ഭീതിയും ആശങ്കയും സൃഷ്ടിക്കുന്ന എന്ന രീതിയുടെ ക്ലാസിക് ഉദാഹരണമാണ് ഇത്തരം വിഡിയോകളെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാൽ ഇത്തരം ഭയപ്പെടുത്തുന്ന പ്രചാരണങ്ങളിൽ എത്രത്തോളം സത്യമുണ്ടെന്ന് നോക്കാം.

നിക്കലും ക്രോമിയവും പുറത്തുവിടുന്നു

വില കുറഞ്ഞ സ്റ്റീൽ ബോട്ടിലുകൾ അമ്ലഗുണമുള്ള പാനീയങ്ങളുമായി സമ്പർക്കത്തിൽ വരുമ്പോൾ നിക്കലും ക്രോമിയവും പുറത്തുവിടുന്നു എന്നാണ് പ്രധാനമായും പ്രചരിക്കുന്നത്. എന്നാല്‍ അടുക്കള ഉപകരണങ്ങൾക്കും ബോട്ടിലുകൾക്കും സാധാരണയായി 'ഫുഡ്-ഗ്രേഡ്' സ്റ്റീൽ ആണ് ഉപയോഗിക്കുന്നത്. ഇവ ദീർഘകാലം നിലനിൽക്കുന്നതും രാസപ്രവർത്തനങ്ങളിൽ ഏർപ്പെടാത്തതുമാണ്. 304, 316 എന്നീ ഗ്രേഡുകളിലുള്ള സ്റ്റീൽ ഇത്തരത്തിൽ അമ്ലഗുണമുള്ള ഭക്ഷണങ്ങളുമായി പ്രതികരിക്കാത്ത രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിൽ, സ്റ്റെയിൻലെസ് സ്റ്റീൽ, അലുമിനിയം അടുക്കള പാത്രങ്ങൾ ദേശീയ ഗുണനിലവാര മാനദണ്ഡങ്ങളായ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) പാലിക്കണമെന്ന് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്.

"ഉയർന്ന നിലവാരമുള്ള സ്റ്റെയിൻലെസ് സ്റ്റീൽ സാധാരണയായി ഏതെങ്കിലും ദ്രവ്യങ്ങൾ പുറത്തേക്ക് വിടുകയില്ല, നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ ദൈനംദിന ഉപയോഗത്തിന് പൊതുവെ സുരക്ഷിതമാണ്,"- വിഷവസ്തുക്കളും പരിസ്ഥിതിയും സംബന്ധിച്ച് ഗവേഷണം നടത്തുന്ന സംഘടനയായ ടോക്സിക്സ് ലിങ്കിന്റെ അസോസിയേറ്റ് ഡയറക്ടർ ഡോ. സതീഷ് സിന്ഹ ഇന്ത്യ ടുഡേയോട് പറഞ്ഞു. എന്നാല്‍ അമ്ലഗുണമുള്ള പാനീയങ്ങൾ (ഉദാഹരണത്തിന് നാരങ്ങാവെള്ളം) ദിവസങ്ങളോളം ഇത്തരം ബോട്ടിലുകളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കുന്നത് നല്ലതാണ്.

സർജിക്കൽ ഗ്രേഡ് സ്റ്റീൽ മാത്രം ഉപയോഗിക്കണോ?

നിങ്ങളുടെ പക്കലുള്ള എല്ലാ സ്റ്റീൽ പാത്രങ്ങളും ഒഴിവാക്കി 'സർജിക്കൽ ഗ്രേഡ്' (Surgical Grade) സ്റ്റീൽ ഉപയോഗിക്കണമെന്നാണ് മറ്റൊരു വാദം. സാധാരണ സ്റ്റെയിൻലെസ് സ്റ്റീൽ ബോട്ടിലുകൾ ഉപേക്ഷിച്ച് സർജിക്കൽ ഗ്രേഡ് സ്റ്റീൽ ബോട്ടിലുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് സോഷ്യൽ മീഡിയയിൽ ചിലർ പറയുന്നത്.

എന്നാല്‍ സർജിക്കൽ ഗ്രേഡ് സ്റ്റീൽ വളരെ ചെലവേറിയതാണ്, കുടിവെള്ള ബോട്ടിലുകൾക്ക് അതിന്റെ ആവശ്യം പോലുമില്ലെന്ന് ഡോ. സതീഷ് സിന്ഹ വ്യക്തമാക്കി. ബോട്ടിലുകൾ വാങ്ങുമ്പോൾ ഗ്രേഡ് നമ്പർ രേഖപ്പെടുത്താതെ വെറുതെ 'സ്റ്റെയിൻ‌ലെസ് സ്റ്റീൽ' എന്ന് മാത്രം എഴുതിയവ ഫുഡ് ഗ്രേഡ് നിലവാരമുള്ളവ ആകണമെന്നില്ല. കുട്ടികൾക്കായി സ്റ്റീൽ ബോട്ടിലുകൾ നിർമ്മിക്കുന്ന പ്രമുഖ ഇന്ത്യൻ ബ്രാൻഡുകൾ 'ഫുഡ് ഗ്രേഡ് സ്റ്റെയിൻ‌ലെസ് സ്റ്റീൽ 304' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഗ്രേഡ് (304) ആണ് ഏറ്റവും കൂടുതൽ ശിപാർശ ചെയ്യപ്പെടുന്നത്. കാരണം, സാധാരണ ഉപയോഗത്തിൽ ഇതിലടങ്ങിയിരിക്കുന്ന നിക്കൽ ലോഹം ദ്രാവകങ്ങളിലേക്ക് കലരാതെ സുരക്ഷിതമായി നിലനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.

നിക്കൽ അലർജിക്കും മൂഡ് സ്വിങ്സിനും കാരണമാകും

സ്റ്റീൽ ബോട്ടിലിൽ നിന്നുള്ള നിക്കൽ അലർജിക്കും മൂഡ് സ്വിങ്സിനും കാരണമാകുമെന്നാണ് മറ്റൊരു പ്രചാരണം.

വാസ്തവത്തിൽ, ഹെവി മെറ്റല്‍സുമായി കൂടുതലായി സമ്പർക്കം ഉണ്ടാകുന്നത് ചർമ്മത്തിലെ തിണർപ്പുകൾ, എക്സിമ, മൂഡ് സ്വിങ്സ്, അമിതമായ ദേഷ്യം എന്നിവയ്ക്ക് കാരണമായേക്കാം. ശരീരത്തിൽ നിക്കലും നിക്കൽ സംയുക്തങ്ങളും ദീർഘകാലം അടിഞ്ഞുകൂടുന്നത് മനുഷ്യന്റെ ആരോഗ്യത്തിന് പലതരത്തിലുള്ള ദോഷഫലങ്ങൾ ഉണ്ടാക്കാൻ കാരണമായേക്കാമെന്ന് എന്ന് ഡോ. സിൻഹ വിശദീകരിക്കുന്നു.എന്നാല്‍ 'ഫുഡ് ഗ്രേഡ്' സ്റ്റീൽ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കില്ല.അതുകൊണ്ട് തന്നെ ഗുണനിലവാരം കുറഞ്ഞ സ്റ്റീൽ പാത്രങ്ങൾ ഒഴിവാക്കുകയാണ് വേണ്ടത്.

പാചകം ചെയ്യുന്ന പാത്രങ്ങളുടെ കാര്യമെടുത്താൽ, അവയിൽ നിന്ന് ഭക്ഷണത്തിലേക്ക് കലരുന്ന നിക്കലിന്റെ അളവ് വളരെ കുറവാണെന്നും ഇത് ദൈനംദിന പരിധിക്കുള്ളിൽ തന്നെയാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

ഭക്ഷണത്തെയും ആരോഗ്യത്തെയും കുറിച്ച് ഭീതി പടർത്തുന്ന ഇത്തരം വീഡിയോകൾ കണ്ട് പരിഭ്രാന്തരാകേണ്ടതില്ല. വിശ്വസനീയമായ ബ്രാൻഡുകളിൽ നിന്നും BIS മുദ്രയുള്ളതുമായ ബോട്ടിലുകൾ തെരഞ്ഞെടുക്കുക. കൃത്യമായി കഴുകി വൃത്തിയാക്കി ഉപയോഗിച്ചാൽ സ്റ്റീൽ ബോട്ടിലുകൾ പ്ലാസ്റ്റിക്കിനേക്കാൾ സുരക്ഷിതമാണന്നും വിദഗ്ധര്‍ പറയുന്നു.

TAGS :

Next Story