ഫാറ്റി ലിവറുണ്ടോ? എങ്കിൽ ഡയറ്റിൽ വേണം ഈ ഭക്ഷണങ്ങൾ
കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ

ഇന്ന് പലരിലും കണ്ടുവരുന്ന ഒന്നാണ് ഫാറ്റി ലിവർ. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണിത്. അമിതമായ മദ്യപാനം ഉള്ളവരിൽ മാത്രമല്ല, പൊണ്ണത്തടി, ടൈപ്പ്-2 പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, അമിത കൊളസ്ട്രോൾ, തെറ്റായ ജീവിതശൈലി, ജങ്ക് ഫുഡുകളുടെ അമിത ഉപയോഗം തുടങ്ങി പല കാരണങ്ങളും കൊണ്ട് ഇന്ന് പലരിലും ഫാറ്റി ലിവർ കണ്ടുവരാറുണ്ട്. ഫാറ്റി ലിവർ ഉണ്ടെന്ന് മനസ്സിലാക്കിയാൽ ഡയറ്റിൽ ചില മാറ്റങ്ങൾ വരുത്തിയേ തീരൂ. ഇതിനെക്കുറിച്ച് ന്യൂട്രീഷ്യനിസ്റ്റ് ദീപ്ശിഖ ജെയ്ൻ പറയുന്നത് നോക്കാം.
1. ബ്ലാക്ക് കോഫി
ഫാറ്റി ലിവർ സാധ്യത കുറയ്ക്കാനും കരൾ രോഗങ്ങളുടെ വേഗത കുറയ്ക്കാനും ബ്ലാക്ക് കോഫി കുടിക്കുന്നത് വഴി സാധിക്കും. കാപ്പിയിലെ കഫീനാണ് ഇതിനായി സഹായിക്കുന്നത്. കാപ്പിയിൽ അടങ്ങിയിരിക്കുന്ന ക്ലോറോജെനിക് ആസിഡ്, കഫീൻ തുടങ്ങിയ ആന്റിഓക്സിഡന്റുകൾക്ക് ആന്റി-ഇൻഫ്ലമേറ്ററി (വീക്കം തടയുന്ന) ഗുണങ്ങളുണ്ട്. ഇത് കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ശരീരത്തിന്റെ മെറ്റബോളിക് പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുകയും ചെയ്യും. എന്നാൽ പഞ്ചസാര ചേർക്കാതെ കഴിക്കാൻ പ്രത്യേക ശ്രദ്ധിക്കണം.
2. ബ്ലൂബെറി
ബ്ലൂബെറിയിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിൻ എന്ന സസ്യ ഘടകങ്ങൾക്ക് കരളിന്റെ വീക്കം കുറയ്ക്കാനുള്ള ശേഷിയുണ്ട്. ഇത് കരൾ കോശങ്ങളിലുണ്ടാകുന്ന വീക്കം കുറച്ച് ഫാറ്റി ലിവറിനെതിരെ പോരാടും.
3. നെല്ലിക്ക
നെല്ലിക്കയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും വിറ്റാമിൻ സിയും കരളിലെ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും കരൾ കോശങ്ങൾക്ക് സംരക്ഷണം നൽകാനും സഹായിക്കും. ഇതുവഴി കരളിന്റെ പ്രവർത്തനം മെച്ചപ്പെടും.
4. അവക്കാഡോ
അവക്കാഡോയിൽ നല്ല കൊഴുപ്പ്, നാരുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. കരൾ കോശങ്ങളുടെ കേടുപാടുകൾ തടഞ്ഞ് അവയ്ക്ക് ഊർജം പകരാൻ സഹായിക്കുന്ന ഗ്ലൂട്ടാത്തയോൺ എന്ന ശക്തമായ ആന്റിഓക്സിഡന്റ് അവക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഫാറ്റി ലിവറിനെതിരെ പോരാടും.
5. മഞ്ഞളും കുരുമുളകും
മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇത് വേഗത്തിൽ ആഗിരണം ചെയ്യാൻ കുരുമുളക് സഹായിക്കും. ഇവ രണ്ടും ചേരുമ്പോൾ ഉണ്ടാകുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളാണ് കരളിലെ വീക്കം കുറയ്ക്കാൻ സഹായിച്ച് കരളിന്റെ ആരോഗ്യത്തെ കാക്കുന്നത്.
ഭക്ഷണങ്ങളിൽ മാറ്റം വരുത്തുന്നത് കൊണ്ട് മാത്രം ഫാറ്റി ലിവർ പൂർണമായും മാറുമെന്ന് കരുതരുത്. കൃത്യമായ വ്യായാമം, ശരീരഭാരം നിയന്ത്രിക്കൽ, നല്ല ഉറക്കം, പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കൽ എന്നിവയും ആവശ്യമാണ്.
(ശ്രദ്ധിക്കുക: ഈ ലേഖനം പൊതുവായ വിവരങ്ങൾ നൽകാൻ മാത്രമുള്ളതാണ്. ഫിറ്റ്നസുമായി ബന്ധപ്പെട്ട നിങ്ങളുടെ വ്യക്തിപരമായ സംശയങ്ങൾക്ക് എപ്പോഴും അംഗീകൃത ട്രെയിനറുടെയോ ഡോക്ടറുടെയോ ഉപദേശം തേടുക.)
Adjust Story Font
16

