ഉള്ളുള്ള മുടി വളരാൻ ഇനി വിലകൂടിയ ഷാംപൂ വേണ്ട;ഫ്ലാക്സ് സീഡ് ഇങ്ങനെ ഉപയോഗിച്ചുനോക്കൂ
തിളക്കമില്ലാത്തതും കൊഴിയുന്നതുമായ മുടിയെ ഉള്ളുള്ളതും കരുത്തുറ്റതുമാക്കി മാറ്റാൻ ഫ്ലാക്സ് സീഡിന് കഴിയും. ഇതിന്റെ പരമാവധി ഗുണങ്ങൾ ലഭിക്കാൻ ഇത് എങ്ങനെ ഉപയോഗിക്കണമെന്ന് നോക്കാം

മുടികൊഴിച്ചിൽ കാരണം വിഷമിക്കുന്നവരാണോ നിങ്ങൾ? വിലകൂടിയ ഷാംപൂവിലും സലൂണുകളിലും പണം ചിലവാക്കുന്നതിന് മുമ്പ് സ്വന്തം അടുക്കളയിലേക്ക് ഒന്ന് നോക്കൂ. മുടിയുടെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കുമുള്ള പരിഹാരം അവിടെത്തന്നെയുണ്ട്. അത്തരത്തിലൊരു അത്ഭുത വിത്താണ് ഫ്ലാക്സ് സീഡ് (ചണവിത്ത്). കാഴ്ചയിൽ വളരെ ചെറുതാണെങ്കിലും പോഷകങ്ങളുടെ വലിയൊരു കലവറയാണിത്. തിളക്കമില്ലാത്തതും കൊഴിയുന്നതുമായ മുടിയെ ഉള്ളുള്ളതും കരുത്തുറ്റതുമാക്കി മാറ്റാൻ ഫ്ലാക്സ് സീഡിന് കഴിയും. ഇതിന്റെ പരമാവധി ഗുണങ്ങൾ ലഭിക്കാൻ ഇത് എങ്ങനെ ഉപയോഗിക്കണമെന്ന് നോക്കാം.
ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, ലിഗ്നാനുകൾ എന്നിവയാൽ സമ്പന്നമാണ് ഫ്ലാക്സ് സീഡുകൾ. ഇവ മുടിയുടെ വേരുകളെ ശക്തിപ്പെടുത്താനും പൊട്ടിപ്പോകുന്നത് തടയാനും സഹായിക്കുന്നു. ഒമേഗ-3 തലയോട്ടിയിലെ വരൾച്ചയും താരനും അകറ്റുമ്പോൾ, വിറ്റാമിൻ ഇ ഒരു ആന്റിഓക്സിഡന്റായി പ്രവർത്തിച്ച് പൊടി, ചൂട്, സ്ട്രെസ് എന്നിവയിൽ നിന്ന് മുടിയെ സംരക്ഷിക്കുന്നു.
തലയോട്ടിയിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്താനും ഇതുവഴി പുതിയ മുടി കിളിർക്കാനും ഇത് സഹായിക്കും.
ഫ്ലാക്സ് സീഡ് വെള്ളം തയാറാക്കാം
- ഫ്ലാക്സ് സീഡ് ഉപയോഗിക്കാവുന്ന ഏറ്റവും ലളിതവും ഫലപ്രദവുമായ മാർഗമാണിത്. ദിവസവും കുടിക്കാൻ സാധിക്കുന്ന മികച്ചൊരു പാനീയമാണിത്.
- ഒരു ടേബിൾ സ്പൂൺ ഫ്ലാക്സ് സീഡ് ഒരു ഗ്ലാസ് വെള്ളത്തിൽ കുതിർക്കാൻ വെക്കുക.
- പിറ്റേന്ന് രാവിലെ ഈ വെള്ളം അരിച്ചെടുത്ത് വെറും വയറ്റിൽ കുടിക്കാം.
കുറച്ചുകൂടി ഗുണം ലഭിക്കാൻ ഈ കുതിർത്ത വിത്തുകൾ അഞ്ച് മിനിറ്റ് തിളപ്പിച്ച് ആറിയ ശേഷം ചെറുചൂടോടെ കുടിക്കുന്നതും മികച്ചതാണ്. ഇത് ദഹനം മെച്ചപ്പെടുത്തുക മാത്രമല്ല, മുടി വളരാൻ ആവശ്യമായ അവശ്യ പോഷകങ്ങൾ നൽകുകയും ചെയ്യും.
ഭക്ഷണത്തിൽ പൊടിച്ച് ചേർക്കാം
- വെള്ളത്തിൽ കലക്കി കുടിക്കാൻ താല്പര്യമില്ലാത്തവർക്ക് ഇത് പൊടിച്ച് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഫ്ലാക്സ് സീഡ് വറുത്ത് പൊടിച്ചെടുത്ത് വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കാം.
- രാവിലത്തെ സ്മൂത്തിയിലോ തൈരിലോ ഒരു ടീസ്പൂൺ ഫ്ലാക്സ് സീഡ് പൊടി ചേർക്കാം.
- ചപ്പാത്തിക്ക് മാവ് കുഴയ്ക്കുമ്പോൾ അതിനൊപ്പം ചേർക്കാം.
- കറികളിലോ പരിപ്പിലോ ചട്നിയിലോ ചേർത്ത് കഴിക്കുന്നതും മികച്ച വഴിയാണ്.
വീട്ടിലുണ്ടാക്കാം ഫ്ലാക്സ് സീഡ് ഹെയർ ജെൽ
- മുടി വളരാനും മുടിക്ക് തിളക്കം നൽകാനും സഹായിക്കുന്ന തികച്ചും പ്രകൃതിദത്തമായ ഒന്നാണിത്. ഏത് തരം മുടിയുള്ളവർക്കും ഇത് ഉപയോഗിക്കാം.
- കാൽ കപ്പ് ഫ്ലാക്സ് സീഡ് രണ്ട് കപ്പ് വെള്ളത്തിൽ തിളപ്പിക്കുക.
- 8-10 മിനിറ്റ് തുടർച്ചയായി ഇളക്കുമ്പോൾ വെള്ളം കൊഴുത്ത രൂപത്തിലാകും.
- ഇത് ഒരു കോട്ടൺ തുണി ഉപയോഗിച്ച് അരിച്ചെടുത്ത് ജെൽ രൂപത്തിലാക്കി മാറ്റുക. ഷാംപൂ ചെയ്യുന്നതിന് 30-40 മിനിറ്റ് മുമ്പ് ഈ ജെൽ തലയോട്ടിയിലും മുടിയിലും നന്നായി തേച്ചുപിടിപ്പിക്കുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്താൽ മുടിക്ക് നല്ല തിളക്കവും ആരോഗ്യവും ലഭിക്കും.
മറ്റ് പ്രകൃതിദത്ത കൂട്ടുകൾ
നെല്ലിക്കയും ഫ്ലാക്സ് സീഡും: നെല്ലിക്കയിലുള്ള വിറ്റാമിൻ സി കൊളാജൻ ഉത്പാദനം വർധിപ്പിക്കുന്നു. രാവിലെ നെല്ലിക്ക ജ്യൂസും പ്രഭാതഭക്ഷണത്തിന് ശേഷം ഫ്ലാക്സ് സീഡ് വെള്ളവും കുടിക്കുന്നത് പുതിയ മുടി വളരാൻ സഹായിക്കും.
കറ്റാർവാഴയും ഫ്ലാക്സ് സീഡും: ഫ്ലാക്സ് സീഡ് ജെല്ലും കറ്റാർവാഴയുടെ പൾപ്പും ചേർത്ത് ഹെയർ മാസ്ക് ആയി ഉപയോഗിക്കുന്നത് താരൻ അകറ്റാനും മുടി വേഗത്തിൽ വളരാനും സഹായിക്കും.
എത്രത്തോളം കഴിക്കാം? എപ്പോൾ കഴിക്കണം?
ഏതൊരു കാര്യവും അമിതമായാൽ ദോഷമാണ്. ദിവസവും ഒന്ന് അല്ലെങ്കിൽ രണ്ട് ടേബിൾ സ്പൂൺ ഫ്ലാക്സ് സീഡ് കഴിക്കുന്നതാണ് ഏറ്റവും അനുയോജ്യം. രാവിലെ വെറും വയറ്റിലോ പ്രഭാതഭക്ഷണത്തിനൊപ്പമോ കഴിക്കുന്നതാണ് ഏറ്റവും മികച്ചത്. വൈകുന്നേരം ചായയ്ക്കൊപ്പം വറുത്ത ഫ്ലാക്സ് സീഡ് ഒരു ഹെൽത്തി സ്നാക്ക് ആയി കഴിക്കുന്നതും നല്ലതാണ്.
മുടി വളർച്ച എന്നത് പെട്ടെന്ന് നടക്കുന്ന ഒന്നല്ല. കുറഞ്ഞത് ആറ് മുതൽ എട്ട് ആഴ്ച വരെയെങ്കിലും കൃത്യമായി ഈ ശീലം പിന്തുടർന്നാൽ മാത്രമേ വ്യക്തമായ മാറ്റങ്ങൾ കണ്ടുതുടങ്ങുകയുള്ളൂ. അതിനാൽ ക്ഷമയോടെ കാത്തിരിക്കുക.
(ഈ ലേഖനം പൊതുവായ വിവരങ്ങൾ നൽകാൻ മാത്രമുള്ളതാണ്. പുതിയ ഡയറ്റുകൾ ആരംഭിക്കുന്നതിന് മുമ്പ്, പ്രത്യേകിച്ചും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർ ഒരു ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.)
Adjust Story Font
16

