Quantcast

ചായക്കൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കാറുണ്ടോ? എങ്കിൽ മുട്ടൻ പണികിട്ടും

ചായക്കൊപ്പം ഈ കോമ്പിനേഷനുകൾ ദഹനപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം

MediaOne Logo
ചായക്കൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കാറുണ്ടോ? എങ്കിൽ മുട്ടൻ പണികിട്ടും
X

ചായ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. രാവിലെ ഉണരുമ്പോഴോ വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോഴോ ഒരു കപ്പ് ചായ കിട്ടിയില്ലെങ്കിൽ ബുദ്ധിമുട്ട് തോന്നുന്നവരായിരിക്കും നമ്മളിൽ പലരും. ചിലർക്ക് ദിവസവും നാല് നേരമെങ്കിലും ചായ കിട്ടിയില്ലെങ്കിൽ അസ്വസ്ഥത തോന്നുന്നവരുമുണ്ട്. എന്നാൽ, ചില ഭക്ഷണങ്ങൾക്കൊപ്പം ചായ കുടിച്ചാൽ നല്ല മുട്ടൻ പണി തന്നെ കിട്ടും. വയറിന് അസ്വസ്ഥതയും ദഹനപ്രശ്നങ്ങളും ഉണ്ടാക്കാൻ കാരണമായേക്കാം. ചായയ്ക്കൊപ്പം ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണ കോമ്പിനേഷനുകൾ ഏതൊക്കെയാണെന്ന് നോക്കാം.

എരിവും മസാലയും നിറഞ്ഞ ഭക്ഷണങ്ങൾ

വെളുത്തുള്ളി, സവാള, എരിവുള്ള സോസുകൾ, കറികൾ, എരിവേറിയ ബജ്ജി/പക്കോഡ എന്നിവ ചായയ്ക്കൊപ്പം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇത് ചായയുടെ യഥാർഥ രുചിയും സുഗന്ധവും നശിപ്പിക്കും. ശരീരത്തിന് നല്ലതുമല്ല.

ചെറുനാരങ്ങയും സിട്രസ് പഴങ്ങളും

പാൽച്ചായയിൽ നാരങ്ങാനീര് ചേർക്കുന്നതോ, ചായ കുടിച്ചയുടൻ നാരങ്ങയടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതോ ചിലരിൽ അസിഡിറ്റി, ഗ്യാസ്, വയറിളക്കം എന്നിവയ്ക്ക് കാരണമായേക്കാം. അതിനാൽ ഇത് ഒഴിവാക്കണം.

ചോക്ലേറ്റും മധുരപലഹാരങ്ങളും

ചായയ്ക്കൊപ്പം ചോക്ലേറ്റോ മധുരപലഹാരങ്ങളോ കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. അമിതമായ മധുരത്തിന് ഇത് ഇടയാക്കും. കൂടെ ചായയുടെ രുചി ഇല്ലാതാക്കും. ചോക്ലേറ്റ് കഴിക്കാൻ ആഗ്രഹമുണ്ടെങ്കിൽ പാൽച്ചായയ്ക്ക് പകരം ബ്ലാക്ക് ടീ തിരഞ്ഞെടുക്കുന്നതാവും ഏറ്റവും ഉചിതം.

മഞ്ഞൾ അടങ്ങിയ ഭക്ഷണങ്ങൾ

കൂടുതൽ അളവിൽ മഞ്ഞൾ അടങ്ങിയ ഭക്ഷണങ്ങൾ ചായ കുടിക്കുന്നതിനൊപ്പം കഴിക്കുന്നത് ഒഴിവാക്കണം. ചായയിലെയും മഞ്ഞളിലെയും ചില ഘടകങ്ങൾ തമ്മിൽ പ്രവർത്തിക്കുന്നത് വയറിന് അസ്വസ്ഥതയുണ്ടാക്കാൻ കാരണമായേക്കാം.

തണുത്ത വെള്ളവും ഐസ്ക്രീമും

ചൂടുചായ കുടിച്ചയുടൻ തണുത്ത വെള്ളം കുടിക്കുന്നതോ ഐസ്ക്രീം പോലുള്ള തണുത്ത ഭക്ഷണങ്ങൾ കഴിക്കുന്നതോ ശരീരത്തിന് നല്ലതല്ല. പല്ലുകൾക്ക് പുളിപ്പ്, അസിഡിറ്റി, ഗ്യാസ് തുടങ്ങിയ ദഹനപ്രശ്നങ്ങൾക്ക് ഇത് വഴി വെച്ചേക്കാം. വെള്ളം കുടിക്കണമെന്നുണ്ടെങ്കിൽ ചായ കുടിക്കുന്നതിന് മുമ്പ് കുടിക്കുന്നതാണ് ഏറ്റവും നല്ലത്.

TAGS :

Next Story