Quantcast

ഈ ഭക്ഷണസാധനങ്ങള്‍ ഫ്രീസറില്‍ സൂക്ഷിക്കരുത്.. കാരണമിതാണ്

ചില ഭക്ഷണ സാധനങ്ങള്‍ ഫ്രീസറില്‍ സൂക്ഷിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും

MediaOne Logo

Web Desk

  • Published:

    17 Jun 2025 11:28 AM IST

ഈ ഭക്ഷണസാധനങ്ങള്‍ ഫ്രീസറില്‍ സൂക്ഷിക്കരുത്.. കാരണമിതാണ്
X

അടുക്കളയിൽ അനിവാര്യമായിക്കഴിഞ്ഞ ഇലക്ട്രോണിക് ഉപകരണമായി ഫ്രിഡ്ജ് മാറിയിട്ടുണ്ട്. ഭക്ഷണ സാധനങ്ങൾ കേടുപാടില്ലാതെ ദിവസങ്ങളോളം സൂക്ഷിക്കാനും,പാകം ചെയ്ത ഭക്ഷണം സൂക്ഷിക്കാനുമെല്ലാം ഫ്രിഡ്ജ് ഏറെ ഉപകാര പ്രദമാണ്. എന്നുകരുതി എല്ലാ ഭക്ഷണസാധനങ്ങളും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല. ഫ്രീസറിൽ സൂക്ഷിക്കാൻ പാടില്ലാത്ത വസ്തുക്കളുമുണ്ട്. ഫ്രീസറിൽ ഒരിക്കലും വയ്ക്കാൻ പാടില്ലാത്ത ചില ഭക്ഷണ സാധനങ്ങളെക്കുറിച്ചറിയാം..


മുട്ട

പാകം ചെയ്യാത്ത മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കാനായി പാടില്ല.ഫ്രിസറിൽവെച്ച് തണുപ്പിച്ചാൽ മുട്ടയുടെ ഉൾഭാഗം വികസിക്കുകയും തോട് പൊട്ടിപ്പോകുകയും ചെയ്യും. മുട്ട ഫ്രീസ് ചെയ്യുന്നത് മൂലം ഉള്ളിലെ മഞ്ഞക്കുരു കട്ടിയായി മാറുകയും ചെയ്യും.


മയോണൈസ്

ഇന്നത്തെ കാലത്ത് മിക്ക അടുക്കളയിലും ഇടം പിടിച്ചു കഴിഞ്ഞ ഒന്നാണ് മയോണൈസ്. സാൻവിച്ചുകളിലും സ്‌നാകുകളിലുമെല്ലാം ഡിപ്പായി മയോണൈസ് ചേർക്കാറുണ്ട്. എന്നാൽ മയോണൈസ് കൂടുതൽ കാലം കേടുവരാതിരിക്കാൻ വേണ്ടി ഫ്രീസറിൽ സൂക്ഷിക്കാമെന്ന് കരുതരുത്... ഇങ്ങനെ ചെയ്യുമ്പോൾ മയോണൈസിലെ എണ്ണയും മുട്ടയുടെ മഞ്ഞക്കരുവും വേർപിരിയാൻ ഇടയുണ്ട്.

മസാലപ്പൊടികൾ

മലയാളികളെ സംബന്ധിച്ചിടത്തോളം മസാലപ്പൊടികൾ ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. മുളകും മല്ലിയും മഞ്ഞളുമെല്ലാം വലിയ അളവിൽ പൊടിച്ചാണ് മിക്കവരും സൂക്ഷിക്കാറുള്ളത്.എന്നാൽ ബാക്കി വരുന്ന പൊടികൾ കേടുവരാതിരിക്കാൻ ഫ്രീസറിൽ സൂക്ഷിക്കാമെന്ന് കരുതേണ്ട.കാരണം അതിന്റെ ഗുണങ്ങളാകെ നഷ്ടപ്പെടാൻ ഇത് കാരണമാകും. മസാലകൾ കയ്പ് രുചിയുള്ളതാവാനും സാധ്യതയുണ്ട്. കൂടാതെ വെളുത്തുള്ളിയരച്ചതും പച്ചമുളകും ഗ്രാമ്പുവും ഫ്രീസറിൽ സൂക്ഷിക്കുന്നതും അതിന്റെ രുചിയും ഗുണവും നഷ്ടമാകാനും ഇടയുണ്ട്.


ഉരുളക്കിഴങ്ങ്

വേവിച്ച ഉരുളക്കിഴങ്ങ് ഫ്രീസറിൽ വയ്ക്കുന്നതിൽ കുഴപ്പമില്ല. പാകം ചെയ്ത ഉരുളക്കിഴങ്ങ് എയർടൈറ്റ് ബാഗിലാക്കി ഒട്ടിച്ച് വീണ്ടും ഫ്രീസ് ചെയ്യാവുന്നതാണ്.എന്നാൽ വേവിക്കാത്ത ഉരുളക്കിഴങ്ങിൽ ധാരാളം വെള്ളം അടങ്ങിയിട്ടുണ്ട്. അതിനാൽ അത് ഫ്രീസ് ചെയ്യുമ്പോൾ ഉരുളക്കിഴങ്ങിന്റെ ഘടനയെ ബാധിക്കും.


ചീസ്

ചീസ് ഫ്രീസറിൽ സൂക്ഷിക്കുന്നത് അതിന്റെ ഘടന നഷ്ടപ്പെടാൻ ഇടയാക്കും. പെട്ടന്ന് പൊടിഞ്ഞുപോകുകയും മുറിക്കുന്ന സമയത്ത് ചീസ് കട്ട മുഴുവനായി അടർന്നുപോകുകയും ചെയ്യും.


ടിന്നിലടച്ച പാനീയങ്ങൾ

ടിന്നിലടച്ച ശീതളപാനീയങ്ങൾ ഫ്രീസറിൽ സൂക്ഷിക്കുന്നത് അത് പൊട്ടിത്തെറിക്കാൻ കാരണമാകും. ഇത് ഫ്രീസറിലാകെ പരക്കുകയും ഫ്രിഡ്ജിലെ മറ്റ് ഭക്ഷണസാധനങ്ങൾ നാശമാക്കാനും ഇടയാക്കും. ശീതളപാനീയങ്ങൾ ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുകയോ ഐസ് ക്യൂബിടുകയോ ചെയ്യുന്നതാണ് എപ്പോഴും നല്ലത്.


വറുത്ത ഭക്ഷണങ്ങൾ

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒരിക്കലും ഫ്രീസറിൽ സൂക്ഷിക്കരുത്. ഇങ്ങനെ ചെയ്യുന്നത് വഴി അതിന്റെ സ്വാദ് നഷ്ടപ്പെടാം. കൂടുതൽ സ്വാദ് കിട്ടണമെങ്കിൽ വറുക്കുന്ന സമയത്ത് തന്നെ കഴിക്കാനായി ശ്രദ്ധിക്കുക.

കാപ്പിക്കുരു

കാപ്പിപ്പൊടിയും കാപ്പിക്കുരുവും കൂടുതൽ കാലം കേടുവരാതിരിക്കാനായി ഫ്രീസറിൽ സൂക്ഷിക്കുന്നവരുണ്ട്. എന്നാൽ കാപ്പിപ്പൊടി കേടുവരാതിരിക്കുമെങ്കിലും ഫ്രീസറിൽ വെക്കുന്നത് അതിന്റെ ഗുണത്തെ കാര്യമായി ബാധിക്കും. കാപ്പിക്കുരു ഫ്രീസ് ചെയ്യുന്നത് അതിന്റെ സുഗന്ധത്തെയും രുചിയെയും ബാധിക്കും.

TAGS :

Next Story