Quantcast

നല്ല സ്പർശനവും ചീത്ത സ്പർശനവും എങ്ങനെ കുട്ടികളെ പഠിപ്പിക്കാം?

കുട്ടിക്ക് മൂന്നു വയസാകുമ്പോൾ മുതൽ നല്ല സ്പർശനവും ചീത്ത സ്പർശനവും തിരിച്ചറിയാൻ പഠിപ്പിച്ചു കൊടുക്കാം

MediaOne Logo

Web Desk

  • Published:

    14 Jun 2022 11:58 AM IST

നല്ല സ്പർശനവും ചീത്ത സ്പർശനവും എങ്ങനെ കുട്ടികളെ പഠിപ്പിക്കാം?
X

ആരെയും വിശ്വസിക്കാന്‍ പറ്റാത്ത കാലമാണ്. കുട്ടികളെപ്പോലും ലൈംഗികമായി ഉപദ്രവിക്കാന്‍ മടിയില്ലാത്തവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാലം. വീട്ടിനുള്ളില്‍ പോലും കുഞ്ഞുങ്ങള്‍ സുരക്ഷിതരല്ല. ഈ സാഹചര്യത്തില്‍ നമ്മുടെ കുട്ടികളെ 'Good Touch & Bad Touch'പഠിപ്പിക്കേണ്ടതുണ്ട്.

കണക്കുകൾ നോക്കിയാൽ, ഇന്ത്യയിൽ 18 വയസിന് താഴെ പീഡിപ്പിക്കപ്പെടുന്ന കുട്ടികളുടെ സംഖ്യ 50%ലും കൂടുതലാണ്. എത്ര ഭയാനകമാണെന്ന് ഓർത്ത് നോക്കുക, രണ്ട് കുട്ടികളിൽ ഒരാൾ!!! കുട്ടികൾക്ക് കൂടുതലും പീഡനം ഏറ്റുവാങ്ങേണ്ടി വരുന്നത് അവർക്ക് പരിചയമുള്ളവരിൽ നിന്ന് തന്നെയാണ്. 60 ശതമാനത്തിലധികം കേസുകളിൽ വില്ലന്മാർ ബന്ധുക്കൾ, കുടുംബസുഹൃത്തുക്കളും അയൽക്കാരും ബേബിസിറ്റർമാരുമാണ്. 10 ശതമാനം താഴെ മാത്രമാണ് പ്രതിസ്ഥാനത്ത് അപരിചിതർ വരുന്നുള്ളൂ. കുഞ്ഞുങ്ങൾ അത് ആൺകുട്ടിയാണെങ്കിലും പെൺകുട്ടിയാണെങ്കിലും ചൂഷണം ചെയ്യപ്പെടാം..

നല്ല സ്പർശനവും ചീത്ത സ്പർശനവും എങ്ങനെ കുട്ടികളെ പഠിപ്പിക്കാം?

കുട്ടിക്ക് മൂന്നു വയസാകുമ്പോൾ മുതൽ നല്ല സ്പർശനവും ചീത്ത സ്പർശനവും തിരിച്ചറിയാൻ പഠിപ്പിച്ചു കൊടുക്കാം. ശാരീരിക ചൂഷണങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനും ഇതു സഹായിക്കും. ഒരു പാവയെ കാണിച്ച് ലളിതമായി പറഞ്ഞുകൊടുക്കാം. പാവയുടെ മുഖം ത്രികോണത്തിന്റെ മുകളറ്റവും കാൽമുട്ട് ത്രികോണത്തിന്റെ താഴ്ഭാഗവും ആണെന്നു കരുതുക. ത്രികോണത്തിന്റെ ഉള്ളിൽ വരുന്ന ഭാഗങ്ങളിൽ (ചുണ്ടുകള്‍, നെഞ്ച്, കാലിനിടയില്‍ ഉള്ള ഭാഗം, പിന്‍വശം) തൊടാനോ തലോടാനോ സമ്മതിക്കരുത്. അത് ചീത്ത സ്പർശനമാണ് എന്നു പറഞ്ഞു മനസ്സിലാക്കിക്കുക.

കുളിപ്പിക്കുമ്പോള്‍ അമ്മമാരല്ലാതെ ആരെങ്കിലും ഈ ഭാഗങ്ങളിൽ തൊടാൻ ശ്രമിച്ചാല്‍ മാതാപിതാക്കളോടോ ടീച്ചറോടോ ഈ വിവരം ഉടന്‍ തന്നെ അറിയിക്കുക എന്നതും കുട്ടിയെ ധരിപ്പിക്കുക. ഒരൊറ്റ അടിസ്ഥാന നിയമം വയ്ക്കുക. ഈ അങ്കിളാണെങ്കിൽ കുഴപ്പമില്ല, ആ അങ്കിളാണെങ്കിൽ വേണ്ട എന്നിങ്ങനെയുള്ള തരംതിരിവുകൾ ഈ പ്രായത്തിൽ കുട്ടികൾക്ക് മനസ്സിലാകണമെന്നില്ല.

ഇത്തരം അപകടങ്ങൾ എങ്ങനെ ഒഴിവാക്കാം?

1. അടുപ്പമുള്ള എല്ലാവരോടും കുഞ്ഞ് ശാരീരികമായി അടുത്തിടപഴകണമെന്ന് ശഠിക്കാതിരിക്കുക. ഉമ്മ വയ്ക്കാനും കെട്ടി പിടിക്കാനും നിർബന്ധിച്ചു ചെയ്യിപ്പിക്കരുത്‌.

2. ജീവിതത്തിൽ എത്ര വലിയ പ്രശ്നങ്ങളുണ്ടായാലും ഒപ്പം നിൽക്കാൻ എന്നും അച്ഛനുമമ്മയുമുണ്ടാവും എന്ന് അവരോട് വീണ്ടും വീണ്ടും പറഞ്ഞു കൊടുക്കുക.

3. എന്തുകാര്യവും തുറന്നു പറയാൻ പറ്റുന്ന ഒരു അന്തരീക്ഷം വീട്ടിൽ സൃഷ്ടിക്കുക. ഏതെങ്കിലും മോശപ്പെട്ട സാഹചര്യത്തിൽ അവരെ കണ്ടാൽ പോലും കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൂടെ നിർത്തുക.

4. എത്ര അടുപ്പമുള്ളവരോട് ഇടപെടേണ്ടി വന്നാലും മനസുകൊണ്ടും ശരീരംകൊണ്ടും ഒരു നിശ്ചിത അകലം പാലിക്കാൻ പറഞ്ഞു കൊടുക്കുക

5. ഈ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ലൈംഗിക ചൂക്ഷണം സംശയിക്കാം : പെട്ടെന്ന് സ്കൂളില്‍ പോകാന്‍ മടി, സംസാരിക്കുമ്പോള്‍ വിക്കല്‍, പഠനത്തില്‍ പെട്ടെന്നു താല്‍പ്പര്യം കുറയുക, പെട്ടെന്ന് ദേഷ്യംവരിക, അപരിചിതരെ കാണുമ്പോള്‍ ഭയം, എപ്പോഴും വിഷാദം, കാരണമില്ലാതെ കരയുക, കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവുകളോ പാടുകളോ കാണുക.

6. ചെറുപ്രായത്തില്‍ത്തന്നെ ശരീരഭാഗങ്ങള്‍ പറയാന്‍ പഠിപ്പിക്കുകയും ശരിയായി വസ്ത്രധാരണം ചെയ്യാന്‍ പഠിപ്പിക്കുകയും വേണം.

7. സ്വന്തം പേരും രക്ഷിതാക്കളുടെ പേരും ഫോണ്‍ നമ്പരും പറയാന്‍ പഠിപ്പിക്കുക.

8. സ്കൂളിലേക്കുള്ള യാത്രയില്‍ ആരൊക്കെയാണ് ഒപ്പമുണ്ടാവുക, അവരുടെ പെരുമാറ്റം എങ്ങനെ എന്നുള്ള കാര്യങ്ങള്‍ രക്ഷിതാക്കള്‍ എല്ലാ ദിവസവും കുട്ടികളോട് ചോദിച്ചു അറിഞ്ഞിരിക്കണം.

9. ഒരു കുഞ്ഞിന്റെ കൂടെ തനിച്ച് വരുമ്പോൾ, ആ സൗകര്യം മുതലെടുത്തു ചെയ്യുന്നതാണ് പല പീഡനങ്ങളും. അത് പരമാവധി ഒഴിവാക്കുക..

10. സ്വകാര്യ ഭാഗങ്ങളെ സംബന്ധിക്കുന്ന ഒരു സംഭാഷണം വരുമ്പോൾ, അവരെ കളിയാക്കുന്നതും, എന്തോ വലിയ നാണക്കേട് പോലെ പറയുന്നതും നിർത്തണം. അവരുടെ ശരീരത്തിന്റെ മേലുള്ള പൂർണ്ണമായ അവകാശം അവർക്കാണെന്നും, കൺസെന്റ് ഇല്ലാതെ ആരും ആ സ്പേസിലേക്ക് കേറാൻ പാടില്ലെന്നും ചെറുപ്രായത്തിലേ കുഞ്ഞുങ്ങൾക്ക് ക്ലിയർ ആയിരിക്കണം.

Help Line Number: 1098

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാനുള്ള പ്രവണത ഒരു വിധത്തിലും ന്യായീകരിക്കാനാവുന്നതല്ല. അത് അതീവ ഗുരുതരമായ കുറ്റകൃത്യമായതിനാല്‍ കുറ്റവാളികൾ തീർച്ചയായും ശിക്ഷിക്കപ്പെടണം. നമ്മുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കുക.. ഈ വീഡിയോ കണ്ടതിനു ശേഷം സേവ് ചെയ്തു വയ്ക്കുക..ഉപകാരപ്പെടും. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്യുക. ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും.പല ജീവനുകളും രക്ഷിക്കാനായി നമുക്ക് കഴിയും.

കടപ്പാട്: ഡോ.ഡാനിഷ് സലിം

TAGS :

Next Story