Quantcast

ഇനിയൽപ്പം ഗ്രീൻ കോഫിയായാലോ?; ഗുണങ്ങളും ദോഷങ്ങളുമറിയാം...

ഗ്രീൻ കോഫിയിൽ ക്ലോറോജെനിക് ആസിഡുകൾ അടങ്ങിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    23 Dec 2025 12:24 PM IST

ഇനിയൽപ്പം ഗ്രീൻ കോഫിയായാലോ?; ഗുണങ്ങളും ദോഷങ്ങളുമറിയാം...
X

ആരോഗ്യം കൂടുതലായി ശ്രദ്ധിക്കുന്നവരെല്ലാം ഗ്രീന്‍ ടീക്ക് പിന്നാലെയാണ് .ശരീര ഭാരം കുറക്കുന്നതിനും ദഹനപ്രക്രിയ എളുപ്പത്തിലാക്കുന്നതിനും പ്രതിരോധ ശേഷിക്കും ഹൃദയാരോഗ്യത്തിനുമെല്ലാം ഗ്രീൻ ടീ നല്ലതാണ്.എന്നാലിപ്പോള്‍ ഗ്രീന്‍ ടീയേക്കാള്‍ ട്രെന്‍ഡിങ്ങായിരിക്കുകയാണ് ഗ്രീന്‍ കോഫി.. കാപ്പി ഒരുപാട് ഇഷ്ടമാണെങ്കിലും കഫീനെയും കലോറിയെക്കുറിച്ചും ആശങ്കയുള്ളതുകൊണ്ട് ചിലര്‍ അത് ഒഴിവാക്കാറുണ്ട്.എന്നാല്‍ ഈ ആശങ്കകളില്ലാതെ ഗ്രീന്‍ കോഫി കുടിക്കാം....

എന്താണ് ഗ്രീന്‍ കോഫി?

കാപ്പിച്ചെടിയിൽ നിന്ന് വിളവെടുക്കുന്ന സ്വാഭാവികവും വറുക്കാത്തതുമായ കാപ്പിക്കുരു കൊണ്ടാണ് ഗ്രീന്‍ കോഫി ഉണ്ടാക്കുന്നത്. സാധാരണ കാപ്പിക്കായി വറുത്ത കാപ്പിക്കുരുവാണ് എടുക്കാറുള്ളത്. വറുക്കാത്ത കാപ്പിക്കുരുവായതിനാല്‍ ഗ്രീന്‍ കോഫിക്ക് ഇളം പച്ച നിറമായിരിക്കും. വറുത്ത കാപ്പിക്കുരുവിന് ഒരു പ്രത്യേക ഗന്ധമായിരിക്കും.എന്നാല്‍ ഈ ഗന്ധം ഗ്രീന്‍ കോഫിക്ക് ഉണ്ടാകില്ല.കൂടാതെ കോഫിയില്‍ നിന്ന് വ്യത്യസ്തമായ രുചിയുമായിരിക്കും ഗ്രീന്‍ കോഫിക്ക്. കാപ്പിക്കുരു വറുക്കുന്ന സമയത്ത് ചില ആന്റിഓക്‌സിഡന്റുകള്‍ നഷ്ടമാകാറുണ്ട്.എന്നാല്‍ ഗ്രീന്‍ കോഫിയില്‍ ആന്റിഓക്‌സിഡന്റുകള്‍ ഒന്നും തന്നെ നഷ്ടമാകില്ല.

അടുത്തിടെ ക്രിക്കറ്റ് താരം സർഫറാസ് ഖാന്റെ പിതാവ് ഭക്ഷണക്രമത്തിൽ ഗ്രീൻ കോഫി ഉൾപ്പെടുത്തുന്നുണ്ടെന്ന് വെളിപ്പെടുത്തിയതോടെയാണ് ഗ്രീന്‍ കോഫി വീണ്ടും ചര്‍ച്ചയായത്. 28 കാരനായ സർഫറാസ് ഖാന്‍ 17 കിലോഗ്രാം ഭാരം കുറച്ചതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇതിന് പിനാലെയാണ് ഗ്രീന്‍ കോഫിയെക്കുറിച്ച് ആളുകള്‍ ചര്‍ച്ച ചെയ്തു തുടങ്ങിയത്.

ആരോഗ്യ ഗുണങ്ങള്‍ അറിയാം...

ഗ്രീൻ കോഫിയിൽ ക്ലോറോജെനിക് ആസിഡുകൾ അടങ്ങിയിട്ടുണ്ട്.ഇത് ശരീരഭാരം കുറക്കാന്‍ സഹായിക്കുമെന്നും ശരീരത്തിലെ കൊഴുപ്പുകളുടെയും കാർബോഹൈഡ്രേറ്റുകളുടെയും ആഗിരണം കുറക്കാന്‍ സഹായിക്കുമെന്നും ചില പഠങ്ങള്‍ പറയുന്നു.

ഭക്ഷണത്തിന് ശേഷം ഗ്രീന്‍ കോഫി കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാന്‍ സഹായിക്കുമെന്നും ചില പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കാപ്പിക്കുരു വറുക്കാത്തതിനാൽ പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. സാധാരണ കാപ്പിയെ അപേക്ഷിച്ച് ഗ്രീന്‍ കോഫിയില്‍ കഫീന്‍ വളരെ കുറച്ച് മാത്രമാണ് അടങ്ങിയിട്ടുണ്ട്. മൊത്തത്തിലുള്ള ഹൃദയാരോഗ്യത്തിന് ഗ്രീന്‍ കോഫി സഹായിക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു.

പാർശ്വഫലങ്ങൾ

ഗ്രീൻ കോഫിയിൽ കഫീൻ ചെറിയ രീതിയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ചിലര്‍ക്ക് ദഹന പ്രശ്നങ്ങളോ അല്ലെങ്കിൽ ഉറക്കക്കുറവോ പോലുള്ളവ അനുഭവപ്പെട്ടേക്കാം.. ഗർഭിണികളോ മുലയൂട്ടുന്നവരോ, രക്തസമ്മർദ്ദത്തിനോ പ്രമേഹത്തിനോ മരുന്നുകള്‍ കഴിക്കുന്നവർ, ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ എന്നിവർ ഗ്രീന്‍ കോഫി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കണം. ഇനി ആരോഗ്യമുള്ളവരാണെങ്കില്‍ പോലും ഒരു ദിവസം ഒന്നോ രണ്ടോ കപ്പിലധികം കുടിക്കരുതെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ഗ്രീൻ കോഫിയുടെ കൂടെ മഞ്ഞൾ, കറുവാപ്പട്ട, പുതിനയില, ഇഞ്ചി എന്നിവയിലേതെങ്കിലും ചേര്‍ക്കുന്നതും ആരോഗ്യ ഗുണങ്ങള്‍ വര്‍ധിപ്പിക്കും.

TAGS :

Next Story