ദഹനം മുതൽ വൃക്കയുടെ ആരോഗ്യം വരെ: പപ്പായ കുരു നിസ്സാരക്കാരനല്ല; വലിച്ചെറിയുന്നതിന് മുമ്പ് ഈ ആരോഗ്യ ഗുണങ്ങൾ അറിയൂ...
ദഹനം മെച്ചപ്പെടുത്താനും ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും പപ്പായ കുരുക്കൾ മാത്രം മതി

പോഷകങ്ങളാൽ സമ്പന്നമാണ് പപ്പായ. കറുമൂസ, പപ്പായ, കപ്പളങ്ങ തുടങ്ങിയ പല പേരുകളിലും അറിയപ്പെടുന്ന പപ്പായയുടെ പൾപ്പും ഇലയും മാത്രമല്ല കുരുവും ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ്. നമ്മളിൽ പലരും പപ്പായ പൾപ്പ് കഴിച്ചശേഷം കുരു ഉൾപ്പെടെ ഒന്നുകിൽ മുളപ്പിക്കും അല്ലെങ്കിൽ വലിച്ചെറിയാറാണ് പതിവ്. അറിയാതെയെങ്കിലും പൾപ്പിന്റെ കൂടെ കുരു കഴിച്ചുപോയാൽ അനുഭവപ്പെടുന്ന കയ്പ്പും നമ്മുക്കറിയാം.
എന്നാൽ ഇവയുടെ പോഷക ഗുണങ്ങളറിഞ്ഞാൽ നിങ്ങൾ ഇനി വെറുതെ കളയില്ല. ദഹനം മെച്ചപ്പെടുത്താനും ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും പപ്പായ കുരുക്കൾ മാത്രം മതി. പപ്പായ കുരുക്കളുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
കരളിൻ്റെ ആരോഗ്യം കാക്കും
ശരീരത്തിലെ വിഷാംശങ്ങളെ പുറംന്തള്ളുന്നത് കരളാണ്. പപ്പായ വിത്തുകളിലടങ്ങിയിരിക്കുന്ന ഗ്ലൂക്കോസിനോലേറ്റുകൾ, ആൽക്കലോയിഡുകൾ എന്നിവ കരളിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തി കരൾ കോശങ്ങളുടെ ഊർജം നിലനിർത്താൻ സഹായിക്കും.
ബാക്ടീരിയകൾക്കെതിരെ പൊരുതും
പപ്പായ കുരുക്കളിലടങ്ങിയിരിക്കുന്ന പ്രധാന ആൽക്കലോയ്ഡായ കാർപെയ്ൻ എന്ന ഘടകത്തിന് ബാക്ടീരിയകളെയും മറ്റും നശിപ്പിക്കാൻ സാധിക്കും. പ്രധാനമായും ഇ-കോളി ബാക്ടീരിയ, സാൽമൊണെല്ല തുടങ്ങിയ ബാക്ടീരിയകൾക്കെതിരെ പൊരുതാൻ പപ്പായ കുരുക്കൾക്ക് സാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
വൃക്കകളെ സംരക്ഷിക്കും
പപ്പായ കുരുക്കളിലെ ആൻ്റിഓക്‌സിഡൻ്റുകൾ വൃക്കകളുടെ വീക്കത്തിൽ നിന്നും ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്നും സംരക്ഷിക്കും. അതായത്, ശ്വസന പ്രക്രിയയിലും ഉപാപചയ പ്രവർത്തനങ്ങളിലും ശരീരം ഫ്രീ റാഡിക്കലുകളെ ഉത്പാദിപ്പിക്കാറുണ്ട്. ഇത് ശരീരത്തിലെ ഡിഎൻഎ, കോശങ്ങൾ പ്രോട്ടീനുകൾ എന്നിവയെ നശിപ്പിക്കാൻ ഇടവരുത്തും. ഇത് തടയാൻ പപ്പായ കുരുക്കൾ സഹായിക്കും.
ദഹനം മെച്ചപ്പെടുത്തും
ദഹനം എളുപ്പമാക്കുന്ന പാപ്പെയ്ൻ എന്ന എൻസൈമും ധാരാളം ഫൈബറും പപ്പായ കുരുക്കളിലുണ്ട്. കഴിക്കുന്നതിലൂടെ മലബന്ധം, വയറുവീർക്കൽ എന്നിവ അകറ്റി കുടലിൻ്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.
പപ്പായ കുരുക്കൾ എങ്ങനെ കഴിക്കാം?
ഇത്രയേറെ ആരോഗ്യഗുണങ്ങളുണ്ടെങ്കിലും അസഹനീയമായ കയ്പ്പുള്ള കുരു, എങ്ങനെ കഴിക്കുമെന്ന സംശയം പലർക്കുമുണ്ടാകും. കയ്പ്പുകൾ മാറ്റി കഴിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കാം. ഇതിനായി ഉണക്കി പൊടിച്ച് സ്മൂത്തികളിലോ സലാഡുകളിലോ അല്ലെങ്കിൽ തേൻ ചേർത്തോ മറ്റോ നമ്മുക്ക് കഴിക്കാവുന്നതാണ്. കൂടാതെ പൊടി തിളച്ച വെള്ളത്തിലിട്ട് 5-10 മിനിറ്റ് വെച്ചാൽ നല്ല ഉഗ്രൻ പപ്പായ സീഡ് ടീ ആയും കുടിക്കാം.
ശ്രദ്ധിക്കുക, മുതിർന്നവർക്ക് ഒരു ദിവസം കാൽ മുതൽ ഒരു ടീസ്പൂൺ വരെ ഉണക്കിയ പപ്പായ പൊടി ഉപയോഗിക്കാവുന്നതാണ്. തുടക്കത്തിൽ വളരെ കുറഞ്ഞ അളവിൽ മാത്രം കഴിച്ച് തുടങ്ങി പിന്നീട് കൂട്ടുന്നതാണ് നല്ലത്.
(ശ്രദ്ധിക്കുക: ഈ ലേഖനം പൊതുവായ വിവരങ്ങൾ നൽകാൻ മാത്രമുള്ളതാണ്. ഫിറ്റ്നസുമായി ബന്ധപ്പെട്ട നിങ്ങളുടെ വ്യക്തിപരമായ സംശയങ്ങൾക്ക് എപ്പോഴും അംഗീകൃത ട്രെയിനറുടെയോ ഡോക്ടറുടെയോ ഉപദേശം തേടുക.)
Adjust Story Font
16

