Quantcast

66-ാം വയസ്സിലും 40 വയസ്സിന്റെ ആരോഗ്യം; ഭക്ഷണരീതിയും 'ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ സ്മൂത്തി'യുടെ റെസിപ്പിയും പങ്കുവെച്ച് ഡോക്ടർ

പ്രായം കൂടുമ്പോഴും ശരീരവും മനസ്സും ചെറുപ്പമായി നിലനിർത്താൻ ഭക്ഷണത്തിന് കഴിയുമോ?

MediaOne Logo
66-ാം വയസ്സിലും 40 വയസ്സിന്റെ ആരോഗ്യം; ഭക്ഷണരീതിയും ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ സ്മൂത്തിയുടെ റെസിപ്പിയും പങ്കുവെച്ച് ഡോക്ടർ
X

പ്രായം കൂടുമ്പോഴും ശരീരവും മനസ്സും ചെറുപ്പമായി നിലനിർത്താൻ ഭക്ഷണത്തിന് കഴിയുമോ? ആരോഗ്യകരമായ ഭക്ഷണരീതിയിലൂടെ 40 വയസ്സിന് സമാനമായ ഊർജസ്വലത അനുഭവപ്പെടുന്നുവെന്ന് പറയുകയാണ് അമേരിക്കൻ ഫാമിലി ഫിസിഷ്യനും ഫങ്ഷണൽ മെഡിസിൻ വിദഗ്ധനുമായ ഡോ. മാർക്ക് ഹൈമൻ. 66-ാം വയസ്സിലും തന്റെ ആരോഗ്യവും ശാരീരികക്ഷമതയും നിലനിർത്താൻ പിന്തുടരുന്ന ഭക്ഷണക്രമവും പ്രഭാതത്തിൽ തയ്യാറാക്കുന്ന പ്രത്യേക ഗ്രീൻ സ്മൂത്തിയുടെ റെസിപ്പിയുമാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

എന്താണ് ഡോക്ടറുടെ 'റിവേഴ്‌സ് ഏജിങ്' ഡയറ്റ്?

ഫൈറ്റോ ന്യൂട്രിയന്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, നീർവീക്കത്തെ ചെറുക്കാൻ സഹായിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതാണ് ഡോ. ഹൈമന്റെ ഭക്ഷണരീതി. നമ്മൾ കഴിക്കുന്ന ഭക്ഷണം ശരീരത്തിലെ ആരോഗ്യവുമായി ബന്ധപ്പെട്ട ജീനുകളുടെ പ്രവർത്തനത്തെ സ്വാധീനിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

പ്രഭാതഭക്ഷണമായി പച്ചക്കറികൾ ചേർത്ത സ്ക്രാംബിൾഡ് മുട്ടയും പ്രത്യേക ഗ്രീൻ സ്മൂത്തിയുമാണ് അദ്ദേഹം കഴിക്കുന്നത്. പോളിഫിനോളുകൾ അടങ്ങിയ ഭക്ഷണങ്ങൾ ദിവസത്തിന്റെ തുടക്കത്തിൽ ഉൾപ്പെടുത്തുകയാണ് ലക്ഷ്യം.

ഉച്ചഭക്ഷണത്തിൽ വലിയൊരു സ്റ്റീക്ക് സാലഡാണ് ഉൾപ്പെടുന്നത്. പച്ചക്കറികളിൽ അടങ്ങിയ കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകൾ ശരീരത്തിന് ആഗിരണം ചെയ്യാൻ ഒലിവ് ഓയിൽ, അവക്കാഡോ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ലഘുഭക്ഷണമായി ധാന്യങ്ങൾ ചേർക്കാത്ത റോസ്മേരി സുക്കിനി ബ്രെഡാണ് തിരഞ്ഞെടുക്കുന്നത്. ഓർമശക്തിയുമായി ബന്ധപ്പെട്ട ഗുണങ്ങൾക്കായി റോസ്മേരിയും ഹൃദയാരോഗ്യത്തിനായി ഒലിവ് ഓയിലും ഇതിൽ ഉൾപ്പെടുത്തുന്നു.

രാത്രി ഭക്ഷണത്തിൽ ക്വിനോവയ്ക്കൊപ്പം മഞ്ഞളും ഇഞ്ചിയും ചേർത്ത ചിക്കനാണ്. ബീറ്റാ കരോട്ടിൻ, ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ എന്നിവയും ഈ ഭക്ഷണത്തിന്റെ ഭാഗമാണ്. ഡാർക്ക് ചോക്ലേറ്റാണ് മധുരത്തിനായി തിരഞ്ഞെടുക്കുന്നത്. നാരുകൾ, പ്രോട്ടീൻ, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണത്തിന് ശേഷമാണ് ഇത് കഴിക്കുന്നതെന്നും ഡോക്ടർ പറയുന്നു.

'ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ സ്മൂത്തി'

ഡോ. ഹൈമന്റെ പ്രഭാത ഭക്ഷണത്തിലെ പ്രധാന ആകർഷണമാണ് പച്ചക്കറികളും ഇലക്കറികളും ചേർത്തുള്ള ഗ്രീൻ സ്മൂത്തി. സാധാരണ സ്മൂത്തികളിൽ ഉപയോഗിക്കുന്ന മധുരമുള്ള പഴങ്ങൾക്ക് പകരം പോഷകസമൃദ്ധമായ ചേരുവകൾക്കാണ് ഇതിൽ പ്രാധാന്യം. തന്റെ പുസ്തകമായ 'Eat Fat, Get Thin'ൽ ഉൾപ്പെടുത്തിയിട്ടുള്ള റെസിപ്പിയാണിതെന്നും അദ്ദേഹം പറയുന്നു.

ആവശ്യമായ ചേരുവകൾ

  • ചെറുനാരങ്ങ – ഒന്ന് (നാലായി മുറിച്ചത്; തൊലി കളയേണ്ടതില്ല)
  • അവക്കാഡോ – ഒന്ന് (തൊലിയും കുരുവും നീക്കിയത്)
  • സെലറി – രണ്ട് തണ്ട്
  • ചീര – രണ്ട് കപ്പ്
  • ആരാണാവോ – അരക്കെട്ട്
  • മല്ലിയില – അരക്കെട്ട്
  • വെള്ളരിക്ക – ഒന്ന് (തൊലി കളയാതെ കഴുകിയത്)
  • എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ – ഒരു ടീസ്പൂൺ
  • ഉപ്പ് – ഒരു നുള്ള്
  • ആവശ്യത്തിന് വെള്ളം

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും മിക്സിയുടെ ജാറിലിട്ട് നന്നായി അരച്ചെടുക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് ഇഷ്ടമുള്ള കട്ടിയിൽ സ്മൂത്തി തയ്യാറാക്കാം. മധുരം കൂടുതൽ ഇഷ്ടമുള്ളവർക്ക് അൽപം ബെറികൾ കൂടി ചേർക്കാമെന്നും ഡോക്ടർ നിർദേശിക്കുന്നു.

എന്നാൽ, ഈ ഭക്ഷണക്രമം പിന്തുടരുന്നതിലൂടെ പ്രായം യഥാർഥത്തിൽ പിന്നോട്ടാക്കാനാകുമെന്നോ എല്ലാവർക്കും ഒരേ ഫലം ലഭിക്കുമെന്നോ ഉറപ്പില്ല. ഡോക്ടറുടെ സമൂഹമാധ്യമ പോസ്റ്റിലെ അവകാശവാദങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഓരോരുത്തരുടെയും ആരോഗ്യസ്ഥിതിക്കും പോഷകാവശ്യങ്ങൾക്കും അനുസരിച്ചായിരിക്കണം ഭക്ഷണക്രമം തീരുമാനിക്കേണ്ടത്. ആരോഗ്യപരമായ മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് വിദഗ്ധരുടെ ഉപദേശം തേടുന്നതും ഉചിതമാണ്.

TAGS :

Next Story