50 വയസ്സ് കഴിഞ്ഞ മൂന്ന് സ്ത്രീകളിൽ ഒരാൾക്ക് അസ്ഥി പൊട്ടലിന് സാധ്യത; നേരത്തേ തിരിച്ചറിയാൻ പുതിയ സ്കോർകാർഡ്
പ്രായം കൂടുന്നതിനനുസരിച്ച് അസ്ഥികളുടെ ബലം കുറയുന്നത് സ്വാഭാവികമാണ്

പ്രായം കൂടുന്നതിനനുസരിച്ച് അസ്ഥികളുടെ ബലം കുറയുന്നത് സ്വാഭാവികമാണ്. എന്നാൽ അസ്ഥികളുടെ സാന്ദ്രത കുറഞ്ഞ് അവ ദുർബലമാകുന്ന ഓസ്റ്റിയോപൊറോസിസ് പലപ്പോഴും ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെയാണ് മുന്നേറുന്നത്. ഒടുവിൽ ചെറിയൊരു വീഴ്ചയോ ആഘാതമോ പോലും അസ്ഥി പൊട്ടലിന് കാരണമാകാം. ഇന്ത്യയിൽ 50 വയസ്സിന് മുകളിലുള്ള മൂന്ന് സ്ത്രീകളിൽ ഒരാൾക്ക് ഓസ്റ്റിയോപൊറോസിസ് മൂലമുള്ള അസ്ഥി പൊട്ടലിന് സാധ്യതയുണ്ടെന്നാണ് ഇന്റർനാഷണൽ ഓസ്റ്റിയോപൊറോസിസ് ഫൗണ്ടേഷന്റെ (IOF) കണക്കുകൾ സൂചിപ്പിക്കുന്നത്.
2021-ലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഓരോ വർഷവും സ്ത്രീകളിൽ ഏകദേശം 14 ലക്ഷം ഓസ്റ്റിയോപൊറോസിസ് സംബന്ധമായ അസ്ഥി പൊട്ടലുകൾ സംഭവിക്കുന്നുണ്ട്. ഓസ്റ്റിയോപൊറോസിസ് ഇന്ത്യയിലെ മുതിർന്നവരിൽ 22.9 ശതമാനം പേരെ ബാധിക്കുന്നതായും ഏകദേശം 33 കോടി ആളുകൾ ഇതിന്റെ പരിധിയിൽ വരുന്നതായും ഓസ്റ്റിയോപൊറോസിസ് സൊസൈറ്റി ഓഫ് ഇന്ത്യ (OSI) കണക്കാക്കുന്നു. രോഗം മൂലമുള്ള അസ്ഥി പൊട്ടലുകൾ രാജ്യത്തിന് പ്രതിവർഷം 14,000–20,000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
എന്തുകൊണ്ട് സ്ത്രീകളിൽ സാധ്യത കൂടുതൽ?
ആർത്തവവിരാമത്തിന് ശേഷം ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറയുന്നത് അസ്ഥികളുടെ സാന്ദ്രത വേഗത്തിൽ കുറയാൻ ഇടയാക്കും. അതിനാൽ പ്രായം കൂടിയ സ്ത്രീകളിൽ ഓസ്റ്റിയോപൊറോസിസ് സാധ്യത വർധിക്കുന്നു. രോഗം തുടക്കത്തിൽ വ്യക്തമായ ലക്ഷണങ്ങൾ ഉണ്ടാക്കാത്തതിനാൽ പലരും അസ്ഥി പൊട്ടിയ ശേഷമായിരിക്കും പ്രശ്നം തിരിച്ചറിയുന്നത്.
പ്രത്യേകിച്ച് ഇടുപ്പെല്ല് പൊട്ടുന്നത് പ്രായമായവരുടെ ചലനശേഷിയെയും സ്വതന്ത്രമായി ജീവിക്കാനുള്ള കഴിവിനെയും ഗുരുതരമായി ബാധിക്കാം. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ ഉദ്ധരിച്ച്, ഓസ്റ്റിയോപൊറോസിസ് മൂലമുള്ള ഇടുപ്പെല്ല് പൊട്ടൽ സംഭവിക്കുന്നവരിൽ 25–30 ശതമാനം പേർ ചികിത്സ ലഭിച്ചിട്ടും ഒരു വർഷത്തിനുള്ളിൽ മരിക്കാമെന്ന് ഓസ്റ്റിയോപൊറോസിസ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. സുശ്രുത് ബഭുൽക്കർ ചൂണ്ടിക്കാട്ടുന്നു.
എന്താണ് പുതിയ ബോൺ ഹെൽത്ത് സ്കോർകാർഡ്?
ഓസ്റ്റിയോപൊറോസിസ് സാധ്യത നേരത്തേ തിരിച്ചറിയാൻ ഓസ്റ്റിയോപൊറോസിസ് സൊസൈറ്റി ഓഫ് ഇന്ത്യയും സൺ ഫാർമയും ചേർന്ന് 'ബോൺ ഹെൽത്ത് സ്കോർകാർഡ്' അവതരിപ്പിച്ചിരിക്കുകയാണ്. 'Why Wait? Till It Breaks' എന്ന ഒരു വർഷം നീളുന്ന ബോധവത്കരണ പദ്ധതിയുടെ ഭാഗമായാണ് ഈ സംരംഭം.
ഡോക്ടർമാർക്ക് രോഗിയുടെ ഓസ്റ്റിയോപൊറോസിസ് സാധ്യത പ്രാഥമികമായി വിലയിരുത്താനും തുടർപരിശോധന ആവശ്യമുള്ളവരെ തിരിച്ചറിയാനും സഹായിക്കുന്ന ഉപകരണമാണിത്. കാർഡ്ബോർഡ് ഉപയോഗിച്ച് നിർമിച്ച കറങ്ങുന്ന ചക്രത്തിന്റെ രൂപത്തിലാണ് സ്കോർകാർഡ് തയ്യാറാക്കിയിരിക്കുന്നത്.
എങ്ങനെയാണ് സ്കോർ കണക്കാക്കുന്നത്?
പ്രായം, ബോഡി മാസ് ഇൻഡക്സ് (BMI), കുടുംബത്തിലെ രോഗചരിത്രം, മറ്റ് ആരോഗ്യപ്രശ്നങ്ങൾ, പുകവലി, സ്റ്റിറോയ്ഡ് മരുന്നുകളുടെ ഉപയോഗം, സ്തനാർബുദ ചികിത്സ ഉൾപ്പെടെയുള്ള ചില കാൻസർ ചികിത്സകൾ തുടങ്ങിയ എട്ട് ഘടകങ്ങളാണ് സ്കോർകാർഡിൽ പരിഗണിക്കുന്നത്.
ഓരോ ഘടകത്തിനും അനുയോജ്യമായ ഉത്തരം തിരഞ്ഞെടുത്ത് ചക്രം തിരിക്കുമ്പോൾ അതിനുള്ള പോയിന്റ് ലഭിക്കും. എട്ട് ഘടകങ്ങളിലെയും പോയിന്റുകൾ കൂട്ടിയാണ് ആകെ സ്കോർ കണക്കാക്കുന്നത്.
ഉദാഹരണത്തിന്, പുകവലിക്കുന്ന ഒരാൾക്ക് ആ ഘടകത്തിൽ രണ്ട് പോയിന്റ് ലഭിക്കും. പുകവലിക്കാത്തവർക്ക് പൂജ്യം പോയിന്റാണ്. ആകെ സ്കോർ അനുസരിച്ച് വ്യക്തിയെ വിവിധ അപകടസാധ്യതാ വിഭാഗങ്ങളായി തിരിക്കും.
- 0–3 പോയിന്റ്: കുറഞ്ഞ അപകടസാധ്യത
- 12-ൽ കൂടുതൽ പോയിന്റ്: വളരെ ഉയർന്ന അപകടസാധ്യത
40 വയസ്സിന് ശേഷം ചെറിയ വീഴ്ചയോ നിസ്സാരമായ ആഘാതമോ മൂലം അസ്ഥി പൊട്ടിയിട്ടുണ്ടെങ്കിൽ, ആകെ സ്കോർ പരിഗണിക്കാതെ തന്നെ വ്യക്തിയെ വളരെ ഉയർന്ന അപകടസാധ്യതയുള്ള വിഭാഗത്തിൽ ഉൾപ്പെടുത്തും. ആരോഗ്യവാനായ ഒരാളുടെ അസ്ഥി സാധാരണയായി പൊട്ടാൻ ഇടയില്ലാത്ത തരത്തിലുള്ള ചെറിയ ആഘാതത്തിൽ സംഭവിക്കുന്ന പൊട്ടലിനെയാണ് ഫ്രാജിലിറ്റി ഫ്രാക്ചർ എന്ന് പറയുന്നത്.
ഉയർന്ന സ്കോർ ലഭിച്ചാൽ എന്തുചെയ്യണം?
സ്കോർകാർഡ് രോഗനിർണയത്തിനുള്ള ഉപകരണമല്ല; പ്രാഥമിക പരിശോധനയ്ക്കുള്ള മാർഗം മാത്രമാണ്. ഉയർന്നതോ വളരെ ഉയർന്നതോ ആയ സ്കോർ ലഭിക്കുന്നവർക്ക് ഡോക്ടറുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പരിശോധനകൾ ആവശ്യമായി വന്നേക്കാം.
അസ്ഥികളുടെ സാന്ദ്രത പരിശോധിക്കാൻ ഡിഎക്സ്എ (DXA/DEXA) സ്കാൻ അല്ലെങ്കിൽ ക്വാണ്ടിറ്റേറ്റീവ് കംപ്യൂട്ടഡ് ടോമോഗ്രഫി (QCT) നിർദേശിക്കാം. ആവശ്യമായ സാഹചര്യങ്ങളിൽ കാൽസ്യം, വിറ്റാമിൻ ഡി, പാരാതൈറോയ്ഡ് ഹോർമോൺ എന്നിവയുടെ അളവ് പരിശോധിക്കുന്ന രക്തപരിശോധനകളും നടത്താം.
ഇത്തരം പരിശോധനകൾക്ക് ചെലവ് കൂടുതലായതിനാൽ ഗ്രാമപ്രദേശങ്ങളിലുൾപ്പെടെ എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാകണമെന്നില്ല. എല്ലാവർക്കും സ്കാൻ നിർദേശിക്കുന്നതിന് പകരം, കൂടുതൽ പരിശോധനകൾ ആവശ്യമുള്ളവരെ കണ്ടെത്തുകയാണ് സ്കോർകാർഡിന്റെ ലക്ഷ്യമെന്ന് ഡോ. ബഭുൽക്കർ വിശദീകരിക്കുന്നു.
ഡോക്ടർമാരിലേക്കും പൊതുജനങ്ങളിലേക്കും എങ്ങനെ എത്തും?
ആദ്യഘട്ടത്തിൽ ജനറൽ പ്രാക്ടീഷണർമാർ ഉൾപ്പെടെയുള്ള ഡോക്ടർമാർക്ക് സ്കോർകാർഡ് പരിചയപ്പെടുത്താനാണ് പദ്ധതി. രാജ്യത്തെ 800 ജില്ലകളിലെ ഡോക്ടർമാരിലേക്ക് എത്തിക്കുകയാണ് പ്രാഥമിക ലക്ഷ്യമെന്ന് ഡോ. ബഭുൽക്കർ പറഞ്ഞു.
പിന്നീട് പൊതുജനങ്ങൾക്കും ഇത് ലഭ്യമാക്കും. 2026 ഡിസംബർ ആദ്യവാരത്തോടെ ഡിജിറ്റൽ പതിപ്പ് സൗജന്യമായി ഡോക്ടർമാർക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കുമെന്ന് സൺ ഫാർമയുടെ ഇന്ത്യ ബിസിനസ് സൂപ്പർ ക്ലസ്റ്റർ-II സി.ഇ.ഒ ജോസഫ് ജെറാൾഡ് അറിയിച്ചു. പ്രസ്താവന പുറത്തുവന്ന സമയത്ത് ഡിജിറ്റൽ പതിപ്പ് ലഭ്യമായിരുന്നില്ല.
സ്കോർകാർഡ് എന്താണ്?
സ്ക്രീനിങ് ടൂളിന് 95 ശതമാനത്തിലധികം സെൻസിറ്റിവിറ്റിയും സ്പെസിഫിസിറ്റിയുമുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. രോഗസാധ്യതയുള്ളവരെ ശരിയായി കണ്ടെത്താനുള്ള കഴിവിനെയാണ് സെൻസിറ്റിവിറ്റി എന്നു പറയുന്നത്. രോഗമില്ലാത്തവരെ ശരിയായി തിരിച്ചറിയാനുള്ള കഴിവാണ് സ്പെസിഫിസിറ്റി.
എന്നാൽ കുറഞ്ഞ സ്കോർ ലഭിച്ചതുകൊണ്ട് ഓസ്റ്റിയോപൊറോസിസ് ഇല്ലെന്ന് ഉറപ്പിക്കാനാവില്ല. അതുപോലെ ഉയർന്ന സ്കോർ ലഭിച്ചതുകൊണ്ട് രോഗം സ്ഥിരീകരിക്കപ്പെടുകയുമില്ല. ഡോക്ടറുടെ പരിശോധനയും ആവശ്യമായ തുടർപരിശോധനകളുമാണ് രോഗനിർണയത്തിനും ചികിത്സ തീരുമാനിക്കാനും നിർണായകം.
അസ്ഥികളുടെ ആരോഗ്യം പ്രായമായ ശേഷം മാത്രം ശ്രദ്ധിക്കേണ്ട ഒന്നല്ല. അപകടസാധ്യത നേരത്തേ തിരിച്ചറിയുകയും ആവശ്യമായ സമയത്ത് വൈദ്യസഹായം തേടുകയും ചെയ്യുന്നത് ഗുരുതരമായ അസ്ഥി പൊട്ടലുകൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സഹായിക്കും.
Adjust Story Font
16

