യാത്രയ്ക്കോ ആഘോഷത്തിനോ വേണ്ടി പിരീഡ്സ് വെെകി വരാനായി ഗുളിക കഴിക്കാറുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
ആർത്തവം വൈകിപ്പിക്കാൻ ഉപയോഗിക്കുന്ന ചില മരുന്നുകളിൽ പ്രൊജസ്റ്റിൻ വിഭാഗത്തിൽപ്പെട്ട ഹോർമോണുകളാണുള്ളത്

വിവാഹം, യാത്ര, പരീക്ഷ, ആഘോഷങ്ങൾ... പ്രധാനപ്പെട്ട ദിവസങ്ങളിൽ ആർത്തവം വരാതിരിക്കാൻ മുൻകൂട്ടി ഗുളിക കഴിക്കുന്നവരുണ്ട്. ചിലർ ആർത്തവം വൈകിപ്പിക്കാനുള്ള മരുന്നുകളെ പതിവ് പരിഹാരമായി കാണുമ്പോൾ മറ്റുചിലർ ക്രമരഹിതമായ ആർത്തവം നിയന്ത്രിക്കാനും ഇതേ രീതിയിൽ ഗുളികകൾ ഉപയോഗിക്കുന്നു. എന്നാൽ ഈ രണ്ട് സാഹചര്യങ്ങളും ഒരുപോലെയല്ല. ആർത്തവം താൽക്കാലികമായി മാറ്റിവെക്കുന്നതും ആർത്തവചക്രത്തിലെ ക്രമക്കേടിന് ചികിത്സ തേടുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്.
ആർത്തവം വൈകിപ്പിക്കാൻ ഉപയോഗിക്കുന്ന ചില മരുന്നുകളിൽ പ്രൊജസ്റ്റിൻ വിഭാഗത്തിൽപ്പെട്ട ഹോർമോണുകളാണുള്ളത്. ശരീരത്തിലെ ഹോർമോൺ പ്രവർത്തനത്തെ സ്വാധീനിച്ചാണ് ഇവ ആർത്തവം വൈകിപ്പിക്കുന്നത്. എന്നാൽ ഏത് മരുന്ന് എത്ര അളവിൽ, എത്ര ദിവസം കഴിക്കണം എന്നത് വ്യക്തിയുടെ ആരോഗ്യസ്ഥിതിയും മെഡിക്കൽ പശ്ചാത്തലവും അനുസരിച്ചാണ് തീരുമാനിക്കേണ്ടത്. ഗർഭനിരോധന ഗുളികകളും ആർത്തവം വൈകിപ്പിക്കാൻ ഉപയോഗിക്കുന്ന മരുന്നുകളും ഒരുപോലെയാണെന്ന് കരുതരുത്.
ആർത്തവം വൈകിപ്പിക്കുന്നതും ക്രമരഹിതമായ ആർത്തവവും രണ്ടാണ്
പ്രത്യേക സാഹചര്യത്തിൽ ആർത്തവം കുറച്ചുദിവസം വൈകിപ്പിക്കണമെന്നത് ഒരു ആവശ്യമാണ്. എന്നാൽ മാസങ്ങളായി ആർത്തവം കൃത്യമായി വരാത്തത് മറ്റൊരു ആരോഗ്യപ്രശ്നത്തിന്റെ സൂചനയായിരിക്കാം. പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം (PCOS), തൈറോയ്ഡ് വ്യതിയാനങ്ങൾ, അമിതമായ സമ്മർദം, ശരീരഭാരത്തിലെ മാറ്റങ്ങൾ, മറ്റ് ഹോർമോൺ പ്രശ്നങ്ങൾ എന്നിവ ആർത്തവചക്രത്തെ ബാധിക്കാം.
ഇത്തരം സാഹചര്യങ്ങളിൽ ആർത്തവം വരുത്താനോ വൈകിപ്പിക്കാനോ സ്വയം ഗുളിക കഴിക്കുന്നത് യഥാർഥ കാരണം കണ്ടെത്താൻ സഹായിക്കില്ല. പകരം രോഗനിർണയം വൈകാൻ ഇടയാക്കാം. ആർത്തവം ക്രമരഹിതമാകുന്നതിന്റെ കാരണം കണ്ടെത്തിയ ശേഷമാണ് അനുയോജ്യമായ ചികിത്സ തീരുമാനിക്കേണ്ടത്.
എല്ലാവർക്കും ഒരേ ഗുളിക സുരക്ഷിതമാകണമെന്നില്ല
ഹോർമോൺ മരുന്നുകൾ ഉപയോഗിക്കുന്നതിന് മുമ്പ് വ്യക്തിയുടെ ആരോഗ്യചരിത്രം പരിശോധിക്കേണ്ടതുണ്ട്. രക്തക്കട്ടകൾ ഉണ്ടായിട്ടുള്ളവർ, ചില കരൾരോഗങ്ങളുള്ളവർ, വിശദമായ പരിശോധന ആവശ്യമായ മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവർക്ക് ചില ഹോർമോൺ മരുന്നുകൾ അനുയോജ്യമാകണമെന്നില്ല. തലവേദന, ഓക്കാനം, സ്തനങ്ങളിൽ അസ്വസ്ഥത, ഇടയ്ക്കുള്ള രക്തസ്രാവം തുടങ്ങിയ പാർശ്വഫലങ്ങളും ചിലരിൽ ഉണ്ടാകാം.
പ്രത്യേകിച്ച് ഈസ്ട്രജൻ അടങ്ങിയ ചില ഹോർമോൺ ഗർഭനിരോധന മാർഗങ്ങളിൽ രക്തക്കട്ടയ്ക്കുള്ള സാധ്യതയുണ്ട്. എന്നാൽ എല്ലാ ആർത്തവം വൈകിപ്പിക്കുന്ന ഗുളികകൾക്കും ഒരേ അപകടസാധ്യതയാണെന്ന് പറയാനാവില്ല. ഉപയോഗിക്കുന്ന മരുന്നിന്റെ ഘടകങ്ങളും വ്യക്തിയുടെ ആരോഗ്യസ്ഥിതിയും അനുസരിച്ച് അപകടസാധ്യത മാറും.
എപ്പോൾ ഡോക്ടറെ കാണണം?
ആർത്തവം പതിവായി ക്രമം തെറ്റുക, മാസങ്ങളോളം പിരീഡ്സ് വരാതിരിക്കുക, അമിത രക്തസ്രാവം, കടുത്ത വയറുവേദന, ആർത്തവങ്ങൾക്കിടയിൽ രക്തസ്രാവം എന്നിവയുണ്ടെങ്കിൽ ഗൈനക്കോളജിസ്റ്റിനെ സമീപിക്കണം. കാരണം കണ്ടെത്തുന്നതിനായി ആവശ്യമായ പരിശോധനകൾ നടത്തേണ്ടിവരും.
ആർത്തവം വൈകിപ്പിക്കാനുള്ള ഗുളികകൾ എല്ലാ സ്ത്രീകൾക്കും ഒരുപോലെ അപകടകരമാണെന്നോ ഒരിക്കലും ഉപയോഗിക്കരുതെന്നോ പറയാനാവില്ല. ചില സാഹചര്യങ്ങളിൽ ഡോക്ടറുടെ നിർദേശപ്രകാരം ഇവ ഉപയോഗിക്കാം. എന്നാൽ മറ്റൊരാൾ കഴിച്ച മരുന്ന് സ്വന്തം ശരീരത്തിനും സുരക്ഷിതമാണെന്ന് കരുതി ഉപയോഗിക്കരുത്. ആർത്തവചക്രത്തിലെ മാറ്റങ്ങൾ മനസിലാക്കി, ആവശ്യമായ വൈദ്യോപദേശം തേടുന്നതാണ് സുരക്ഷിതമായ വഴി.
Adjust Story Font
16

