നെഞ്ചിലെ അസഹനീയമായ വേദനയല്ല; ഹൃദയാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങൾ ഇതാണ്
സിനിമകളിൽ കാണുന്നതുപോലെ നെഞ്ചിൽ കൈവെച്ച് പെട്ടെന്ന് കുഴഞ്ഞുവീഴുന്ന രീതിയിലല്ല യഥാർഥ ജീവിതത്തിൽ പലർക്കും ഹൃദയാഘാതം സംഭവിക്കുന്നത്


ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണെന്ന് ഹൃദയമെന്ന് ആരോഗ്യവിദഗ്ധർ എപ്പോഴും ഓർമിപ്പിക്കാറുണ്ട്. എങ്കിലും ഇന്നും സ്ത്രീകളിലും പുരുഷന്മാരിലും ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്നത് ഹൃദ്രോഗങ്ങൾ തന്നെയാണ്. ഇന്ത്യൻ ഹാർട്ട് അസോസിയേഷന്റെ കണക്കുകൾ പ്രകാരം, 2020ൽ 30നും 60നും ഇടയിൽ പ്രായമുള്ള 19,238 പേരും, 2021ൽ 18നും 30നും ഇടയിലുള്ള 2,541 പേരുമാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്.
സിനിമകളിൽ കാണുന്നതുപോലെ നെഞ്ചിൽ കൈവെച്ച് പെട്ടെന്ന് കുഴഞ്ഞുവീഴുന്ന രീതിയിലല്ല യഥാർഥ ജീവിതത്തിൽ പലർക്കും ഹൃദയാഘാതം സംഭവിക്കുന്നത്. പലപ്പോഴും ചെറിയൊരു നെഞ്ചെരിച്ചിലായോ പേശിവേദനയായോ തെറ്റിദ്ധരിച്ച് ആളുകൾ ഈ ആദ്യ ലക്ഷണങ്ങളെ അവഗണിക്കുകയാണ് പതിവെന്ന് രാജ്കോട്ടിലെ എച്ച്സിജി ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റായ ഡോ. ദിനേഷ് രാജ് വ്യക്തമാക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ സമയം വളരെ വിലപ്പെട്ടതാണ്. എത്രയും വേഗം ലക്ഷണങ്ങൾ തിരിച്ചറിയുന്നുവോ, അത്രയും വേഗം ഹൃദയപേശികളെ നശിക്കാതെ സംരക്ഷിക്കാൻ സാധിക്കും.
ഏറ്റവും സാധാരണമായ ആദ്യ ലക്ഷണങ്ങൾ
ഭൂരിഭാഗം പേരിലും നെഞ്ചിലുണ്ടാകുന്ന അസ്വസ്ഥതകളാണ് ആദ്യ ലക്ഷണമായി കാണാറുള്ളത്. എന്നാൽ ഇത് പലപ്പോഴും ഒരു സൂചി കുത്തുന്നത് പോലെയുള്ള വേദനയായിരിക്കില്ല എന്ന് ഡോ. ദിനേഷ് വ്യക്തമാക്കുന്നു. പകരം താഴെ പറയുന്ന ബുദ്ധിമുട്ടുകളാണ് അനുഭവപ്പെടുക:
- നെഞ്ചിൽ വലിയൊരു ഭാരം കയറ്റിവെച്ചതുപോലെയോ, നെഞ്ച് വല്ലാതെ ഇറുകിപ്പിടിക്കുന്നതുപോലെയോ ഉള്ള തോന്നൽ
- നെഞ്ചിന്റെ മധ്യഭാഗത്തായി അനുഭവപ്പെടുന്ന വിങ്ങൽ അല്ലെങ്കിൽ ഭാരം
- ഏതാനും മിനിറ്റുകളോളം നീണ്ടുനിൽക്കുകയോ, അല്ലെങ്കിൽ വന്നും പോയുമിരിക്കുകയോ ചെയ്യുന്ന അസ്വസ്ഥതകൾ
ഹൃദയാഘാതം നെഞ്ചിനെ മാത്രമേ ബാധിക്കൂ എന്നത് തികച്ചും തെറ്റായ ഒരു ധാരണയാണ്. നാഡീവ്യൂഹങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇതിന്റെ ആദ്യ ലക്ഷണങ്ങൾ പ്രകടമാകാം. താഴെ പറയുന്ന ഭാഗങ്ങളിൽ അകാരണമായ അസ്വസ്ഥതകൾ തോന്നിയാൽ പ്രത്യേകം ശ്രദ്ധിക്കണം:
- ഇടതു കൈ: ഏറ്റവും സാധാരണമായ ലക്ഷണമാണിത്. എന്നാൽ ചിലപ്പോൾ ഇരു കൈകളിലും വേദന അനുഭവപ്പെടാം
- താടിയെല്ലും കഴുത്തും: പലപ്പോഴും ഇത് പല്ലുവേദനയായോ തൊണ്ടവേദനയായോ തെറ്റിദ്ധരിക്കപ്പെടാറുണ്ട്
- പുറം ഭാഗം: പ്രത്യേകിച്ച് രണ്ട് തോളെല്ലുകൾക്കും ഇടയിലായി അനുഭവപ്പെടുന്ന വേദന
അപകടകാരികളായ 'നിശബ്ദ' ലക്ഷണങ്ങൾ
സ്ത്രീകൾ, പ്രായമായവർ, പ്രമേഹരോഗികൾ എന്നിവരിൽ പലപ്പോഴും അസാധാരണമായ ലക്ഷണങ്ങളാകും പ്രകടമാകുക. ഇവർക്ക് ചിലപ്പോൾ നെഞ്ചുവേദന ഒട്ടും അനുഭവപ്പെട്ടില്ലെന്നും വരാം. പകരം ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക:
- യാതൊരു അധ്വാനവുമില്ലാതെ നിൽക്കുമ്പോൾ പോലും ഒരു വലിയ മാരത്തൺ ഓടിയതിന് സമാനമായി അനുഭവപ്പെടുന്ന കടുത്ത ക്ഷീണം
- ശാരീരികമായി യാതൊരു കാര്യങ്ങളും ചെയ്യാതിരിക്കുമ്പോൾ പോലുമുണ്ടാകുന്ന ശ്വാസതടസം
- ഓക്കാനം അല്ലെങ്കിൽ തണുത്ത വിയർപ്പ് (പലപ്പോഴും ഇത് ഫുഡ് പോയിസണിങ് ആണെന്നോ വൈറൽ പനിയാണെന്നോ ആളുകൾ തെറ്റിദ്ധരിക്കാറുണ്ട്)
പെട്ടെന്ന് എന്തെങ്കിലും അസാധാരണമായ അസ്വസ്ഥതകളോ വേദനയോ തോന്നിയാൽ, 'ഇത് തനിയെ മാറിക്കോളും' എന്ന് കരുതി കാത്തിരിക്കരുത്. ഒട്ടും സമയം കളയാതെ ഉടൻ തന്നെ അടിയന്തര വൈദ്യസഹായം തേടുക എന്നത് മാത്രമാണ് ജീവൻ രക്ഷിക്കാനുള്ള ഏറ്റവും മികച്ച മാർഗം.
(ഈ ലേഖനം പൊതുവായ വിവരങ്ങൾ നൽകാൻ മാത്രമുള്ളതാണ്. നെഞ്ചുവേദനയോ മറ്റ് ലക്ഷണങ്ങളോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഒരു ഡോക്ടറെയോ ആശുപത്രിയെയോ സമീപിക്കുക)
Adjust Story Font
16
